'മാവോയുടെ പേര് പോലും ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്തവരാണ് മാവോയിസ്റ്റുകള്‍'; പ്രത്യയശാസ്ത്രപരമായ നിലപാടില്ലാത്തവരെന്നും എസ്. രാമചന്ദ്രന്‍ പിള്ള
Kerala News
'മാവോയുടെ പേര് പോലും ഉച്ചരിക്കാന്‍ യോഗ്യതയില്ലാത്തവരാണ് മാവോയിസ്റ്റുകള്‍'; പ്രത്യയശാസ്ത്രപരമായ നിലപാടില്ലാത്തവരെന്നും എസ്. രാമചന്ദ്രന്‍ പിള്ള
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 8:34 am

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വഴിതെറ്റിയ വിപ്ലവകാരികളായി കണക്കാക്കാനാകില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ള. പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടും ഇവര്‍ക്ക് അവകാശപ്പെടാനില്ലെന്നും ദേശാഭിമാനിയില്‍ നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മാവോയുടെ പേരുപയോഗിച്ച് ജനാധിപത്യ-പുരോഗമന ശക്തികളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് മാവോയിസ്റ്റുകള്‍. ഇന്നത്തെ സ്ഥിതിഗതികളെ മാര്‍ക്‌സിസത്തിന്റെയും മാവോ സെതുങ്ങിന്റയും കാഴ്ചപ്പാടുകളനുസരിച്ച് വിലയിരുത്തുകയോ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുകയോ ചെയ്യാത്തവരാണിവരെന്നും എന്നും എസ്. രാമചന്ദ്രന്‍ പിള്ള വിമര്‍ശിച്ചു.

‘1960കളിലും 70കളിലും ആശയപരമായി സി.പി.ഐ.എമ്മില്‍ നിന്ന് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ച പല ഗ്രൂപ്പുകളും ഉണ്ടായിട്ടുണ്ട്. നക്‌സലൈറ്റുകള്‍, വിവിധ മാര്‍ക്‌സിസ്റ്റ് ഗ്രൂപ്പുകള്‍ തുടങ്ങിയവയെയാണ് ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ അത്തരം ഗ്രൂപ്പുകളില്‍ നിന്ന് തികച്ചും വ്യത്യസ്തരാണ് മാവോയിസ്റ്റുകള്‍. മാവോയുടെ പേരുപയോഗിച്ച് ജനാധിപത്യ പുരോഗമന ശക്തികളെ കബളിപ്പിക്കാന്‍ ശ്രമിക്കുന്നവരാണിവര്‍.

മാവോയിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ഇവര്‍ക്ക് മാര്‍ക്‌സിസവുമായോ മാവോയുമായോ മാവോയുടെ ആശയവുമായോ പ്രവര്‍ത്തന സമ്പ്രദായങ്ങളുമായോ ഒരു ബന്ധവുമില്ല. ഇന്നത്തെ സ്ഥിതിഗതികളെ മാര്‍ക്‌സിസത്തിന്റെയും മാവോ സെതുങ്ങിന്റയും കാഴ്ച്ചപ്പാടുകളനുസരിച്ച് വിലയിരുത്തുകയോ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കുകയോ ചെയ്യാത്തവരാണിവര്‍. പ്രത്യയ ശാസ്ത്രപരമായ ഒരു നിലപാടും ഇവര്‍ക്കില്ല’. എസ്. രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഒരു ജനകീയ സമരത്തിന്റെ മുന്‍പന്തിയിലും ഇവരെ കാണാനാകില്ലെന്നും അവര്‍ ആയുധമെടുക്കുന്നത് സ്വന്തം കാര്യത്തിനുവേണ്ടിയാണെന്നും മാവോസെതുങ്ങിന്റെ പേര് ഉച്ചരിക്കാന്‍ പോലും അര്‍ഹതയില്ലാത്തവരാണ് ഇവരെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ജനകീയ സമരത്തിന്റെ മുന്‍പന്തിയിലും ഇവരെ കാണാറില്ല. അവര്‍ ആയുധമേന്തുന്നത് സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മാത്രമാണ്. മാവോ സെതുങ്ങിന്റെ പേര് ഉച്ചരിക്കാന്‍പോലും അര്‍ഹതയില്ലാത്തവരാണിവര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ജനങ്ങളെ അണിനിരത്താനാണ് മാവോ സെതുങ് പരിശ്രമിച്ചത്. ജനങ്ങളില്‍നിന്നു പഠിച്ച് ജനങ്ങളെ നയിക്കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. ദശലക്ഷക്കണക്കിന് ജനങ്ങളെ അണിനിരത്തിയാല്‍മാത്രമേ സാമൂഹ്യമാറ്റം നേടാനാകൂ. ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളും സാഹസികനടപടികളുംകൊണ്ട് ജനങ്ങളെ അണിനിരത്താനാകില്ല’- എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ലെനിനും മാവോസെതുങ്ങും ഹോചിമിനും മറ്റ് വിപ്ലവകാരികളും ഒറ്റപ്പെട്ട ഭീകരപ്രവര്‍ത്തനങ്ങളെ ആക്ഷേപിച്ചവരാണെന്നും ജനങ്ങളെ സംഘടിപ്പിക്കാനും അവകാശ ബോധമുള്ളവരാക്കാനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണകൂട ഭീകരതയെപ്പറ്റി മാത്രമാണ് അവര്‍ സംസാരിക്കുന്നതെന്നും ഏത് വര്‍ഗാധിപത്യത്തിന്റെ ഉപകരണമാണ് ഭരണകൂടമെന്ന് അവര്‍ക്ക് വ്യക്തമാക്കാന്‍ കഴിയുന്നില്ലെന്നും ജനവിരുദ്ധ സര്‍ക്കാരായ ബി.ജെ.പിയെയും ജനതാല്‍പര്യം സംരംക്ഷിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെയും ഒന്നായി കാണുന്നവരാണിവരെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ജാതി മത തീവ്രവാദസംഘങ്ങളുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തനഐക്യം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. തീവ്രവര്‍ഗീയ നിലപാട് എടുക്കുന്നവരുമായി ഐക്യം കെട്ടിപ്പടുക്കാനാണ് ഇവര്‍ നീങ്ങുന്നത് . ഇടതുപക്ഷ ജനാധിപത്യശക്തികളെ എതിര്‍ക്കാന്‍ വര്‍ഗീയശക്തികള്‍ക്ക് കരുത്ത് പകരാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാവോയിസ്റ്റുകള്‍ക്ക് അനുകൂലമായി കോണ്‍ഗ്രസും ബി.ജെ.പിയും മാത്രമല്ല മറ്റെല്ലാ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ശത്രുക്കളും കൈകോര്‍ത്തിരിക്കുകയാണെന്നും ഭൂരിപക്ഷം മാധ്യമങ്ങളും സര്‍ക്കാരിനെതിരെ ഒരുമിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇവരെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് എല്ലാ പുരോഗമന ജനാധിപത്യശക്തികളുടെയും കടമയാണെന്നും എസ്. രാമചന്ദ്രന്‍ പിള്ള അഭിമുഖത്തില്‍ വ്യക്തമാക്കി.