മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ താരമാണ് ലാല്‍. സിദ്ദിഖിനൊപ്പം ചേര്‍ന്ന് ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ പിന്നീട് ഒറ്റക്ക് സംവിധാനം ചെയ്ത ചിത്രങ്ങളും പ്രേക്ഷകരെ രസിപ്പിച്ചവയായിരുന്നു. സംവിധാനത്തിന് പുറമെ അഭിനയത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയ ലാല്‍ മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സിനിമയിലും മിമിക്രിയിലും തന്റെ സന്തത സഹചാരിയായിരുന്ന സിദ്ദിഖിനെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. താന്‍ ഇല്ലായിരുന്നെങ്കില്‍ സിദ്ദിഖ് ഇത്രയും വലിയ ഉയരത്തിലെത്തില്ലായിരുന്നെന്ന് ലാല്‍ പറഞ്ഞു. അതുപോലെ സിദ്ദിഖിന്റെ സൗഹൃദമില്ലായിരുന്നെങ്കില്‍ താനും ഇത്രക്ക് വളരില്ലായിരുന്നെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
കലാഭവനിലേക്ക് പോയതായാലും അത് കഴിഞ്ഞ് ഫാസിലിനെ പരിചയപ്പെട്ട കാര്യത്തിലും താന്‍ സിദ്ദിഖിനെ നിര്‍ബന്ധിച്ച് കൊണ്ടുപോവുകയായിരുന്നെന്ന് ലാല്‍ പറയുന്നു. ഭയങ്കര ഉള്‍വലിച്ചിലിന്റെ ആളായിരുന്നു സിദ്ദിഖെന്നും പലയിടത്തും താന്‍ സിദ്ദിഖിനെ വലിച്ചു മുന്നില്‍ കൊണ്ട് നിര്‍ത്തിയെന്നും ലാല്‍ പറഞ്ഞു. സിദ്ദിഖിന്റെ ആ സ്വഭാവം വെച്ച് അയാള്‍ എങ്ങനെ ഹിന്ദിയില്‍ സിനിമ ചെയ്‌തെന്ന് താന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ടെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.
സിദ്ദിഖില്ലെങ്കില്‍ താന്‍ പരമബോറനായ ഒരാളായേനെയെന്നും ലാല്‍ പറയുന്നു. താന്‍ വളരെ കുഴപ്പക്കാരനും കുസൃതിയും അലമ്പുമൊക്കെ കളിച്ചു നടക്കുന്ന ആളായി നിന്നേനെയെന്നും ലാല്‍ പറഞ്ഞു. അങ്ങനെ പരസ്പരം ഓരോന്ന് കൈമാറിയാണ് തങ്ങള്‍ നിലനിന്നതെന്ന് ലാല്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ലാല്‍.
‘സിദ്ദിഖ് ഒരുകാര്യത്തിനും മുമ്പോട്ടിറങ്ങില്ലായിരുന്നു. ഞാന്‍ ഇല്ലായിരുന്നെങ്കില്‍, അല്ലെങ്കില്‍ എന്നെപ്പോലൊരാള്‍ ഇല്ലായിരുന്നെങ്കില്‍ സിദ്ദിഖ് ഒന്നുമാകില്ലായിരുന്നു. ഭയങ്കര ഉള്‍വലിച്ചിലിന്റെ ആളായിരുന്നു സിദ്ദിഖ്. കലാഭവനിലേക്ക് എത്തുന്നതിലായാലും അത് കഴിഞ്ഞ് ഫാസില്‍ സാറിനെ പരിചയപ്പെടുന്ന കാര്യത്തിലായാലും ഞാന്‍ സിദ്ദിഖിനെ വലിച്ചുകൊണ്ടുപോവുകയായിരുന്നു.
ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്, ഇയാള്‍ എങ്ങനെയാണ് ഹിന്ദിയില്‍ അത്രയും വലിയ സിനിമ ചെയ്തതെന്ന്. ഞാന്‍ ഇല്ലായിരുന്നെങ്കില്‍ സിദ്ദിഖ് ഉണ്ടാവില്ലെന്ന് പറയുന്നതുപോലെയാണ് സിദ്ദിഖ് ഇല്ലായിരുന്നെങ്കില്‍ ഞാനും ഉണ്ടാകില്ല. അയാള്‍ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ മഹാ ബോറായിട്ടുള്ള ആളായേനെ. ഞാന്‍ വളരെ കുഴപ്പക്കാരനും പിന്നെ കുസൃതിയും അലമ്പുമൊക്കെ കളിച്ച് നടന്ന ആളായേനെ. അങ്ങനെ പരസ്പരം കൈമാറിയാണ് ഞങ്ങള്‍ ജീവിച്ചത്,’ ലാല്‍ പറഞ്ഞു.
Content Highlight: Lal about the friendship with Siddique