ഐ.എസ്.എല്ലിന്റെ പുതിയ സീസണിനായി ആവേശത്തോടെ കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചാണ് ഇന്ത്യന്‍ മിഡ്ഫീല്‍ഡറും ബ്ലാസ്റ്റേഴസിന്റെ മലയാളി സൂപ്പര്‍താരവുമായ സഹല്‍ അബ്ദുള്‍ സമദ് ടീം വിട്ടത്. ആറു വര്‍ഷങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സഹല്‍ ക്ലബില്‍ നിന്നും പടിയിറങ്ങിയതായി ബ്ലാസ്റ്റേഴ്‌സ്് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
നിലവിലെ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ജയന്റ് (എ.ടി.കെ മോഹന്‍ ബഗാന്‍) ടീമിലേക്കാണ് സഹല്‍ ചേക്കേറിയിരിക്കുന്നത്. സഹലുമായി കരാറൊപ്പിട്ട വിവരം മോഹന്‍ ബഗാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ബഗാനുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് 26 കാരനായ താരം ഒപ്പുവെച്ചിരിക്കുന്നത്. ഇതു പ്രകാരം 2028 വരെ ബഗാനോടൊപ്പം സഹലുണ്ടാവും.
സഹലിനെ കൈവിട്ട ബ്ലാസ്റ്റേഴ്‌സിനെതിരേ ആരാധകരോഷം ശക്തമാണ്. അതിനിടെ ബ്ലാസ്റ്റേഴ്സ് വിട്ട് ബഗാനോടൊപ്പം ചേരാനുള്ള കാരണത്തെക്കുറിച്ച് സഹല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. കരിയറില്‍ ഇതുവരെ ഐ.എസ്.എല്‍ ട്രോഫി നേടാന്‍ തനിക്കായിട്ടില്ലെന്നും ബഗാനോടൊപ്പം അതുള്‍പ്പെടെ നിരവധി കിരീടങ്ങള്‍ നേടുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
‘കുറച്ചു ദിവസം മുമ്പാണ് ഞാന്‍ വിവാഹിതനായത്. ഭാര്യ ഒരു ബാഡ്മിന്റണ്‍ താരം കൂടിയാണ്. മോഹന്‍ ബഗാന് വേണ്ടി സൈന്‍ ചെയ്തത് അവള്‍ക്ക് നല്‍കാവുന്ന ഏറ്റവും നല്ല വിവാഹ സമ്മാനമാണെന്ന് ഞാന്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐ.എസ്.എല്‍ ചാമ്പ്യന്‍മാരാണ് ബഗാന്‍. യൂറോപ ലീഗിലടക്കം കളിച്ച, രണ്ട് ലോകകപ്പ് താരങ്ങളടക്കം അവരുടെ ടീമിലുണ്ട്. എനിക്കും ഇനി അവരോടൊപ്പം കളിക്കാന്‍ അവസരം ലഭിക്കുകയാണ്. ഇന്ത്യന്‍ ടീമിലെ അഞ്ച് കളിക്കാരും ബഗാനിലുണ്ട്. ദേശീയ ടീമിനെ മൂന്നു കിരീടങ്ങളിലേക്ക് നയിക്കാന്‍ സഹായിച്ചവരാണ് ഇവരെല്ലാം. എനിക്ക് കരിയറില്‍ ഇതുവരെ ഐ.എസ്.എല്‍ ട്രോഫി നേടാനായിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ ബഗാനോടൊപ്പം കരാര്‍ ഒപ്പിട്ടത്. ആ ട്രോഫി എനിക്ക് നേടണം,’ സഹല്‍ പറഞ്ഞു.
ബഗാന്‍ ഇനിയും കൂടുതല്‍ മെച്ചപ്പെടുമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും അതിലുടെ തന്റെ ഐ.എസ്.എല്‍ ട്രോഫി നേടുകയെന്ന സ്വപ്നം സാക്ഷാത്കരിക്കുമെന്നും വിശ്വസിക്കുന്നതായി സഹല്‍ പറയുന്നു.
2017ല്‍ ബ്ലാസ്റ്റേഴ്‌സിന്റെ ബി ടീമിനൊപ്പം കരിയര്‍ തുടങ്ങിയ താരമാണ് സഹല്‍. 2018ല്‍ സീനിയര്‍ ടീമില്‍ ഇടം പിടിക്കാനും സഹലിന് സാധിച്ചിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്‌സ്് മധ്യനിരയിലെ മിന്നും താരമായി സഹല്‍ മാറുകയായിരുന്നു. ക്ലബ്ബിനായി 92 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം നേടിയത് 10 ഗോളുകളാണ്. ഗോളുകള്‍ സ്‌കോര്‍ ചെയ്യുന്നതിനേക്കാള്‍ ഗോളവസരങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതിലാണ് സഹല്‍ മിടുക്ക് കാണിച്ചത്.