കോഴിക്കോട്: ഹാഗിയ സോഫിയ വിവാദത്തിലുള്ള ചന്ദ്രികയിലെ ലേഖനം പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കാന്‍ കഴിയാതെ എഴുതിയതാണെന്ന് മുസ്‌ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങള്‍. ലേഖനത്തില്‍ ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തിയിട്ടില്ലെന്നും ഇടതുപക്ഷ സൈബര്‍ അണികളാണ് ഹാഗിയ സോഫിയാ വിഷയം വഷളാക്കിയതെന്നും അദ്ദേഹം പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ്. മുഖപത്രമായ സത്യധാര വാരികക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘സത്യത്തില്‍ ആ ലേഖനം ക്രിസ്തീയ സമുദായത്തെ കുറ്റപ്പെടുത്തി കൊണ്ട് എഴുതിയതല്ല. അവിടത്തെ ഒരു ചരിത്രം പറഞ്ഞെന്നേയുള്ളൂ. ഹാഗിയ സോഫിയ തന്നെ പലപ്പോഴും ചര്‍ച്ചും പള്ളിയുമൊക്കെയായിട്ടുണ്ട്.
അത്താതുര്‍ക്ക് അതിനെ മ്യൂസിയമാക്കി മാറ്റി. ആ നടപടി റദ്ദുചെയ്ത് മ്യൂസിയത്തെ പളളിയാക്കാന്‍ അവിടുത്തെ കോടതിയാണ് പറഞ്ഞത്. അക്കാര്യം ലേഖനത്തില്‍ എടുത്തു പറയുക മാത്രമാണ് ചെയ്തത്,’ സാദിഖലി തങ്ങള്‍ പറഞ്ഞു.
പക്ഷേ, ഇതിനു പിന്നിലെ പ്രാദേശിക രാഷ്ട്രീയം മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നത് വാസ്തവമാണ്. ഇടതുപക്ഷക്കാരായ ചില സൈബര്‍ വക്താക്കളാണ് ഇതിനെ വഷളാക്കിയത്. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ പലരും തെറ്റിദ്ധരിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തോട് നമ്മള്‍ എതിരല്ല. അവരുടെ വേദനയില്‍ താന്‍ ക്ഷമചോദിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന്റെ സംവരണ നിലപാടായിരുന്നു ക്രിസ്തീയ സമുദായത്തെ സ്വാധീച്ചതെന്നാണ് വിലയിരുത്തലെന്നും അവര്‍ക്കിടയിലെ ഇടതുപക്ഷ അനുഭാവികള്‍ ലേഖനത്തെ ഉപയോഗിച്ചിട്ടുണ്ടാകാമെന്നും അഭിമുഖത്തില്‍ പറഞ്ഞു.
പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. സ്ഥാനം രാജിവെച്ച് വീണ്ടും മത്സരിച്ചത് പാര്‍ട്ടിക്ക് ക്ഷീണമായോ എന്ന ചോദ്യത്തിന്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ വര്‍ഗീയ അജണ്ടയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.