ബയേണ്‍ മ്യൂണിക്കിന്റെ സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൂട്ടുകെട്ടുന്ന ക്ലബ്ബിലേക്ക് മാനെ നീക്കം നടത്താന്‍ പദ്ധതിയിടുന്നതായി എ.ഐ.പി.എസ് മീഡിയ ജേണലിസ്റ്റ് സുല്‍ത്താന്‍ അല്‍ ഉത്തൈബി റിപ്പോര്‍ട്ട് ചെയ്തു.
നിരവധി പ്രീമിയര്‍ ലീഗ് താരങ്ങള്‍ ഇതിനകം സൗദി അറേബ്യന്‍ ക്ലബ്ബുകളിലേക്ക് നീക്കം നടത്തിക്കഴിഞ്ഞു. റൊണാള്‍ഡോക്കൊപ്പം മാനെയെയും തട്ടകത്തിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമങ്ങള്‍ നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലാണ് സാദിയോ മാനെ ലിവര്‍പൂളില്‍ നിന്ന് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. 2016-22 സീസണുകളില്‍ ലിവര്‍പൂളിനായി കളിച്ച മാനെക്ക് ക്ലബ്ബിന്റെ നിര്‍ണായക നേട്ടങ്ങളില്‍ പങ്കുവഹിക്കാനായി. ലിവര്‍പൂളിനായി കളിച്ച 269 മത്സരങ്ങളില്‍ നിന്ന് 120 ഗോളും 48 അസിസ്റ്റുകളുമാണ് താരത്തിന്റെ സമ്പാദ്യം.
എന്നാല്‍ ബയേണിലെത്തിയതിന് ശേഷം തുടര്‍ച്ചയായി പരിക്കുകളുടെ പിടിയിലായതിനാല്‍ മാനെക്ക് ക്ലബ്ബിലെ ഒട്ടുമിക്ക മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ബയേണിനായി കളിച്ച 38 മത്സരങ്ങളില്‍ നിന്ന് 12 ഗോളും എട്ട് അസിസ്റ്റുകളുമാണ് മാനെ അക്കൗണ്ടിലാക്കിയത്.
അതേസമയം, മാനെയുടെ ചിറകിലേറിയാണ് സെനെഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ചാമ്പ്യന്മാരായത്. ലോകകപ്പ് യോഗ്യത നേടിക്കൊടുക്കുന്നതിലും താരം നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് മുന്നോടിയായി വലത് കാലിനേറ്റ പരിക്ക് കാരണം സെനഗല്‍ സൂപ്പര്‍താരം സാദിയോ മാനെക്ക് ലോകകപ്പ് നഷ്ടമായിരുന്നു. തുടര്‍ന്ന് താരം സര്‍ജറിക്ക് വിധേനയാവുകയും വിശ്രമത്തില്‍ കഴിയുകയുമായിരുന്നു.