Sports News
ഇതല്ലേ ഡെക്കാന്‍ ചാര്‍ജേഴ്‌സും ചെയ്തത്; കാത്തിരിപ്പിനൊടുവില്‍ മുംബൈ ഫാമിലിയിലേക്ക് 11ാം കിരീടം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 09, 02:47 am
Sunday, 9th February 2025, 8:17 am

എസ്.എ20യുടെ മൂന്നാം എഡിഷനില്‍ ചാമ്പ്യന്‍മാരായി എം.ഐ കേപ്ടൗണ്‍. കഴിഞ്ഞ ദിവസം വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്പിനെ 76 റണ്‍സിന് പരാജയപ്പെടുത്തിയാണ് സൗത്ത് ആഫ്രിക്കന്‍ ടി-20 സര്‍ക്യൂട്ടില്‍ കേപ്ടൗണ്‍ തങ്ങളുടെ കാലൊച്ച കേള്‍പ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത എം.ഐ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് നേടി. 182 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഓറഞ്ച് ആര്‍മി 105ന് പുറത്താവുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം കിരീടം പ്രതീക്ഷിച്ചിറങ്ങിയ സണ്‍റൈസേഴ്‌സിനെ ട്രെന്റ് ബോള്‍ട്ടും കഗീസോ റബാദയും ചേര്‍ന്നാണ് എറിഞ്ഞിട്ടത്. ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് കേപ്ടൗണ്‍ എന്ന കടമ്പയും മറികടക്കുമെന്ന് കരുതിയെങ്കിലും തങ്ങളുടെ ഫാമിലിയിലേക്ക് 11ാം കിരീടമെത്തിച്ചാണ് എം.ഐ കേപ്ടൗണ്‍ തിളങ്ങിയത്.

ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് സീസണിലും പോയിന്റ് പട്ടികയില്‍ അവസാനക്കാരായിരുന്ന എം.ഐ കേപ്ടൗണ്‍ മൂന്നാം സീസണില്‍ കിരീടം നേടിയാണ് തിളങ്ങിയത്. ഐ.പി.എല്ലിന്റെ ആദ്യ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരായി തലകുനിച്ച് നില്‍ക്കുകയും രണ്ടാം സീസണില്‍ കിരീടം നേടുകയും ചെയ്ത ഗില്ലിയുടെ ഡെക്കാന്‍ ചാര്‍ജേഴ്‌സിനൊപ്പമാണ് ആരാധകര്‍ ഈ വിജയത്തെയും ചേര്‍ത്തുവെക്കുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേപ്ടൗണിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാര്‍ ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടിന്റെ ആനുകൂല്യം പിന്നാലെയെത്തിയവരും മുതലെടുത്തപ്പോള്‍ കലാശപ്പോരാട്ടത്തില്‍ മികച്ച സ്‌കോറിലേക്ക് കേപ്ടൗണ്‍ ഉയര്‍ന്നു.

26 പന്തില്‍ 39 റണ്‍സ് നേടിയ കോനര്‍ എസ്റ്ററുയിസെന്നാണ് ടോപ് സ്‌കോറര്‍. 18 പന്തില്‍ 38 റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസ് തിളങ്ങിയപ്പോള്‍ 15 പന്തില്‍ 33 റണ്‍സുമായി റിയാന്‍ റിക്കല്‍ടണും തന്റെ റോള്‍ ഗംഭീരമാക്കി.

റാസി വാന്‍ ഡെര്‍ ഡസന്‍ (15 പന്തില്‍ 23), ഡിലാനോ പോട്ഗീറ്റര്‍ (12 പന്തില്‍ പുറത്താകാതെ 13) എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍.

ഒടുവില്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ എം.ഐ 181ലെത്തി.

സണ്‍റൈസേഴ്‌സിനായി റിച്ചാര്‍ഡ് ഗ്ലീസണ്‍, മാര്‍കോ യാന്‍സെന്‍, ലിയാം ഡോവ്‌സണ്‍ എന്നിവര്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ക്രെയ്ഗ് ഓവര്‍ട്ടണ്‍, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്‌സിന് തൊട്ടതെല്ലാം പിഴച്ചു. 18.4 ഓവറില്‍ 105 റണ്‍സ് മാത്രമാണ് ചാമ്പ്യന്‍ ടീമിന് നേടാന്‍ സാധിച്ചത്. ഓപ്പണര്‍ ഡേവിഡ് ബെഡ്ഡിങ്ഹാം, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെന്‍ എന്നിവരടക്കം ആറ് താരങ്ങളാണ് ഒറ്റയക്കത്തിന് പുറത്തായത്. 25 പന്തില്‍ 30 റണ്‍സ് നേടിയ ടോം ഏബലാണ് ടോപ് സ്‌കോറര്‍.

എം.ഐ കേപ്ടൗണിനായി കഗീസോ റബാദ നാല് വിക്കറ്റ് വീഴ്ത്തി. ബോള്‍ട്ടും ജോര്‍ജ് ലിന്‍ഡെയും രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ റാഷിദ് ഖാനും കോര്‍ബിന്‍ ബോഷും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

എം.ഐ ഫാമിലിയിലേക്ക് ഇത് 11ാം കിരീടമാണ് എം.ഐ കേപ്ടൗണിലൂടെ എത്തുന്നത്. മുംബൈ ഇന്ത്യന്‍സ് ഏഴ് കിരീടം സ്വന്തമാക്കിയപ്പോള്‍ വനിതകള്‍ ഒരു കിരീടവും നേടി. എം.എല്‍.എസ്, ഐ.എല്‍.ടി-20 എന്നീ ടൂര്‍ണമെന്റുകളിലും മുംബൈ ഫ്രാഞ്ചൈസി കിരീടങ്ങള്‍ സ്വന്തമാക്കി.

എം.ഐ ഫാമിലിയുടെ കിരീട നേട്ടങ്ങള്‍

ഐ.പി.എല്‍മുംബൈ ഇന്ത്യന്‍സ് – അഞ്ച് തവണ – 2013, 2015, 2017, 2019, 2020.

ചാമ്പ്യന്‍സ് ലീഗ് ടി-20 മുംബൈ ഇന്ത്യന്‍സ് – രണ്ട് തവണ – 2011, 2013.

ഡബ്ല്യൂ.പി.എല്‍ മുംബൈ ഇന്ത്യന്‍സ് – ഒരു തവണ – 2023

മേജര്‍ ലീഗ് ക്രിക്കറ്റ്എം.ഐ ന്യൂയോര്‍ക് – ഒരു തവണ – 2023

ഐ.എല്‍. ടി-20എം.ഐ എമിറേറ്റ്‌സ് – ഒരു തവണ – 2024

എസ്.എ20എം.ഐ കേപ്ടൗണ്‍ – ഒരു തവണ – 2025*

ഫെബ്രുവരി 14ന് വനിതാ പ്രീമിയര്‍ ലീഗിന്റെ മൂന്നാം എഡിഷനും ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടുപിന്നാലെ ഐ.പി.എല്ലുമെത്തുമ്പോള്‍ കിരീട നേട്ടങ്ങള്‍ വര്‍ധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്.

 

Content highlight: SA20: MI Cape Town wins the title