കീവ്: റഷ്യ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക ഉക്രൈന്‍-റഷ്യ യുദ്ധത്തെ വിലയിരുത്തന്നതെന്ന് ഉക്രൈന്‍ പ്രസിഡന്റ് വ്ളോദിമര്‍ സെലന്‍സ്‌കി. യു.എസ് സര്‍ക്കാരിനുള്ളിലെ ചില ഉദ്യോഗസ്ഥര്‍ റഷ്യ നല്‍കുന്ന തെറ്റായ വിവരങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നുണ്ടെന്നും യുദ്ധം തുടങ്ങാനുണ്ടായ കാരണങ്ങളക്കുറിച്ച് വ്യാജമായ വാദങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും സെലന്‍സ്‌കി ആരോപിച്ചു.
യു.എസ് വാര്‍ത്താ പരിപാടിയായ 60 മിനിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമുഖത്തിനിടെ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെയും സെലന്‍സ്‌കി വിമര്‍ശിക്കുന്നുണ്ട്. ഉക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ വാന്‍സ് ന്യായീകരിക്കുകയാണെന്നും സെലന്‍സ്‌കി കുറ്റപ്പെടുത്തി. ഫെബ്രുവരിയില്‍ ഓവല്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ സെലന്‍സ്‌കിയും വാന്‍സും തമ്മില്‍ വാഗ്വാദങ്ങളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
‘ദുഃഖകരമെന്നു പറയട്ടെ, യു.എസില്‍ റഷ്യ നല്‍കുന്ന ആഖ്യാനങ്ങള്‍ പ്രബലമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അമേരിക്കയിലും, യു.എസ് രാഷ്ട്രീയത്തിലും അവിടുത്തെ രാഷ്ട്രീയക്കാരിലും റഷ്യ നല്‍കുന്ന വിവരങ്ങള്‍ ചെലുത്തുന്ന സ്വാധീനം വലുതാണ്,’ സെലന്‍സ്‌കി പറഞ്ഞു. ഈ യുദ്ധത്തില്‍ റഷ്യയാണ് ആക്രമണകാരിയെന്നും തങ്ങള്‍ ഇരകളാണെന്നും സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.
ഉക്രൈന്‍ സന്ദര്‍ശിക്കാനും റഷ്യ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ നേരിട്ട് കാണാനും സെലന്‍സ്‌കി വാന്‍സിനെ ക്ഷണിച്ചിരുന്നു. എന്നാല്‍ വാന്‍സ് ആ ക്ഷണം നിരസിക്കുകയാണുണ്ടായത്. കൂടാതെ കഴിഞ്ഞ മാസം യു.എസുമായി നടന്ന ചര്‍ച്ചയില്‍ ഉക്രൈന്‍ മിനറല്‍സ് ഡീലില്‍ ഒപ്പുവെക്കാത്തത് യു.എസിനോടുള്ള നന്ദികേടാണെന്ന് വാന്‍സ് പറഞ്ഞിരുന്നു.
പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് ഉക്രൈന്റെ ഏറ്റവും വലിയ ആയുധ വിതരണക്കാരും സാമ്പത്തിക സ്രോതസുമായിരുന്നു യു.എസ്. എന്നാല്‍ ട്രംപ് അധികാരത്തില്‍ എത്തിയതോടെ ഉക്രൈനുള്ള പിന്തുണ വെട്ടിക്കുറച്ച ട്രംപ് നിഷ്പക്ഷമായി പെരുമാറുമെന്ന് പറഞ്ഞെങ്കിലും പലപ്പോഴും റഷ്യയോട് മൃദുസമീപനം പുലര്‍ത്തുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്.
ട്രംപിന്റെ പ്രതിനിധിയയായ സ്റ്റീവ് വിറ്റ്‌കോഫ് രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് റഷ്യന്‍ പ്രസിഡന്റ് വ്ളോദിമിര്‍ പുടിനെ കാണാന്‍ റഷ്യയിലേക്ക് പോയത്. എന്നാല്‍ ആ ചര്‍ച്ചകള്‍ വിജയിച്ചില്ല.
2020 ലെ തിരഞ്ഞെടുപ്പില്‍ താന്‍ വിജയിച്ചിരുന്നെങ്കില്‍ റഷ്യയും ഉെൈക്രനും തമ്മിലുള്ള സംഘര്‍ഷം ഒരിക്കലും ഉണ്ടാകുമായിരുന്നില്ലെന്ന് ട്രംപ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചിരുന്നു.
Content Highlight: Russian narratives dominating US says Ukrainian President Volodymyr Zelenskyy