IPL
ടാര്‍ഗെറ്റ് 180+ ആണോ, ഞങ്ങളെക്കൊണ്ട് നടക്കില്ല; 15 വര്‍ഷത്തിലാദ്യം, ചെപ്പോക്കില്‍ വീണ്ടും തോറ്റ് ചെന്നൈ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 05, 01:56 pm
Saturday, 5th April 2025, 7:26 pm

തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും വിജയവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ്. എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ ഹോം ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 25 റണ്‍സിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.

ദല്‍ഹി ഉയര്‍ത്തിയ 184 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

ഈ പരാജയത്തിന് പിന്നാലെ 180 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ സാധിക്കുന്നില്ല എന്ന ചെന്നൈയുടെ ചീത്തപ്പേര് തുടരുകയാണ്. 2019ന് ശേഷം ഒരിക്കല്‍പ്പോലും ചെപ്പോക്കിന്റെ രാജാക്കന്‍മാര്‍ക്ക് 180+ വിജയലക്ഷ്യം ചെയ്‌സ് ചെയ്ത് വിജയിക്കാന്‍ സാധിച്ചിട്ടില്ല.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ക്യാപ്പിറ്റല്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് മികച്ച സ്‌കോറിലെത്തിയത്.

51 പന്തില്‍ 71 റണ്‍സുമായാണ് രാഹുല്‍ പുറത്തായത്. മൂന്ന് സിക്സറും ആറ് ഫോറും ഉള്‍പ്പടെ 150.98 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

20 പന്തില്‍ 33 റണ്‍സടിച്ച അഭിഷേക് പോരലാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ് (12 പന്തില്‍ പുറത്താകാതെ 24), അക്സര്‍ പട്ടേല്‍ (14 പന്തില്‍ 21), സമീര്‍ റിസ്വി (15 പന്തില്‍ 20) എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

ചെന്നൈയ്ക്കായി ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തപ്പോള്‍ മതീശ പതിരാന, രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

184 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടക്കത്തിലേ പിഴച്ചു. ഓപ്പണര്‍ രചിന്‍ രവീന്ദ്രയെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിനെയും സൂപ്പര്‍ കിങ്‌സിന് ഒറ്റയക്കത്തിന് നഷ്ടപ്പെട്ടു.

ആറ് പന്തില്‍ മൂന്ന് റണ്ണടിച്ച രചിന്‍ രവീന്ദ്രയെ മുകേഷ് കുമാര്‍ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ക്യാപ്റ്റനെ പുറത്താക്കിയത്. നാല് പന്തില്‍ വെറും അഞ്ച് റണ്‍സാണ് ഗെയ്ക്വാദിന് കണ്ടെത്താന്‍ സാധിച്ചത്.

ഡെവോണ്‍ കോണ്‍വേ 13 റണ്‍സിനും ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ ശിവം ദുബെ 18 റണ്‍സിനും മടങ്ങി. മൂന്ന് പന്തില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് രവീന്ദ്ര ജഡേജയ്ക്ക് കണ്ടെത്താന്‍ സാധിച്ചത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ മറുവശത്ത് വിജയ് ശങ്കര്‍ ചെറുത്തുനിന്നു. ആറാം വിക്കറ്റില്‍ എം.എസ്. ധോണിയെ ഒപ്പം കൂട്ടി താരം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. എന്നാല്‍ മികച്ച രീതിയില്‍ ചെറുത്തുനിന്നെങ്കിലും ഇന്നിങ്‌സിന് വേഗം പോരാതെ വന്നതോടെ സൂപ്പര്‍ കിങ്‌സ് പരാജയം രുചിക്കുകയായിരുന്നു.

2010ന് ശേഷം ഇതാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ദല്‍ഹിക്കെതിരെ ചെപ്പോക്കില്‍ പരാജയപ്പെടുന്നത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ചെന്നൈയിലെത്തി സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തിയിരുന്നു. 2008ന് ശേഷം ഇതാദ്യമായാണ് ആര്‍.സി.ബി ചെന്നൈയെ ചെന്നൈയിലെത്തി തോല്‍പ്പിക്കുന്നത്.

ചെന്നൈയ്ക്കായി വിജയ് ശങ്കര്‍ 54 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടി. 26 പന്തില്‍ പുറത്താകാതെ 30 റണ്‍സായിരുന്നു ധോണിയുടെ സമ്പാദ്യം.

ഒടുവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ 158ല്‍ പോരാട്ടം അവസാനിപ്പിച്ചു.

ക്യാപ്പിറ്റല്‍സിനായി വിപ്രജ് നിഗം രണ്ട് വിക്കറ്റ് നേടി. മിച്ചല്‍ സ്റ്റാര്‍ക്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍ എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ നേടിയത്.

ഈ വിജയത്തിന് പിന്നാലെ ദല്‍ഹി ക്യാപ്പിറ്റല്‍സ് ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.

 

Content Highlight: IPL 2025: DC vs CSK: Delhi Capitals defeated Chennai Super Kings