ഫഹദിനോട് ഭ്രാന്തമായ ആരാധന തോന്നിയത് ആ സിനിമ കണ്ടതിന് ശേഷമാണ്: എസ്.ജെ സൂര്യ
Entertainment
ഫഹദിനോട് ഭ്രാന്തമായ ആരാധന തോന്നിയത് ആ സിനിമ കണ്ടതിന് ശേഷമാണ്: എസ്.ജെ സൂര്യ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 21st July 2024, 12:48 pm

നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് എസ്.ജെ സൂര്യ. ഇടക്ക് കരിയറില്‍ ബ്രേക്ക് എടുക്കേണ്ടി വന്നെങ്കിലും കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ഇരൈവിയിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തി. മാനാട്, മാര്‍ക്ക് ആന്റണി എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പെര്‍ഫോമന്‍സ് എല്ലാവരും ആസ്വദിച്ചിരുന്നു. വിപിന്‍ ദാസ് സംവിദാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെ മലയാളത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് എസ്.ജെ സൂര്യ.

ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ കോമഡി ഴോണിറില്‍ പെടുന്നതാണ്. മാലിക്, മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്‌സ് തുടങ്ങിയ സിനിമകളിലൂടെ ഫഹദിനെ ഇഷ്ടമായെങ്കിലും ആവേശം കണ്ടതിന് ശേഷം താനിക്ക് ഫഹദിനോട് ഭ്രാന്തമായ ആരാധന തെന്നിയെന്ന് എസ്. ജെ സൂര്യ പറഞ്ഞു.

ആവേശത്തിന്റെ ക്ലൈമാക്‌സില്‍ ആ മൂന്ന് പിള്ളേരെ തല്ലാന്‍ പോകുമ്പോള്‍ അമ്മയുടെ ഫോണ്‍ വരുന്ന സീനാണ് തനിക്ക് ഏറ്റവും ഇഷ്ടമായതെന്ന് എസ്.ജെ. സൂര്യ പറഞ്ഞു. ഒരേസമയം പിള്ളേരോടുള്ള ദേഷ്യവും അമ്മയോടുള്ള ബഹുമാനവും ഡയലോഗിലൂടെ കണ്‍വേ ചെയ്തത് ഗംഭീരമായിരുന്നുവെന്നും ഫഹദിനല്ലാതെ വേറെ ആര്‍ക്കും ആ സീന്‍ ചെയ്യാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രമായ രായന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കുമുദം ചാലിന് നല്‍കിയ അഭിമുഖത്തിലാണ് എസ്.ജെ. സൂര്യ ഇക്കാര്യം പറഞ്ഞത്.

‘ഫഹദ് സാറിന്റെ മാലിക്, കുമ്പളങ്ങി നൈറ്റ്‌സ്, മഹേഷിന്റെ പ്രതികാരം എന്നീ സിനിമകള്‍ ആസ്വദിച്ച് കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹത്തോട് ഭ്രാന്തമായ ആരാധന തോന്നിയത് ആവേശം കണ്ടപ്പോഴാണ്. ഗംഭീര പെര്‍ഫോമന്‍സാണ് ഫഹദ് സാര്‍ ആവേശത്തില്‍ കാണിച്ചത്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടമായത് ക്ലൈമാക്‌സിലെ ഒരു സീനാണ്.

ആ മൂന്ന് പിള്ളേരെയും തല്ലാന്‍ വേണ്ടി പോകുമ്പോള്‍ അതിലൊരുത്തന്റെ അമ്മ ഫോണ്‍ ചെയ്യും. രംഗന്‍ ബഹുമാനിക്കുന്ന ഒരാളാണ് ആ അമ്മ. ഒരേസമയം അമ്മയോടുള്ള ബഹുമാനവും ആ പിള്ളേരോടുള്ള ദേഷ്യവും പുള്ളിയുടെ സൗണ്ടില്‍ നിന്ന് മനസിലാകും. ആ സിനിമയിലേക്ക് വിപിന്‍ ദാസ് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഓഡിയന്‍സ് വളരെയധികം പ്രതീക്ഷ വെക്കാന്‍ ചാന്‍സുണ്ട്. സൂക്ഷിക്കണമെന്ന് വാണ്‍ ചെയ്തിരുന്നു,’ എസ്. ജെ സൂര്യ പറഞ്ഞു.

Content Highlight: S J Surya about Fahadh Faasil’s perfomance in Aavesham