Advertisement
Cricket
'എല്ലാ മത്സരത്തിന് മുന്‍പും അതോര്‍ത്ത് എന്റെ ഉറക്കം നഷ്ടപ്പെടും'; തുറന്നുപറഞ്ഞ് സച്ചിന്‍
സ്പോര്‍ട്സ് ഡെസ്‌ക്
2021 Aug 12, 11:47 am
Thursday, 12th August 2021, 5:17 pm

മുംബൈ: ക്രിക്കറ്റിലെ ഏറെക്കുറെ എല്ലാ റെക്കോര്‍ഡുകളും സ്വന്തം പേരില്‍ കുറിച്ചാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കളി മതിയാക്കിയത്. 22 വര്‍ഷം നീണ്ടുനിന്ന കരിയറില്‍ സച്ചിന്‍ അതുല്യമായ നേട്ടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്.

പരിക്ക് മൂലം കളിയില്‍ നിന്ന് വിട്ടുനിന്നുവെന്നല്ലാതെ ഫോമില്ലായ്മയുടെ പേരില്‍ ദീര്‍ഘമായി സച്ചിന് ടീമില്‍ നിന്ന് മാറിനില്‍ക്കേണ്ടി വന്നിട്ടില്ല. രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന കരിയറില്‍ ഇന്ത്യന്‍ ടീമിന്റെ നെടുന്തൂണായിരുന്നു സച്ചിന്‍.

ഇപ്പോഴിതാ ഓരോ മത്സരത്തിന് മുന്‍പും താനനുഭവിച്ച സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുകയാണ് സച്ചിന്‍. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഓരോ മത്സരത്തിന് തൊട്ടുമുന്‍പുള്ള രാത്രിയിലും തനിക്ക് ഉറങ്ങാന്‍ കഴിയാറില്ലെന്ന് സച്ചിന്‍ പറഞ്ഞു.

‘നിങ്ങള്‍ എന്തിനെയെങ്കിലും കുറിച്ച് അമിതമായി ബോധവാനാണെങ്കില്‍ തീര്‍ച്ചയായും വിശ്രമിക്കാനാവില്ല. എനിക്ക് ക്രിക്കറ്റ് എന്നത് അത്രയും പ്രാധാന്യമുള്ളതായിരുന്നു. അതിനാല്‍ എന്നും മികച്ചത് ചെയ്യണമെന്ന ചിന്തയായിരുന്നു എനിക്കുണ്ടായിരുന്നത്,’ സച്ചിന്‍ പറയുന്നു.

കരിയറിലെ ആദ്യത്തെ 12 വര്‍ഷവും തനിക്ക് രാത്രി ഉറക്കമില്ലായിരുന്നെന്നും സച്ചിന്‍ പറഞ്ഞു.

‘കളിയുള്ള ദിവസത്തിന്റെ തലേന്ന് രാത്രി എനിക്ക് ഉറക്കം നഷ്ടപ്പെടും. എങ്ങനെ ബൗളര്‍മാരെ നേരിടും എന്നായിരിക്കും പ്രധാനചിന്ത. അവര്‍ (ബൗളര്‍മാര്‍) എങ്ങനെയായിരിക്കും പന്തെറിയുക എന്നതിനെക്കുറിച്ച് ചിന്തിച്ച് എന്റെ ഉറക്കം പോകും,’ സച്ചിന്‍ പറയുന്നു.

പിന്നീട് ഇതുമായി താന്‍ പൊരുത്തപ്പെട്ടെന്നും സച്ചിന്‍ പറഞ്ഞു. തന്റെ മാനസികാവസ്ഥയെ സ്വയം മനസിലാക്കിയതോടെ അതിനെ മത്സരത്തിന് വേണ്ടി ഗുണപരമായി തിരിച്ചുവിടാന്‍ തനിക്കായെന്നും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘രാത്രി 12.30 ക്കോ 1.30 ക്കോ ഉറക്കം വന്നില്ലെങ്കില്‍ ഞാന്‍ പോയി ടി.വി കാണും. അല്ലെങ്കില്‍ പാട്ട് കേള്‍ക്കും. ആ സമയത്തെ ഞാന്‍ ഗുണപരമായി  മാറ്റിയെടുത്ത് അത് മത്സരത്തെ എങ്ങനെ സഹായിക്കും എന്ന് പരീക്ഷിക്കുകയായിരുന്നു,’ സച്ചിന്‍ പറഞ്ഞു.

തന്റെ അവസാന ടെസ്റ്റ് മത്സരം വരെയും ഇത് തുടര്‍ന്നുവെന്നും സച്ചിന്‍ പറഞ്ഞു.

2013 നവംബറിലാണ് സച്ചിന്‍ വിരമിച്ചത്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ മത്സരം, റണ്‍സ്, സെഞ്ച്വറി, അര്‍ധസെഞ്ച്വറി തുടങ്ങിയ റെക്കോഡുകളെല്ലാം സച്ചിന്റെ പേരിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Sachin on struggles with sleep during playing days