Entertainment
മലയാളത്തില്‍ ന്യൂജെന്‍ സിനിമയുടെ പിതാമഹനാണ് അയാള്‍: മനോജ് കെ. ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 16, 12:39 pm
Sunday, 16th February 2025, 6:09 pm

36 വര്‍ഷമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

മനോജ് കെ. ജയന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബി എന്ന ചിത്രത്തിലെ എഡ്ഡി. അമല്‍ നീരദ് സംവിധാനം ചെയ്ത ചിത്രം റിലീസ് സമയത്ത് വേണ്ടത്ര ശ്രദ്ധ നേടിയില്ലെങ്കിലും ഇന്ന് ഒരുപാട് ആരാധകരുള്ള സിനിമയായി മാറി. ചിത്രത്തെക്കുറിച്ചും അമല്‍ നീരദിനെക്കുറിച്ചും സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. ബിഗ് ബിയുടെ ആദ്യത്തെ സ്‌റ്റേജ് മുതല്‍ കൂടെ നിന്ന ആളായിരുന്നു താനെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു.

ആ ചിത്രത്തില്‍ സ്വല്പം സംശയം തോന്നുന്ന കഥാപാത്രമായിരുന്നു തന്റേതെന്നും അതിലെ ഗെറ്റപ്പും കുറച്ച് വ്യത്യസ്തമായിരുന്നെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. ഹാഫ് കുര്‍ത്തയും മുണ്ടുമാണ് തന്റെ വേഷമെന്ന് അമല്‍ നീരദ് പറഞ്ഞപ്പോള്‍ തനിക്ക് സംശയം തോന്നിയെന്നും അതെങ്ങനെ മാച്ചാകുമെന്ന് സംശയമുണ്ടായിരുന്നെന്നും മനോജ് കെ. ജയന്‍ പറയുന്നു.

എന്നാല്‍ അമല്‍ നീരദ് ആ കഥാപാത്രത്തെ മനസില്‍ കണ്ട രീതി കുറച്ച് വ്യത്യസ്തമായിരുന്നെന്നും അത് പ്രേക്ഷകര്‍ക്ക് കൃത്യമായി മനസിലായെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളോടൊപ്പം എഡ്ഡിയും പ്രേക്ഷകരുടെ ഇടയില് രജിസ്റ്ററാകുന്നതിന് ആ ഗെറ്റപ്പ് സഹായകമായെന്നും മനോജ് കെ. ജയന്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ന്യൂജെന്‍ സിനിമയുടെ പിതാമഹനാണ് അമല്‍ നീരദെന്നും മനോജ് കെ. ജയന്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയോട് സംസാരിക്കുകയായിരുന്നു മനോജ് കെ. ജയന്‍.

‘ബിഗ് ബിയിലെ എഡ്ഡി എന്റെ കരിയറിലെ മികച്ച ക്യാരക്ടേഴ്‌സില്‍ ഒന്നാണ്. ആ പടത്തിന്റെ ആദ്യ സ്റ്റേജ് മുതല്‍ അവരുടെ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളാണ് ഞാന്‍. ആ പടത്തില്‍ എന്റെ കഥാപാത്രം മറ്റുള്ളവരെപ്പോലെയല്ല. അയാള്‍ ഫാമിലി മാനാണ്. ബിലാലും ബാക്കിയുള്ളവരും പ്രതികാരത്തിന് പോകുമ്പോള്‍ എഡ്ഡി അതിന് ഇറങ്ങാത്തത് അയാള്‍ക്ക് കുടുംബമുള്ളതുകൊണ്ടാണ്.

അതുപോലെ, ആ ക്യാരക്ടറിന്റെ ചില പ്രവൃത്തികള്‍ ആളുകളില്‍ സംശയമുണ്ടാക്കുന്നുണ്ട്. ആ പടത്തിലെ പല കാര്യങ്ങളും നമ്മള്‍ കണ്ടുശീലിച്ചവയില്‍ നിന്ന് വ്യത്യസ്തമായിരുന്നു. അതിലൊന്നാണ് എഡ്ഡിയുടെ കോസ്റ്റിയൂം. എന്നോട് അമല്‍ പറഞ്ഞത് ഹാഫ് കുര്‍ത്തയും മുണ്ടുമാണ് കോസ്റ്റിയൂം എന്നായിരുന്നു. അത് രണ്ടും എങ്ങനെ മാച്ച് ആകുമെന്ന് എനിക്ക് ഡൗട്ടായി. പക്ഷേ, ആ ഗെറ്റപ്പ് ആളുകള്‍ക്ക് വര്‍ക്കായി. എന്റെ അഭിപ്രായത്തില്‍ മലയാളത്തിലെ ന്യൂജെന്‍ സിനിമയുടെ പിതാമഹനാണ് അമല്‍ നീരദ്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Manoj K Jayan saying Amal Neerad is the Godfather of New gen films in Malayalam cinema