ഇന്ത്യ ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം കഴിഞ്ഞ ദിവസം ട്രെന്റ് ബ്രിഡ്ജില്‍ വെച്ചായിരുന്നു നടന്നത്. രണ്ട് മത്സരങ്ങളില്‍ ഉറങ്ങിക്കിടന്ന ഇംഗ്ലണ്ട് ബാറ്റര്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റ മത്സരം കൂടിയായരുന്നു അത്.
പടനിലത്തില്‍ അമ്പുകൊള്ളാത്തവരായി ആരുമില്ലെന്ന് പറഞ്ഞതുപോലെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരുടെ അവസ്ഥ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ മുതല്‍ യുവതാരങ്ങളായ ആവേശ് ഖാനും ഉമ്രാന്‍ മാലിക്കുമടക്കം എല്ലാവരും തല്ലുവാങ്ങിയിരുന്നു.
ഡേവിഡ് മലനും ലിയാം ലിവിങ്സ്റ്റണുമായിരുന്നു ഇന്ത്യന്‍ ബൗളര്‍മാരെ തല്ലിയൊതുക്കിയത്. ഇരുവരുടേയും വന്യമായ ബാറ്റിങ്ങിനൊപ്പം മറ്റു ബാറ്റര്‍മാരും കൃത്യമായി പിന്തുണ നല്‍കിയപ്പോള്‍ ഇംഗ്ലണ്ട് സ്‌കോര്‍ 215ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ താരങ്ങള്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. രണ്ടാം മത്സരത്തില്‍ സ്‌കോറിങ്ങിന് അടിത്തറയിട്ട ഓപ്പണര്‍മാര്‍ തന്നെ പരാജയപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ഇഴഞ്ഞു.
എന്നാല്‍ നാലാമനായി സൂര്യകുമാര്‍ യാദവ് ക്രീസിലെത്തിയതോടെ കളിയൊന്നാകെ മാറി. ‘വണ്‍ മാന്‍ റെക്കിങ് മെഷീന്‍’ എന്ന രീതിയിലായിരുന്നു താരത്തിന്റെ ബാറ്റിങ്. കണ്ണില്‍ കണ്ട ബൗളര്‍മാരെയൊന്നാകെ കണക്കില്ലാതെ തല്ലി.
55 പന്തില്‍ നിന്നും 117 റണ്‍സെടുത്ത സൂര്യകുമാറിന് ഇന്ത്യയെ മത്സരം ജയിപ്പിക്കാന്‍ സാധിച്ചില്ലെങ്കിലും വമ്പന്‍ നാണക്കേടില്‍ നിന്നും കരകയറ്റാന്‍ സാധിച്ചു.
ഒരുപാട് മികച്ച ഷോട്ടുകളടങ്ങിയതായിരുന്നു സൂര്യയുടെ ഇന്നിങ്‌സ്. ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തും ഷോട്ടുകള്‍ കളിച്ചാണ് സൂര്യ തന്റെ ഇന്നിങസിനെ കെട്ടിപ്പൊക്കിയത്. ഈ മാസ്മരിക ഇന്നിങസിന് പിന്നാലെ താരത്തിന് ഒരുപാട് പുകഴത്തലുകളും ലഭിച്ചിരുന്നു.
ക്രിക്കറ്റ് ദൈവം എന്ന് വിശേഷിക്കപ്പെടുന്ന സച്ചിന്‍ ടെന്‍ഡില്‍ക്കറും സൂര്യയുടെ ഇന്നിങ്സിനെ പുകഴ്ത്തിയുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് സച്ചിന്‍ സൂര്യയുടെ ഇന്നിങ്‌സിനെ പുകഴ്ത്തിയത്. ഒരുപാട് മികച്ച ഷോട്ടുകള്‍ സൂര്യ കളിച്ചിരുന്നു എന്നാല്‍ അതില്‍ ഇഷ്ടപ്പെട്ട ഷോട്ട് ഏതാണെന്നാണ് സച്ചിന്‍ പറഞ്ഞത്.
‘അത്ഭുതകരമായ നൂറ് സൂര്യകുമാര്‍! കുറച്ച് ഉജ്ജ്വലമായ ഷോട്ടുകള്‍ ഉണ്ടായിരുന്നു, പക്ഷേ ആ സ്‌കൂപ്പ് സിക്‌സ് ഓവര്‍ പോയിന്റ് ഗംഭീരമായിരുന്നു,’ എന്നായിരുന്നു സച്ചിന്‍ ട്വീറ്റ് ചെയ്തത്.
Amazing 💯@surya_14kumar!
There were quite a few brilliant shots but those scoop 6️⃣s over point were just spectacular.#ENGvIND pic.twitter.com/vq7PbyfpSL
— Sachin Tendulkar (@sachin_rt) July 10, 2022
മിഡില്‍ സ്റ്റംപ് ലക്ഷ്യമായെത്തിയ ഗ്ലീസന്റെ ഫുള്ളര്‍ ഡെലിവറിയെ മികച്ചൊരു റിസ്റ്റ് ഫ്ളിക്കിലൂടെ ബാക്വാര്‍ഡ് പോയിന്റിലേക്ക് തഴുകിയിടുകായിരുന്നു സൂര്യകുമാര്‍. എഡ്‌ജെടുത്ത് ക്യാച്ചാണെന്ന് കരുതിയ ഷോട്ടായിരുന്നു സിക്‌സറില്‍ ചെന്ന് പതിച്ചത്.
വരാനിരിക്കുന്ന മത്സരങ്ങളിലും താരം ഇന്ത്യയ്ക്കായി ഇതേ പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ വര്‍ഷം നടക്കുന്ന ടി-20 ലോകകപ്പിലും ഇന്ത്യയെ താങ്ങിനിര്‍ത്തുന്ന കൈകളിലൊന്ന് സൂര്യകുമാറിന്റേത് തന്നെയാകുമെന്നുറപ്പാണ്.
Content Highlights: Sachin Tendulkar Praises Surya Kumar Yadav