അധിനിവേശ മതക്കാരെ തുടരാന്‍ അനുവദിച്ച മറ്റേതെങ്കിലുമൊരു രാജ്യമുണ്ടോ?; സന്തുഷ്ടരായ മുസ്‌ലിങ്ങള്‍ ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്
national news
അധിനിവേശ മതക്കാരെ തുടരാന്‍ അനുവദിച്ച മറ്റേതെങ്കിലുമൊരു രാജ്യമുണ്ടോ?; സന്തുഷ്ടരായ മുസ്‌ലിങ്ങള്‍ ഇന്ത്യയിലെന്ന് മോഹന്‍ ഭാഗവത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th October 2020, 12:23 pm

 

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും സന്തുഷ്ടരായി മുസ്‌ലിങ്ങള്‍ ജീവിക്കുന്നത് ഇന്ത്യയിലാണെന്ന അവകാശവാദവുമായി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്.

ലോകത്ത് എവിടെയെങ്കിലും ഒരു ‘ വിദേശ മതം’ അവിടുത്തെ ജനങ്ങളെ ഭരിച്ചതിന് ശേഷവും അവിടെ തുടരുന്നുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ മാത്രമാണെന്നാണ് മോഹന്‍ ഭാഗതവതിന്റെ മറ്റൊരു നീരീക്ഷണം.

ഹിന്ദി മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഭാഗവതിന്റെ പ്രതികരണം.

ഇന്ത്യയെപ്പോലെ പാകിസ്താന്‍ മറ്റു മത വിശ്വാസം പിന്തുടരാനുള്ള അവകാശം നല്‍കുന്നില്ലെന്നും അതൊരു മുസ്‌ലിം രാജ്യമായാണ് രൂപികരിച്ചെതന്നും മോഹന്‍ ഭാഗവത് അഭിമുഖത്തില്‍ പറയുന്നു.

” നമ്മുടെ ഭരണഘടന ഹിന്ദുക്കള്‍ക്ക് മാത്രമേ ഇവിടെ നില്‍ക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് ഇവിടെ നില്‍ക്കണമെങ്കില്‍ ഹിന്ദു മേധാവിത്വം അംഗീകരിക്കണമെന്നും പറഞ്ഞിട്ടില്ല. നമ്മള്‍ അവര്‍ക്കുകൂടിയുള്ള സ്ഥലം അനുവദിക്കുന്നുണ്ട്. ഇതാണ് നമ്മുടെ രാജ്യത്തിന്റെ സ്വഭാവം. ഇതാണ് ഹിന്ദുക്കളുടെ രീതിയും” മോഹന്‍ ഭാഗവത് പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്രം ആരാധനയ്ക്കല്ലെന്നും നമമുടെ രാജ്യത്തിന്റെ സ്വഭാവത്തിന്റെയും മൂല്യത്തിന്റെയും പ്രതീകം മാത്രമാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

അയോധ്യ വിധിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശവും.

കേന്ദ്രസര്‍ക്കാരിന്റെ സി.എ.എ എന്‍.ആര്‍.സി നിയമങ്ങള്‍ മുസ്‌ലിം വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. ഏറ്റവും ഒടുവിലായി ബാബരി മസ്ജിദ് പൊളിച്ച സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മോഹന്‍ ഭാഗവത് പ്രതികരണവുമായി രംഗത്തെത്തിയത്.

സി.എ.എ, എന്‍.ആര്‍.സി പ്രക്ഷോഭങ്ങള്‍ നടക്കുന്ന സമയത്ത് വിദേശ കടന്നുകയറ്റക്കാരെ ഒന്നൊന്നായി പുറത്താക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളുള്‍പ്പെടെ ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായി നടക്കുന്ന ആള്‍ക്കൂട്ട ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: RSS Chief Mohan Bhagawat on muslims