Kerala News
ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടികിട്ടിയെന്നുവരും, സഹിച്ചേക്കണം; ജബല്‍പൂര്‍ ആക്രമണത്തെ ന്യായീകരിച്ച് പി.സി. ജോര്‍ജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 05, 12:35 pm
Saturday, 5th April 2025, 6:05 pm

കോട്ടയം: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പുരോഹിതരെ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച് ബി.ജെ.പി നേതാവ് പി.സി ജോര്‍ജ്. ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ ചിലപ്പോള്‍ അടികിട്ടുമെന്നും സഹിച്ചോണം എന്നുമാണ് പി.സി ജോര്‍ജിന്റെ വാദം.

‘ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടി കിട്ടിയെന്നിരിക്കും. അതിന് ക്രിസ്ത്യാനി, മുസ്‌ലിം, ഹിന്ദു എന്നൊന്നുമില്ല. മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും. സഹിച്ചോണം,’പി.സി. ജോര്‍ജ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് 31നാണ് മധ്യപ്രദേശിലെ ജബല്‍പൂര്‍ അതിരൂപതയുടെ വികാരി ജനറലായ ഫാദര്‍ ഡേവിസ് ജോര്‍ജിനും രൂപത പ്രൊക്യുറേറ്ററായ ഫാദര്‍ ജോര്‍ജ് തോമസിനും വിശ്വാസികള്‍ക്കും മര്‍ദനമേറ്റത്. മാണ്ട്‌ല ഇടവകയില്‍ നിന്നുള്ള ഒരു കൂട്ടം കത്തോലിക്കാ തീര്‍ത്ഥാടകര്‍ 2025 ജൂബിലിയുടെ ഭാഗമായി ജബല്‍പൂരിലെ വിവിധ കത്തോലിക്കാ പള്ളികളിലേക്ക് തീര്‍ത്ഥാടനം നടത്തുകയായിരുന്നു.

ഈ സമയം ബജ്രംഗ്ദള്‍ സംഘം തടഞ്ഞുനിര്‍ത്തി വിശ്വാസികള്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയും ഇവരെ ഒംതി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. പിന്നീട് ഇവരെ വിട്ടയച്ചെങ്കിലും മറ്റൊരു പള്ളിയില്‍ വെച്ച് വീണ്ടും തടഞ്ഞുനിര്‍ത്തിവിശ്വാസികളെ റാഞ്ചി പൊലീസ് സ്റ്റേഷനിലേക്ക്ബജ്രംഗ്ദള്‍ സംഘം കൊണ്ടുപോയി.

തുടര്‍ന്ന് ഇവരെ സഹായിക്കാനെത്തിയതാണ് ജബല്‍പൂര്‍ വികാരി ജനറല്‍ ഫാദര്‍ ഡേവിസും രൂപതാ പ്രൊക്യുറേറ്റര്‍ ഫാദര്‍ ജോര്‍ജും. എന്നാല്‍ വൈദികര്‍ക്കും മര്‍ദനമേല്‍ക്കുകയായിരുന്നു.

ഒടുവില്‍ പൊലീസ് ഇടപെട്ട് വൈകുന്നേരം അഞ്ച് മണിയോടെ പുരോഹിതന്മാരെയും തീര്‍ത്ഥാടകരെയും മോചിപ്പിച്ച് മാണ്ട്‌ലയിലേക്ക് തിരികെ കൊണ്ടുപോകുകയായിരുന്നു.

Content Highlight: If you go in front of a temple and show disrespect, you will get beaten up, you have to bear it; PC George justifies the Jabalpur attack