ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞെന്ന് വ്യാജപ്രചരണം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം; മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
West Bengal
ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞെന്ന് വ്യാജപ്രചരണം; പശ്ചിമ ബംഗാളില്‍ സംഘര്‍ഷം; മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd March 2018, 4:57 pm

കൊല്‍ക്കത്ത: ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞതായി വ്യാജവാര്‍ത്ത പ്രചരിച്ചതോടെ പശ്ചിമബംഗാളില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. നോര്‍ത്ത് 24 പര്‍ഗനാസില്‍ ഇന്നലെ ഹോളി ആഘോഷങ്ങള്‍ക്കിടെയാണ് സംഭവം. അക്രമങ്ങളോ അനിഷ്ട സംഭവങ്ങളോ ഉണ്ടായിട്ടില്ലെങ്കിലും നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു.

സ്ഥലത്ത് ദ്രുത കര്‍മ്മ സേനയെ (RAF) വിന്യസിച്ചിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ നിയമത്തിലെ 144-ാം വകുപ്പ് പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എന്നാല്‍ ക്ഷേത്രത്തിലേക്ക് മാംസം എറിഞ്ഞുവെന്ന വ്യാജപ്രചരണത്തെ കുറിച്ച് പ്രതികരിക്കാന്‍ പൊലീസ് തയ്യാറായില്ല. ബാദുരിയയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. കഴിഞ്ഞ വര്‍ഷം ഇവിടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഈ വര്‍ഷം ജനുവരി 14-നും ചെറിയ രീതിയില്‍ വര്‍ഗീയ സംഘര്‍ഷം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.