സുപ്രീംകോടതി ജഡ്ജിമാരെ അപഹസിച്ച ആര്‍.എസ്.എസ് നേതാവിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണം: വി.എസ്
Kerala News
സുപ്രീംകോടതി ജഡ്ജിമാരെ അപഹസിച്ച ആര്‍.എസ്.എസ് നേതാവിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണം: വി.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th November 2018, 2:42 pm

തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജിമാരെ അപഹസിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാറിനെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

അയോധ്യാ കേസ് ജനുവരിയിലേക്ക് മാറ്റിവെച്ചതിലൂടെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ മൂന്ന് ജഡ്ജിമാര്‍ ജുഡീഷ്യറിക്ക് അപമാനമുണ്ടാക്കി എന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. ഇതിനെതിരെ ജനങ്ങളുടെ പ്രതികരണമുണ്ടാവണമെന്ന് പരോക്ഷമായി ആഹ്വാനം ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പ്രസംഗം.

ALSO READ: പാര്‍ലമെന്റ് സ്ട്രീറ്റില്‍ മൊബൈല്‍ ടോയ്‌ലറ്റുമായി ദല്‍ഹി സര്‍ക്കാര്‍, ഭക്ഷണവുമായി വിദ്യാര്‍ത്ഥികള്‍; കര്‍ഷകമാര്‍ച്ചിന് പിന്തുണയേറുന്നു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് കേന്ദ്രസര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിര്‍മ്മാണം നടത്താതിരിക്കുന്നതെന്നും, ഇനി സര്‍ക്കാര്‍ നിയമം കൊണ്ടുവന്നാലും ഈ ജഡ്ജിമാര്‍ അതിന് സ്റ്റേ അനുവദിക്കുമെന്നും വരെ അദ്ദേഹം പ്രസംഗിക്കുകയുണ്ടായെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

“ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. എം.പി മനോജ് തിവാരി നടത്തിയ നിയമലംഘനത്തെ ബി.ജെ.പിയുടെ പാര്‍ട്ടി കോടതി കൈകാര്യം ചെയ്യുമെന്ന നിലപാടിനോട് സുപ്രീംകോടതി കര്‍ക്കശമായ ഭാഷയില്‍ പ്രതികരിച്ചത് ഒരാഴ്ച്ച മുമ്പാണ്. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി നിയമലംഘനം നടത്തുന്നതിലുള്ള ആശങ്കയാണ് കോടതി രൂക്ഷമായ ഭാഷയില്‍ പ്രകടിപ്പിച്ചത്. ”

ALSO READ: ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തറപറ്റിച്ച് എല്‍.ഡി.എഫിന് മികച്ച വിജയം; തൃശൂരില്‍ ബി.ജെ.പിയുടെ സിറ്റിങ് സീറ്റ് പിടിച്ചെടുത്തു

അതേ സമയത്തുതന്നെ, വിശ്വാസം ഭരണഘടനയ്ക്കും മുകളിലാണെന്നും, രാജ്യത്തെ എല്ലാ നിയമവും ലംഘിച്ച് അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും പ്രഖ്യാപിച്ചത് യു.പിയിലെ എം.എല്‍.എ സുരേന്ദ്രസിങ്ങാണ്. അദ്ദേഹത്തിന് അത് പറയാനുള്ള ഊര്‍ജം നല്‍കിയത് തലേ ദിവസം പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രഖ്യാപിച്ച നിയമലംഘന ഉറപ്പാണ്. ആരെങ്കിലും എതിര്‍ക്കാന്‍ വന്നാല്‍, ക്രമസമാധാന പ്രശ്‌നമൊന്നും നോക്കുന്ന പ്രശ്‌നമില്ല എന്നാണ് ആ ജനപ്രതിനിധി പറഞ്ഞത്.

അയോധ്യാ കേസ് സുപ്രീംകോടതിയില്‍ നില്‍ക്കുമ്പോഴാണ് ഇത് രണ്ടും സംഭവിക്കുന്നതെന്നും വി.എസ് ചൂണ്ടിക്കാണിച്ചു. ഭരണഘടനയോടും ജുഡീഷ്യറിയോടും ആര്‍.എസ്.എസ് കൈക്കൊള്ളുന്ന നിഷേധാത്മക നിലപാടിനെ മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് അത് വലിയ ആപത്തായിത്തീരുമെന്നും വി.എസ് പ്രസ്താവനയില്‍ പറഞ്ഞു.

WATCH THIS VIDEO: