തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. സുപ്രീം കോടതി വിധി വരുമ്പോള്‍ അതനുസരിച്ച് എന്തുവേണമെന്ന് എല്ലാവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നാണ് പാര്‍ട്ടിയുടെ നിലപാട്.
നേരത്തേ കോടതി വിധി നടപ്പാക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ അനുഭവങ്ങള്‍ പാര്‍ട്ടി പരിഗണിക്കുന്നുവെന്നും ഇത്തരത്തിലുള്ള എല്ലാ അനുഭവങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ പരിഗണിക്കേണ്ടതുണ്ടെന്നും രാമചന്ദ്രന്‍ പിള്ള മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നേരത്തേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.
അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.
അങ്ങേയറ്റത്തെ ആത്മവിശ്വാസത്തോടെയാണ് നിയമസഭാ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി സമീപിക്കാന്‍ പോകുന്നതെന്നും സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങളുടെ ഇടയിലുള്ള സ്വീകാര്യത പ്രധാനമാണെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.
പൊതുവെ സ്വീകാര്യമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് സി.പി.ഐ.എം അവതരിപ്പിക്കുകയെന്നും യുവതി യുവാക്കളും പരിചയ സമ്പന്നരും വ്യത്യസ്ത മേഖലകളിലെ വിദഗ്ധരും സ്ഥാനാര്‍ത്ഥികളായി വേണമെന്നും അദ്ദേഹം പറയുന്നു.
എന്‍.എസ്.എസ്, എന്‍.എന്‍.ഡി.പി തുടങ്ങിയ സംഘടനകളോട് പാര്‍ട്ടിക്ക് ബന്ധമുണ്ടെന്നും എല്ലാവരോടും ഒരേ സമീപനമാണ് സി.പി.ഐ.എമ്മിനുള്ളതെന്നും രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
മുഖ്യമന്ത്രിക്കെതിരായ കെ. സുധാകരന്റെ പരാമര്‍ശം തൊഴിലെടുക്കുന്ന എല്ലാവരേയും അപമാനിക്കുന്നതാണെന്നും രാജ്യത്തെ ജനാധിപത്യ സമൂഹം ഇതിനെ തള്ളിക്കളയണമെന്നും രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.