Entertainment
മമ്മൂക്കയോടൊപ്പം എടുത്ത ആ ഫോട്ടോ എനിക്ക് എവിടെയും പോസ്റ്റ് ചെയ്യാനാവില്ല: ഭാമ അരുണ്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 08, 10:09 am
Tuesday, 8th April 2025, 3:39 pm

മദനോത്സവം എന്ന സിനിമയിലെ ആലിസെന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഭാമ അരുണ്‍. ആസിഫ് അലി – അനശ്വര രാജന്‍ എന്നിവര്‍ ഒന്നിച്ച രേഖാചിത്രം എന്ന സിനിമയിലും ഭാമ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ വിഷു റിലീസായി വരാനിരിക്കുന്ന ബസൂക്ക എന്ന മമ്മൂട്ടി ചിത്രത്തിലും ഭാമ ഒരു പ്രധാനവേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഡീനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ബസൂക്ക.

ഇപ്പോള്‍ മമ്മൂട്ടിയോടൊപ്പം ഫോട്ടോ എടുത്തതിനെ കുറിച്ച് പറയുകയാണ് ഭാമ അരുണ്‍. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ബസൂക്കയുടെ സമയത്ത് എനിക്ക് മമ്മൂക്കയോടൊപ്പം ഫോട്ടോ എടുക്കാന്‍ ചാന്‍സ് കിട്ടിയിരുന്നില്ല. ഒന്നെങ്കില്‍ ഞാനോ അല്ലെങ്കില്‍ അദ്ദേഹമോ കോസ്റ്റിയൂമിലുള്ള സമയത്താകും ഞങ്ങള്‍ പരസ്പരം കാണുന്നത്.

ഞാന്‍ കുറേ കാത്തിരുന്ന് കാത്തിരുന്ന് അവസാനം ഡീനോയോട് ചോദിച്ചു. അങ്ങനെ ഷൂട്ട് നടക്കുന്ന സമയത്ത് തന്നെ മമ്മൂക്കയോടൊപ്പം ഒരു ഫോട്ടോ എടുത്തു. പക്ഷെ ആ സമയത്ത് അദ്ദേഹം കോസ്റ്റിയൂമിലായിരുന്നു.

അതുകൊണ്ട് എനിക്ക് ആ ഫോട്ടോ എവിടെയും പോസ്റ്റ് ചെയ്യാന്‍ പറ്റില്ല. ആ ഫോട്ടോ സത്യത്തില്‍ എനിക്ക് ഒരു നിധി പോലെയാണ്. ഞാന്‍ ഇങ്ങനെ സൂക്ഷിച്ചു വെക്കുകയാണ്.

ഈ സമയത്ത് തന്നെയാണ് രേഖാചിത്രത്തില്‍ എത്തുന്നത്. അതില്‍ അദ്ദേഹത്തിന്റെ പ്രസന്‍സുണ്ടെന്ന് ഞാന്‍ അറിഞ്ഞു. അപ്പോഴും അദ്ദേഹത്തിനൊപ്പം നിന്നിട്ടുള്ള ഫോട്ടോ എനിക്ക് കിട്ടിയിരുന്നില്ല.

പിന്നീട് രേഖാചിത്രം റിലീസായ സമയത്ത് മമ്മൂക്കയെ കാണാന്‍ വേണ്ടി നമ്മള്‍ എല്ലാവരും പോയിരുന്നു. അന്ന് മമ്മൂക്കയുടെ വീട്ടില്‍ വെച്ച് മമ്മൂക്കയുടെ ക്യാമറയിലാണ് ഞങ്ങള്‍ ഫോട്ടോ എടുത്തത്. എല്ലാ കാത്തിരിപ്പിനും ഒരു ചെറിയ സന്തോഷമുണ്ടാകും എന്ന് പറയുന്നത് ഇതുകൊണ്ടാണ് (ചിരി),’ ഭാമ അരുണ്‍ പറയുന്നു.


Content Highlight: Bhama Arun Talks About Photo With Mammootty