പാലക്കാട്: എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി തൃശൂര്‍ ജില്ലാ നേതൃത്വം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.
ഒരു വശത്ത് സിനിമക്കെതിരായി തങ്ങള്‍ യാതൊന്നും ചെയ്യുന്നില്ലെന്ന് പറയുകയും മറുവശത്ത് ആ സിനിമയെ ഇല്ലാതാക്കാന്‍ വേണ്ടി ഏതറ്റം വരെയും പോവുകയും ചെയ്യുന്ന നെറികെട്ട രാഷ്ട്രീയമാണ് ബി.ജെ.പി പയറ്റുന്നതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്ദീപ് വാര്യരുടെ പ്രതികരണം.
കേരളത്തില്‍ നിന്ന് ഒരു വലിയ സിനിമ ഉണ്ടായപ്പോള്‍ അതിനെ തകര്‍ക്കാനും നശിപ്പിക്കാനും ഉത്തരേന്ത്യന്‍ ലോബിക്ക് ആഗ്രഹമുണ്ടായിരിക്കാം. അതിനു ചൂട്ടുപിടിക്കുകയാണ് കേരളത്തിലെ ബി.ജെ.പിയെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഇത് കേരളത്തിനെതിരായ മലയാളികള്‍ക്കെതിരായ വിദ്വേഷരാഷ്ട്രീയക്കാരുടെ യുദ്ധപ്രഖ്യാപനമാണ്. മലയാളത്തിന്റെ മഹാനടന്‍ ഖേദപ്രകടനം നടത്തിയിട്ടും വിടാതെ പിന്തുടര്‍ന്ന് വേട്ടയാടുന്ന സംഘപരിവാര്‍ അസഹിഷ്ണുതക്കെതിരായി മലയാളികളുടെ പൊതുമനസാക്ഷി ഉയരണമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
നമുക്കൊരുമിച്ച് സംഘപരിവാര്‍ വിതയ്ക്കുന്ന ഈ വിദ്വേഷരാഷ്ട്രീയത്തെ എതിര്‍ത്തേ മതിയാകൂ. ഇന്ന് മോഹന്‍ലാല്‍ ആണെങ്കില്‍, പൃഥ്വിരാജ് ആണെങ്കില്‍ നാളെ നമ്മള്‍ മലയാളികള്‍ ഓരോരുത്തരും ഇവരുടെ അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ ഇരകളായി മാറുമെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
ജാതിമത രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി നാം മലയാളികള്‍ ഒത്തൊരുമിച്ച് ബി.ജെ.പിയുടെ മലയാള വിരുദ്ധ രാഷ്ട്രീയത്തിനെതിരായി ഒരുമിച്ച് നില്‍ക്കണമെന്നും എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു. കേരളത്തിന്റെ സെക്യുലര്‍ ഫാബ്രിക്കിനെ എഡിറ്റ് ചെയ്യാന്‍ സംഘപരിവാറിനെ അനുവദിക്കരുതെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു.
ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജേഷാണ് എമ്പുരാനെതിരെ ഹരജി ഫയല്‍ ചെയ്തത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതെന്നും കാണിച്ചാണ് ഹരജി.
രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ദേശീയ അന്വേഷണ ഏജന്‍സിയെയും പ്രതിരോധ മന്ത്രാലയത്തെയും എമ്പുരാന്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. ഇതിനെ തുടര്‍ന്നാണ് സന്ദീപ് വാര്യര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
Content Highlight: Sandeep varier react against to BJP’s petition in the High Court demanding a ban on the screening of Empuraan