Entertainment
ഇന്റിമേറ്റ് സീന്‍ ചെയ്യില്ലെന്ന് സംവിധായകനോട് ആദ്യമേ പറഞ്ഞു; അദ്ദേഹത്തിന്റെ മറുപടി ഇന്നും ഓര്‍മയുണ്ട്: മഞ്ജിമ മോഹന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Apr 01, 07:31 am
Tuesday, 1st April 2025, 1:01 pm

ബാലതാരമായി സിനിമയില്‍ എത്തി 1990-2000ത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മഞ്ജിമ മോഹന്‍. നര്‍ത്തകിയായ കലാമണ്ഡലം ഗിരിജയുടെയും പ്രശസ്ത ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും മകള്‍ കൂടിയായിരുന്നു മഞ്ജിമ.

മമ്മൂട്ടി ചിത്രമായ കളിയൂഞ്ഞാല്‍ എന്ന സിനിമയില്‍ ശാലിനിയുടെ ചെറുപ്പം ചെയ്ത് കൊണ്ടാണ് നടി സിനിമയില്‍ എത്തിയത്. പിന്നീട് മധുരനൊമ്പരക്കാറ്റ്, പ്രിയം, സുന്ദരപുരുഷന്‍ തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധ നേടിയ മഞ്ജിമ 2015ല്‍ ഒരു വടക്കന്‍ സെല്‍ഫിയെന്ന നിവിന്‍ പോളി ചിത്രത്തിലൂടെയാണ് നായികയായി എത്തുന്നത്.

ശേഷം 2016ല്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത അച്ചം എന്‍പത് മടമൈയട എന്ന ചിത്രത്തിലൂടെയാണ് മഞ്ജിമ തമിഴില്‍ അഭിനയിക്കുന്നത്. ശേഷം നിരവധി സിനിമകളില്‍ മഞ്ജിമ നായികയായി എത്തിയിരുന്നു.

താന്‍ സ്‌ക്രീനില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ ഒട്ടും കംഫേര്‍ട്ടബിളല്ലെന്ന് പറയുകയാണ് മഞ്ജിമ മോഹന്‍. ഗൗതം വാസുദേവ് മേനോന്‍ തന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തതിന് ശേഷം താന്‍ അദ്ദേഹത്തോട് ആ കാര്യം പറഞ്ഞിരുന്നുവെന്നും മഞ്ജിമ പറയുന്നു.

‘ഈ കാര്യങ്ങള്‍ ഞാന്‍ ചെയ്യും, എന്നാല്‍ ചില കാര്യങ്ങള്‍ ഞാന്‍ ചെയ്യില്ല എന്ന ഐഡിയോളജി എനിക്കുമുണ്ട്. ഞാന്‍ സ്‌ക്രീനില്‍ ഇന്റിമേറ്റ് സീന്‍ ചെയ്യാന്‍ ഒട്ടും കംഫേര്‍ട്ടബിളല്ല. ഗൗതം സാര്‍ എന്നെ സിനിമയിലേക്ക് സെലക്ട് ചെയ്തതിന് ശേഷം ഞാന്‍ അദ്ദേഹത്തോട് ഈ കാര്യം പറഞ്ഞിരുന്നു.

അന്ന് ഞാന്‍ ആദ്യം ചോദിച്ച ചോദ്യം അതായിരുന്നു. ചോദ്യമല്ല, ഒരു റിക്വസ്റ്റായിട്ട് അദ്ദേഹത്തോട് പറയുകയായിരുന്നു. ഞാന്‍ ഇന്റിമേറ്റ് സീന്‍ ചെയ്യില്ലെന്ന് പറഞ്ഞു. എനിക്ക് അതിന് പറ്റില്ലെന്ന് പറഞ്ഞു. അദ്ദേഹം മറുപടി പറയുന്നതിന് മുമ്പ് എന്നെയൊന്ന് നോക്കി.

സാധാരണ ഒരു സംവിധായകന്‍ ചോദിക്കുക, ഞാന്‍ നിനക്ക് ഒരു അവസരം നല്‍കുമ്പോള്‍ നീ എന്നോട് കണ്ടീഷന്‍സ് വെക്കുകയാണോ എന്നല്ലേ. പക്ഷെ അദ്ദേഹം അങ്ങനെ ആയിരുന്നില്ല ചോദിച്ചത്. ‘അത് കുഴപ്പമില്ല. താന്‍ കംഫേര്‍ട്ടബിളല്ലെങ്കില്‍ നമുക്ക് അങ്ങനെയുള്ള സീന്‍ ചെയ്യണ്ട. കംഫേര്‍ട്ടബിളാണെങ്കില്‍ മാത്രം ചെയ്താല്‍ മതി’ എന്നാണ് അദ്ദേഹം പറഞ്ഞത്,’ മഞ്ജിമ മോഹന്‍ പറഞ്ഞു.

Content Highlight: Manjima Mohan Talks About Goutham Vasudev Menon