പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സിക്ക് ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഇതില്‍ 53 ലക്ഷം രൂപയിലധികം നഷ്ടം പമ്പയില്‍ മാത്രമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഇത് സംബന്ധിച്ച് നഷ്ടം വന്ന തുക സമരവുമായി ബന്ധപ്പെട്ട് അറസറ്റിലായവരില്‍ നിന്ന് ഈടക്കണമെന്ന് ടോമിന്‍ ജെ തച്ചങ്കരി ഡി.ജി.പിക്ക് കത്ത് നല്‍കിയിരുന്നു.
ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതീ പ്രവേശത്തിനെതിരെ നിലയ്ക്കലിലും പമ്പയിലും സമരം നടത്തിയിരുന്നവര്‍ അഴിച്ചുവിട്ടത് വന്‍ ആക്രമണമായിരുന്നു. രാവിലെ മുതല്‍ ഹിന്ദു ഐക്യവേദിയുടെ നൂറുകണക്കിന് പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ എത്തിയിരുന്നു. ഉച്ചയോടെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശും ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെ.പി ശശികലയുമടക്കമുള്ളവര്‍ നിലയ്ക്കലില്‍ നിന്നും പിന്‍മാറുകയും പ്രതിഷേധക്കാര്‍ ആക്രമണങ്ങള്‍ അഴിച്ചുവിടുകയുമായിരുന്നു.
Also Read രാഹുല്‍ ഈശ്വറിന് ജാമ്യം
പമ്പയിലേയ്ക്ക് പോകുകയായിരുന്ന 13 കെ.എസ്.ആര്‍.ടി.സി ബസ്സുകളാണ് അക്രമകാരികള്‍ കല്ലെറിഞ്ഞു തകര്‍ത്തത്. ഇലവുങ്കലില്‍ പൊലീസ് വാഹനം കൊക്കയിലേക്ക് മറിച്ചിടുകയും മാധ്യമസ്ഥാപനങ്ങളുടെ വാഹനം അടിച്ചും എറിഞ്ഞും തകര്‍ക്കുകയും ചെയ്തിരുന്നു.
സംഘപരിവാര്‍ സംഘടനകളുടെ പിന്‍ബലത്തില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ നിലയ്ക്കലിലെത്തി ബസ്സില്‍ പോകാന്‍ ശ്രമിച്ച യുവതികളെ ബലംപ്രയോഗിച്ച് പിടിച്ചിറക്കുകയും ചെയ്തിരുന്നു. പമ്പയേയും നിലയ്ക്കലിനേയും കലാപഭൂമിയാക്കിയായിരുന്നു അന്നത്തെ ആക്രമണം.
Doolnews Video