പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയാന്‍ നട അടച്ചാല്‍ അത് കോടതി അലക്ഷ്യമാകുമോയെന്ന് തന്ത്രി കണ്ഠരര് രാജീവര് തന്നോട് നിയമോപദേശം തേടി എന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയുടെ വാദം തള്ളി തന്ത്രി രംഗത്ത്. താന്‍ ആരോടും ഫോണില്‍ വിളിച്ച് നിയമോപദേശം തേടിയിട്ടില്ലെന്ന് രാജീവരര് വ്യക്തമാക്കി.
ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ ശ്രമിക്കവേ ഇതില്‍ പ്രതിഷേധിച്ച് തന്ത്രി നട അടച്ചിട്ടിരുന്നു. ഇത് തന്നോടു കൂടിയാലോചിട്ടായിരുന്നുവെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ അവകാശവാദം. നടയടക്കുന്നതിനെ കുറിച്ച് അദ്ദേഹം ഏറെ നേരം സംസാരിച്ചു. ആ സമയം ഏറെ അസ്വസ്ഥനായിരുന്നു അദ്ദേഹം. തിരുമേനി ഒറ്റക്കല്ലെന്നും കോടതിയലക്ഷ്യം നിലനില്‍ക്കില്ലെന്നും ഞാന്‍ പറഞ്ഞു. ഇതിന് ശേഷമായിരുന്നു തന്ത്രിയുടെ തീരുമാനം ശ്രീധരന്‍ പിള്ള പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കയായിരുന്നു അദ്ദേഹം.
എന്നാല്‍ തന്ത്രിയുമായുള്ള തന്റെ സംഭാഷണം വിവാദമാക്കേണ്ടതില്ലെന്നു താന്‍ രാജീവരര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് ചെയ്തത് എന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ന്യായം. എന്നാല്‍ ഇതിനെതിരെ തന്ത്രി തന്നെ രംഗത്തു വന്നിരിക്കുകയാണ്. താന്‍ ആരേയും ഫോണില്‍ വിളിച്ച് നടയടക്കുന്നതിന് ഉപദേശം തേടിയിട്ടില്ലെന്ന് തന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
നട അടച്ചിട്ടാല്‍ കോടതി അലക്ഷ്യമാവില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. കോടതിയലക്ഷ്യക്കേസ് എടുക്കുകയാണെങ്കില്‍ ആദ്യം തങ്ങളുടെ പേരിലാകും എടുക്കുകയെന്നും തിരുമേനി ഒറ്റയ്ക്കല്ല പതിനായിരക്കണക്കിനാളുകളും കൂടെയുണ്ടാകും എന്നും താന്‍ മറുപടി നല്‍കിയതായി ശ്രീധരന്‍ പിള്ള പറഞ്ഞു.
“തിരുമേനി ഒറ്റക്കല്ല എന്ന ഒറ്റവാക്ക് മതി” എന്നുപറഞ്ഞാണ് നട അടച്ചിടുമെന്ന തീരുമാനം തന്ത്രി എടുത്തത്. തന്ത്രിസമൂഹത്തിന് കൂടുതല്‍ വിശ്വാസം ബി.ജെ.പിയിലും അതിന്റെ പ്രസിഡന്റിലുമുണ്ടെന്നുമുള്ളതിന്റെ തെളിവാണിതെന്നും ശ്രീധരന്‍പിള്ള പറയുന്നു.
ശബരിമലയില്‍ യുവതികള്‍ പ്രവേശനം ബി.ജെ.പിക്ക് സുവര്‍ണ്ണാവസരമാണെന്നും, തങ്ങള്‍ ഒരു അജണ്ട മുന്നോട്ട് വെച്ചെന്നും അത് മറ്റെല്ലാവരും ഏറ്റു പിടിക്കുകയുമായിരുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു. ശ്രീധരന്‍ പിള്ളയുടെ അവകാശവാദങ്ങളും തന്ത്രിയുടെ പ്രതികരണവും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.