Entertainment
ഇംഗ്ലീഷില്‍ നിന്ന് അടിച്ചുമാറ്റിയ സബ്‌ജെക്ടുണ്ടെന്ന് പ്രിയന്‍; ആ മോഹന്‍ലാല്‍ ചിത്രം ഹിറ്റായില്ല: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 01, 08:41 am
Tuesday, 1st April 2025, 2:11 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മണിയന്‍പിള്ള രാജു. നടനായും നിര്‍മാതാവായും മലയാള സിനിമാ ലോകത്ത് ഇന്നും നിറഞ്ഞ് നില്‍ക്കുന്ന കലാകാരനാണ് അദ്ദേഹം. കഴിഞ്ഞ 49 വര്‍ഷങ്ങള്‍ കൊണ്ട് 400ലേറെ സിനിമകളില്‍ അഭിനയിക്കുകയും 13 സിനിമകള്‍ നിര്‍മിക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1986ല്‍ പുറത്തിറങ്ങിയ ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍ എന്ന സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു മണിയന്‍പിള്ള രാജു. മോഹന്‍ലാല്‍ നായകനായ ഈ സിനിമയില്‍ അദ്ദേഹം ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. ഇപ്പോള്‍ താന്‍ ഈ സിനിമയുടെ നിര്‍മാണത്തിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് മണിയന്‍പിള്ള രാജു.

‘ഞാന്‍ സിനിമ നിര്‍മിക്കുന്നതിലേക്ക് എത്തുന്നത് പ്രിയന്‍ വഴിയാണ്. ഒരിക്കല്‍ പ്രിയന്‍ നമുക്ക് ഒരു പടമെടുത്താലോ എന്ന് പറയുകയായിരുന്നു. ഹാങ്കി പാങ്കിയെന്ന ഒരു ഇംഗ്ലീഷ് പടം അടിച്ചുമാറ്റിയതിന്റെ സബ്‌ജെക്ടുണ്ടെന്നും ഒരാള്‍ ഇരുപത്തി അയ്യായിരം രൂപ വെച്ച് എടുക്കാമെന്നും പറഞ്ഞു.

അതിന് എല്ലാവരും സമ്മതിച്ചു. അത്രയും പൈസ ഞങ്ങള്‍ ഓരോരുത്തരും സിനിമക്ക് വേണ്ടിയിട്ടു. ആരും വര്‍ക്ക് ചെയ്തതിന് പൈസയൊന്നും വാങ്ങിയില്ല. അങ്ങനെ രണ്ടേകാല്‍ ലക്ഷം രൂപയ്ക്ക് ആ സിനിമ ചെയ്തു തീര്‍ത്തു. അതാണ് ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍.

അതിന് തിയേറ്ററില്‍ നിന്ന് കാര്യമായ പൈസയൊന്നും കിട്ടിയിരുന്നില്ല. പക്ഷെ നാലഞ്ച് കൊല്ലം കഴിഞ്ഞപ്പോള്‍ ചാനലുകാര്‍ എടുത്തപ്പോള്‍ എല്ലാവര്‍ക്കും അമ്പതിനായിരം വെച്ച് കിട്ടി. അങ്ങനെ ഞങ്ങള്‍ക്ക് അത് ലാഭമായി. ആ സിനിമ തിയേറ്ററില്‍ ഹിറ്റായിരുന്നില്ല. അന്ന് ഇത്രയും തിയേറ്ററുകള്‍ ഉണ്ടായിരുന്നില്ലല്ലോ,’ മണിയന്‍പിള്ള രാജു പറയുന്നു.

ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍:

സംവിധായകന്‍ പ്രിയദര്‍ശന്റെ കോമഡി ചിത്രങ്ങളില്‍ ഇന്നും വലിയ സ്വീകാര്യതയുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ഹലോ മൈ ഡിയര്‍ റോങ് നമ്പര്‍. ശ്രീനിവാസന്‍ കഥ ഒരുക്കിയ ചിത്രത്തില്‍ ജഗതി ശ്രീകുമാര്‍, ലിസി, മണിയന്‍പിള്ള രാജു തുടങ്ങിയ വലിയ താരനിര തന്നെ ഒന്നിച്ചിരുന്നു.

Content Highlight: Maniyanpilla Raju Talks About Priyadarshan’s Hello My Dear Wrong Number Movie