സെമി ഫൈനല്‍ പ്രതീക്ഷയായി അഫ്ഗാന്‍ പട ഒരുങ്ങുന്നു; ടീമിന് ഊര്‍ജ്ജം പകര്‍ന്ന് ക്രിക്കറ്റ് ദൈവം
2023 ICC WORLD CUP
സെമി ഫൈനല്‍ പ്രതീക്ഷയായി അഫ്ഗാന്‍ പട ഒരുങ്ങുന്നു; ടീമിന് ഊര്‍ജ്ജം പകര്‍ന്ന് ക്രിക്കറ്റ് ദൈവം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th November 2023, 12:52 pm

നവംബര്‍ ഏഴിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനൊരുങ്ങുകയാണ്. ലോകകപ്പില്‍ വമ്പന്‍ വിജയങ്ങള്‍ സ്വന്തമാക്കി ക്രിക്കറ്റ് ലോകത്തെ തന്നെ അമ്പരപ്പിക്കുകയാണ് അഫ്ഗാനിസ്ഥാന്‍. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ തുടര്‍ച്ചയായ വിജയങ്ങളാണ് അഫ്ഗാന്‍ നേടിയത്. ഇതോടെ കളിച്ച ഏഴ് മത്സരങ്ങളില്‍ നാല് വിജയം സ്വന്തമാക്കി എട്ട് പോയിന്റുകളോടെ ആറാം സ്ഥാനത്താണ് അഫ്ഗാന്‍.

കരുത്തരായ ലോകകപ്പ് ചാമ്പ്യന്‍മാരെ മലര്‍ത്തിയടിച്ച ആത്മവിശ്വാസത്തിലാണ് അഫ്ഗാന്‍ യുവ താരനിര. മുന്‍ മത്സരങ്ങളില്‍ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന്റെ വിജയവും പാകിസ്ഥാനെതിരെ എട്ട് വിക്കറ്റ് വിജയവും ശ്രീലങ്കക്കെതിരെ ഏഴ് വിക്കറ്റിന്റെ വിജയവും അഫ്ഗാന്‍ സ്വന്തമാക്കിയിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ടീം മികച്ച പ്രകടനമാണ് കാഴ്ച്ച വെക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിന് മുന്നോടിയായി പരിശീലന സമയത്ത് അഫ്ഗാന്‍ ടീമിനെ സന്ദര്‍ശിക്കാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ വാംഖഡെയില്‍ എത്തിയതും ഇപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഓസീസിനെതിരായ വമ്പന്‍ പോരാട്ടത്തില്‍ താരങ്ങളുടെ മനോവീര്യം ഉയര്‍ത്താന്‍ അഫ്ഗാന്‍ താരങ്ങളുമായി സച്ചിന്‍ ഒരു പെപ്പ് ടോക്ക് നടത്തുകയായിരുന്നു. അഫ്ഗാന്‍ ടീമിന്റെ ഉപദേഷ്ടാവായ അജയ് ജഡേജയാണ് സച്ചിനുമായുള്ള കൂടിക്കാഴ്ച്ചക്ക് വഴിയൊരുക്കിയത്.

ഓസീസിനെതിരെയുള്ള നിര്‍ണായകമായ മത്സരത്തില്‍ വിജയം സ്വന്തമാക്കിയാല്‍ അഫ്ഗാന് സെമി സാധ്യത നിലനിര്‍ത്താം. എന്നാല്‍ പരിക്കിന്റെ പിടിയില്‍ നിന്ന് മിച്ചല്‍ മാര്‍ഷും ഗ്ലെന്‍ മാക്‌സ് വെല്ലും തിരിച്ചെത്തുമ്പോള്‍ ഓസ്‌ട്രേലിയ കൂടുതല്‍ ശക്തരാകുമെന്നത് അഫ്ഗാന് ഒരു തിരിച്ചടിയാണ്.

ബാറ്റര്‍മാര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ പറ്റിയ വാംഖഡെ പിച്ചില്‍ കരുത്തരായ ഓസീസ് ബാറ്റര്‍മാരും അഫ്ഗാന്‍ സ്പിന്‍ മാന്ത്രികന്‍മാരുമായിട്ടാണ് യഥാര്‍ത്ഥ പോരാട്ടം നടക്കുക. തുടക്കത്തില്‍ തോല്‍വി വഴങ്ങിയെങ്കിലും പിന്നീടുള്ള അഞ്ച് മത്സരങ്ങളില്‍ വിജയിച്ച് വന്‍ തിരിച്ചുവരവാണ് ഓസീസ് നടത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ മിന്നും വിജയമാണ് അഫ്ഗാന്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 46.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു. എന്നാല്‍ 31.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് എടുത്ത് ഫിനിഷ് ചെയ്യുകയായിരുന്നു അഫ്ഗാന്‍. ഹഷ്മതുള്ള ഷാഹിദി പുറത്താവാതെ 56 (64) റണ്‍സും റഹ്മത് ഷാ 52 (54) റണ്‍സും അസ്മതുള്ള ഒമര്‍സി പുറത്താകാതെ 31 (28) റണ്‍സുമാണ് അഫ്ഗാന് വേണ്ടി അടിച്ചുകൂട്ടിയത്.

സൈബ്രാന്‍ഡ് എന്‍ഗല്‍ബ്രച്ച് മാത്രമായിരുന്നു നെതര്‍ലന്‍ഡ്‌സിനു വേണ്ടി 58 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത്. മുഹമ്മദ് നബി മൂന്ന് വിക്കറ്റും നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്മാന്‍ ഒരു വിക്കറ്റുമാണ് നേടിയത്.

വാംഖഡെ സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയയും ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ഏറെ ആവേശത്തിലാണ്. ഇരുവരും വിജയപ്രതീക്ഷയിലാണ് കളിക്കളത്തിലിറങ്ങുന്നത്. ഇനിയുള്ള രണ്ട് മത്സരത്തില്‍ വിജയിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി അഫ്ഗാന് ലോകകപ്പ് സെമി ഫൈലില്‍ എത്താം.

 

Content Highlight: Sachin Tendulkar Visited Afghanistan And Afghan Players With Hopes Of Semi Final