ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
Sabarimala women entry
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd November 2018, 9:17 am

പമ്പ: ശബരിമലയില്‍ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഇന്ന് അവസാനിക്കും. അതേസമയം, ശബരിമല ഡ്യൂട്ടിയിലുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡി.ജി.പിയുമായി ചര്‍ച്ച നടത്തി നിരോധനാജ്ഞ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ. നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബി.ജെ.പിയും യു.ഡി.എഫും ആവശ്യപ്പെട്ടിരുന്നു.


ശബരിമല ദര്‍ശനത്തിന് തീര്‍ത്ഥാടകര്‍ തീരെകുറഞ്ഞതോടെ നിലക്കലിലേയും പമ്പയിലേയും നിയന്ത്രണങ്ങള്‍ പൊലീസ് പൂര്‍ണമായി പിന്‍വലിച്ചു. ഹൈക്കോടതി വിമര്‍ശനത്തിനു പിന്നാലെയാണ് രാത്രിയിലെ മലകയറ്റ നിയന്ത്രണം ഉള്‍പ്പെടെ പൊലീസ് പിന്‍വലിച്ചത്.

സന്നിധാനത്ത് തിരക്ക് കുറഞ്ഞതോടെ പകല്‍ നിയന്ത്രണമാണ് ആദ്യം പിന്‍വലിച്ചത്. തുടര്‍ന്ന് രാത്രിയിലെ നിയന്ത്രണവും. നിയന്ത്രണം നീക്കിയതിനൊപ്പം, നിലയ്ക്കലില്‍ നിന്നു പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസുകളുടെ നിയന്ത്രണവും പിന്‍വലിച്ചിരുന്നു.

അതേസമയം, ശബരിമലയിലെത്തിയപ്പോള്‍ തന്നെ തടഞ്ഞ എസ്.പി യതീഷ് ചന്ദ്രയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികല പറഞ്ഞു. യതീഷ് ചന്ദ്രയ്‌ക്കെതിരെ ലോകായുക്തയ്ക്കും ബാലാവകാശ കമ്മിഷനും പരാതി നല്‍കുമെന്നും ശശികല വ്യക്തമാക്കി.


നിയമവിദഗ്ധരുമായി ഇക്കാര്യങ്ങള്‍ ആലോചിക്കുകയാണെന്നും ശശികല പറഞ്ഞു. ശബരിമലയിലേക്ക് പോയ തന്നെ അറസ്റ്റു ചെയ്തതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മിഷന് ശശികല നേരത്തെ പരാതി നല്‍കിയിരുന്നു.