Entertainment
പേരില്ലാതെ മമ്മൂട്ടി അഭിനയിച്ച ഏക സിനിമ അതാണ്: എസ്.എൻ സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Sep 02, 02:02 pm
Monday, 2nd September 2024, 7:32 pm

മലയാളത്തിലെ ഹിറ്റ് മേക്കർ തിരക്കഥാകൃത്താണ് എസ്.എൻ.സ്വാമി. സേതുരാമയ്യർ സി.ബി.ഐ, സാഗർ ഏലിയാസ് ജാക്കി തുടങ്ങി മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ് കഥാപാത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് അദ്ദേഹം. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ സൂപ്പർ സ്റ്റാറുകൾക്ക് സൂപ്പർ ഹിറ്റുകൾ നൽകിയ എസ്.എൻ സ്വാമി ഈയിടെ സീക്രെട്ട് എന്ന ചിത്രവും സംവിധാനം ചെയ്തിരുന്നു.

സത്യൻ അന്തിക്കാടും എസ്. എൻ സ്വാമിയും ഒന്നിച്ച ചിത്രമായിരുന്നു കളിക്കളം. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ ശോഭന, മുരളി, ശ്രീനിവാസൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഹ്യൂമറിനൊപ്പം ത്രില്ലറും കൂടെ ചേർത്താണ് കളിക്കളത്തിന്റെ കഥ മുന്നോട്ട് പോവുന്നത്.

മമ്മൂട്ടിയെ വെച്ച് അങ്ങനെയൊരു കഥ വേണമെന്നത് സത്യൻ അന്തിക്കാടിന്റെ നിർദേശമായിരുന്നുവെന്നും സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ലെന്നും എസ്. എൻ സ്വാമി പറഞ്ഞു. മമ്മൂട്ടി ജീവിതത്തിൽ അങ്ങനെ അഭിനയിച്ച ഒറ്റ ചിത്രം കളിക്കളമാണെന്നും ഓൺ ലുക്കേഴ്സ് മീഡിയയോട് എസ്.എൻ സ്വാമി പറഞ്ഞു.

‘സത്യൻ സാറിന്റെ നിർബന്ധമായിരുന്നു അങ്ങനെയൊരു കഥ വേണമെന്ന്. അല്ലാതെ ഒരു കുടുംബ കഥ വേണമെന്ന് പുള്ളി എന്നോട് പറഞ്ഞിട്ടേയില്ല.

അദ്ദേഹം പറഞ്ഞത് വളരെ വ്യത്യസ്തമായൊരു സിനിമ മമ്മൂട്ടിയെ വെച്ച് വേണമെന്നായിരുന്നു. ഒരു കള്ളന്റെ കഥയെടുത്താലോ എന്ന നിർദേശം മുന്നോട്ട് വെച്ചതും സത്യനാണ്. അങ്ങനെയാണ് കളിക്കളത്തിലേക്ക് എത്തുന്നത്.

ആ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് , അതിനകത്ത് മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരില്ല. ജീവിതത്തിൽ ആകെപ്പാടെ അങ്ങനെയൊരു പടമേ മമ്മൂട്ടി ചെയ്തിട്ടുള്ളൂ. അതാണ് കളിക്കളം. മമ്മൂട്ടിക്ക് പേരെയില്ല ആ പടത്തിൽ. കഥാപാത്രത്തിന് ഒരു പേര് വേണ്ടേ സിനിമയിൽ.

എന്നാൽ കളിക്കളത്തിൽ അതില്ല. ആ സിനിമയിൽ ശ്രീനിവാസൻ തന്നെ അത് പറയുന്നുമുണ്ട്, അയാളുടെ പേര് എന്താണാവോ. ഞാൻ ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ലെന്ന്. അങ്ങനെയൊരു സിനിമയാണ് കളിക്കളം,’ എസ്.എൻ സ്വാമി പറയുന്നു.

 

Content Highlight: S.N.Swami Talk About Kalikkalam Movie And Mammootty