ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കാവി നിറമുള്ള നാപ്കിനുകള്‍ ഹോട്ടലില്‍ ഉപയോഗിച്ചെന്നാരോപിച്ച് കര്‍ണി സേന അംഗങ്ങള്‍ റെസ്റ്റോറന്റ് മാനേജരെ ഭീഷണിപ്പെടുത്തി.
ക്ഷത്രിയ കര്‍ണി സേനയില്‍ നിന്നുള്ളവരാണെന്ന് കരുതുന്ന ഒരു സംഘം മാംസാഹാരം വിളമ്പുന്ന സ്ഥലത്ത് കാവി നാപ്കിനുകള്‍ ഉപയോഗിക്കുന്നത് ഹിന്ദു മതത്തോട് അനാദരവ് കാണിക്കുന്നുവെന്നും ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതുമാണെന്ന് പറഞ്ഞാണ് ഇവര്‍ മാനേജരെ ഭീഷണിപ്പെടുത്തിയത്.
മാര്‍ച്ച് ഒന്നിനാണ് ഈ സംഭവം നടന്നതെന്നാണ് സൂചന. എന്നാല്‍ ഇന്നാണ് സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്.
പുറത്ത് വന്ന വീഡിയോയില്‍, ജില്ലാ പ്രസിഡന്റ് അങ്കിത് തോമര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ റസ്റ്റോറന്റിലെ തിരക്കേറിയ ഡൈനിങ് ഏരിയയില്‍ ഇരിക്കുന്നതും മാനേജരെ അവരുടെ മേശയ്ക്ക് സമീപം വിളിച്ച് വരുത്തുന്നതും കാണാം. തുടര്‍ന്ന് എന്തിനാണ് കാവി നിറത്തില്‍ നാപ്കിന്‍ വെച്ചതെന്നും വിശദീകരണം പറയണമെന്നും ഇവര്‍ മാനേജരോട് ആവശ്യപ്പെടുന്നുണ്ട്.
ആളുകള്‍ ഇവിടെ വന്ന് മാംസാഹാരം കഴിച്ച് കാവി ടിഷ്യു പേപ്പറുകളില്‍ കൈ തുടയ്ക്കുന്നത് ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതാണെന്ന് ഒരു കര്‍ണി സേന അംഗം മാനേജരോട് പറയുന്നുണ്ട്. റസ്റ്റോറന്റ് മനഃപൂര്‍വ്വം ഇപ്രകാരം ചെയ്യുന്നതാണെന്നും കര്‍ണിസേന അംഗങ്ങള്‍ ആരോപിക്കുകയുണ്ടായി. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചു.
ഒടുവില്‍ തങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ വരുമെന്നും അപ്പോഴും കാവി നിറമുള്ള നാപ്കിനുകള്‍ ഇവിടെ കണ്ടാല്‍ ഡി.എസ്.പിയെയും എസ്.പിയെയും വിളിക്കുമെന്ന് പറഞ്ഞാണ് കര്‍ണി സേന അംഗങ്ങള്‍ ഹോട്ടല്‍ വിട്ടത്.
Content Highlight: ‘Saffron’ colored tissue used in hotel; Karni Sena threatens manager for disrespecting Hindus