പൂനെ: മുംബൈയിലെ പത്താൻവാടി പ്രദേശത്ത് ഒരു പള്ളിക്ക് സമീപം കാവി പതാകകളുമായെത്തിയ ഒമ്പത് പേരടങ്ങുന്ന സംഘത്തെ ആക്രമിച്ചെന്നാരോപിച്ച് പത്ത് പേർക്കെതിരെ കേസെടുത്ത് പൊലീസ്. ഞായറാഴ്ച രാത്രി വൈകി ഇവരിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
മൊബൈൽ റിപ്പയറിങ് സ്റ്റോർ നടത്തുന്ന സകിനാക നിവാസിയായ രാജ്കുമാർ ചൗബെ (37) നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഞായറാഴ്ച താനും സുഹൃത്തുക്കളും മലദ് ഈസ്റ്റിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിൽ ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് സംഭവം കണ്ടതെന്ന് രാജ്‌കുമാർ പറഞ്ഞു.
കാവി പതാകയുമായി തന്റെ സുഹൃത്ത് ഉൾപ്പടെയുള്ളവർ സമീപത്തുള്ള പള്ളിയിലേക്ക് പോകുന്നത് കണ്ടെന്നും അവരെ പിന്തുടർന്ന് പോയപ്പോൾ സുഹൃത്തായ മൗര്യയെയെ ഉൾപ്പടെ പള്ളിയിൽ നിന്നുള്ള ആളുകൾ ആക്രമിക്കുന്നത് കണ്ടെന്നും രാജ്‌കുമാർ പറഞ്ഞു.
തന്റെ ഭാര്യാ സഹോദരനെയും സുഹൃത്തുക്കളെയും ഒരു കൂട്ടം ആളുകൾ ആക്രമിച്ചുവെന്നും അവർ വർഗീയ പരാമർശങ്ങൾ നടത്തിയെന്നും രാജ്‌കുമാർ പരാതിയിൽ പറഞ്ഞു. രാജ്‌കുമാർ പൊലീസിനെ വിളിക്കുകയും പൊലീസെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
എന്നാൽ മുസ്‌ലിം പള്ളിക്ക് സമീപമെത്തിയ സംഘം ജയ് ശ്രീറാം തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് പ്രകോപനപരമായ അന്തരീക്ഷം സൃഷ്ടിച്ചതാണ് സംഘർഷത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
‘ഒരു സംഘം ജയ് ശ്രീറാം പോലുള്ള മുദ്രാവാക്യങ്ങൾ മുഴക്കി പള്ളിക്ക് മുന്നിലൂടെ കാവി ധരിച്ച് കാവി കൊടികൾ പിടിച്ച് നടന്നു. ഇത് പ്രാർത്ഥനയ്ക്ക് ശേഷം മടങ്ങുകയായിരുന്ന ആളുകളുമായി സംഘർഷം ഉണ്ടാകുന്നതിന് കാരണമായി. എന്നാൽ, ഗുഡിപദ്വ ഘോഷയാത്ര കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുകയായിരുന്നു തങ്ങളെന്ന് കാവി കൊടി പിടിച്ചവർ പറഞ്ഞു. കാവി കൊടി പിടിച്ചു എന്ന കാരണത്താൽ മുളകൊണ്ട് ക്രൂരമായി മർദിച്ചെന്നും അവർ പറഞ്ഞു,’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെന്നും പൊലീസ് കൂട്ടിച്ചേർത്തു. പരാതിയുടെ അടിസ്ഥാനത്തിൽ, നോർത്ത് മുംബൈയിലെ കുരാർ പൊലീസ് 10 പേർക്കെതിരെ നിയമവിരുദ്ധമായി സംഘം ചേരൽ, അക്രമം, ഗുരുതരമായി പരിക്കേൽപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തു.
Content Highlight: 10 booked for assaulting group carrying saffron flags near mosque