Kerala News
പരാതി കൊടുത്തതിന് ശേഷവും സൈബര്‍ ഇടങ്ങളിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് അറുതിവന്നിട്ടില്ല: ഹണി റോസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 16, 02:34 pm
Sunday, 16th February 2025, 8:04 pm

തിരുവനന്തപുരം: പരാതി കൊടുത്ത ശേഷവും സൈബര്‍ ഇടത്തിലെ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് കുറവൊന്നുമില്ലെന്ന് നടി ഹണി റോസ്. ഇത് തടയാന്‍ ശക്തമായ നിയമനിര്‍മാണം ആവശ്യമാണെന്നും ഹണി റോസ് പറഞ്ഞു. മനോരമ ന്യൂസ് നേരേ ചൊവ്വേയിലാണ് ഹണിയുടെ പ്രതികരണം.

വൃത്തികേടുകള്‍ എഴുതിക്കൂട്ടുന്നവര്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നും താന്‍ ഉള്‍പ്പെടെയുള്ളവരുടെ നിശബ്ദതയാണ് തലയില്‍ കയറി നിരങ്ങാന്‍ പലരെയും പ്രേരിപ്പിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.

കംപ്ലയിന്റമായി താന്‍ മുന്നോട്ട് വരുമ്പോഴും ഇതിനൊന്നും അറുതി വന്നിട്ടില്ല, അല്ലെങ്കില്‍ ഇതെങ്ങനെ അവസാനിപ്പിക്കാന്‍ കഴിയുമെന്നുള്ളത് നമുക്കറിയില്ലെന്നും പറഞ്ഞ ഹണി റോസ് ഇതിനെതിരായ നിയമനിര്‍മാണമൊക്കെയായിരിക്കാം മുന്നോട്ട് വരേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

കുറച്ച് മുമ്പ് തന്നെ പ്രതികരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ ഉണ്ടായ വിഷയങ്ങളില്‍ ചില മാറ്റങ്ങള്‍ ഉണ്ടാവുമായിരിക്കാം, ചിലപ്പോള്‍ തന്റെ സൈലന്‍സായിരിക്കാം തലയില്‍ കയറി നിരങ്ങാനുണ്ടായ കാരണമെന്നും ഹണി റോസ് പറഞ്ഞു.

സൈബര്‍ ഇടങ്ങളില്‍ എക്‌സ്പിരീയന്‍സ് ചെയ്ത ഏറ്റവും മോശമായ ക്രൈമിനെതിരായാണ് സംസാരിച്ചതെന്നും പരാതിപ്പെട്ടതെന്നും എന്നാല്‍ അതിനെ വസ്ത്രം മോശമായത് കാരണണമാണ് പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്ന് വഴി തിരിച്ചുവിട്ടുവെന്നും മാനിപ്പുലേറ്റ് ചെയ്തുവെന്നും ഹണി റോസ് പറഞ്ഞു.

തന്റെ വസ്ത്രത്തില്‍ പ്രശ്‌നമുണ്ടെങ്കില്‍ അത് തീര്‍ത്തും വ്യത്യസ്തമായ വിഷയമാണെന്നും അത് ചര്‍ച്ച ചെയ്യുന്നതില്‍ വിഷയമില്ലെന്നും ഹണി റോസ് പറഞ്ഞു.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെയും ഈ പരാതി നല്‍കിയതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെയും ഹണി റോസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. നടി ഹണി റോസിന്റെ വസ്ത്രധാരണം സംബന്ധിച്ച് ചാനല്‍ ചര്‍ച്ചകളിലും സമൂഹ മാധ്യമങ്ങളിലും രാഹുല്‍ ഈശ്വര്‍ നടത്തിയ പ്രതികരണങ്ങള്‍ക്കെതിരെയാണ് പരാതി.

Content Highlight: Cyber abuse has not stopped since she filed a complaint: Honey Rose