national news
ടാബ്ലോയിൽ ലവ് ജിഹാദ്; ബീഹാറിലെ ബജ്‌രംഗ് ദളിന്റെ ശിവരാത്രി ആഘോഷം വിവാദത്തിൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 27, 04:18 pm
Thursday, 27th February 2025, 9:48 pm

പാട്ന: ബീഹാറിലെ മുൻഗറിൽ ബജ്‌റംഗ്ദൾ നടത്തിയ മഹാ ശിവരാത്രി ഘോഷയാത്രയിൽ ‘ലവ് ജിഹാദ്’ പ്രമേയമാക്കിയൊരുക്കിയ ടാബ്ലോ വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. 50ലധികം ടാബ്ലോകൾ ഉൾക്കൊള്ളിച്ചായിരുന്നു ഘോഷയാത്ര നടത്തിയത്. ഘോഷയാത്ര നഗരത്തെ മുഴുവൻ വലംവച്ച് മങ്കേശ്വർനാഥ് ക്ഷേത്രത്തിൽ സമാപിക്കുകയായിരുന്നു.

50 ടാബ്ലോകളിൽ ഒന്ന് ഹിന്ദു പെൺകുട്ടികൾക്ക് നേരെ മുസ്‌ലിങ്ങൾ നടത്തിയ അതിക്രമങ്ങൾ എന്ന പ്രമേയത്തെ ആസ്പദമാക്കിയായിരുന്നു. പെൺകുട്ടികളുടെ ഛിന്നഭിന്നമായ ശരീരഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനായി മുറിഞ്ഞ് കഷണങ്ങളായ പാവകളെ ഉപയോഗിച്ചിരുന്നു.

ഹിന്ദു പെൺകുട്ടികൾക്കെതിരെ നടന്നിട്ടുള്ള അക്രമങ്ങളുടെ പത്രക്കുറിപ്പുകളും അതോടൊപ്പം പ്രദർശിപ്പിച്ചിരുന്നു, ഇത് വിവാദത്തെ ആളിക്കത്തിക്കുന്നതിന് കാരണമായി.

ഭരണകക്ഷിയായ ജെ.ഡി.യു സാമുദായിക സൗഹാർദം നിലനിർത്തുന്നതിൽ പരാജയപ്പെട്ടുവെന്നാണ് സംഭവത്തിൽ ആർ.ജെ.ഡി നേതാവായ മൃത്യുഞ്ജയ് തിവാരി ആരോപിച്ചു. ഇതോടെ ടാബ്ലോയ്‌ക്കെതിരെ വലിയ വിമർശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

‘സമാധാനപരമായ അന്തരീക്ഷം തകർക്കാനും, കലാപമുണ്ടാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്തിനാണ് ശിവരാത്രി ആഘോഷത്തിൽ ലവ് ജിഹാദ് തീം കാണിച്ചത്? ബീഹാറിൽ ഹിന്ദു-മുസ്‌ലിം സംഘർഷങ്ങൾ ഉണ്ടാകില്ലെന്ന് നിതീഷ് കുമാർ പറയുന്നു. എന്നാൽ ഇപ്പോൾ ബജ്‌രംഗ് ദളും ബി.ജെ.പിയും ഒരുക്കിയ ടോബ്ലോയെ എതിർക്കാൻ ജെ.ഡി.യുവിന് കഴിയുമോ’ മൃത്യൂഞ്ജയ് ചോദിച്ചു.

ഒന്നിലധികം ടാബ്ലോകൾ ഉണ്ടായിരുന്ന ഒരു പരിപാടിയിൽ ഒന്നിനെ മാത്രം കുറ്റപ്പെടുത്തുന്നത് അന്യായമാണെന്ന വാദവുമായി എൽ.ജെ.പി(ആർ) നേതാവ് ധീരേന്ദ്ര മുന്ന രംഗത്തെത്തി. ബീഹാറിലെ ക്രമസമാധാനം ഇപ്പോൾ നല്ല നിലയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അധികാരികൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിനെ ന്യായീകരിച്ചുകൊണ്ട് ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് ശ്യാം സുന്ദർ ശരൺ പറഞ്ഞു.

ബീഹാറിലെ മതസൗഹാർദം തകർക്കാൻ അനുവദിക്കില്ലെന്നും എല്ലാവർക്കും അവരവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ അവകാശമുണ്ടെന്നും ശരൺ കൂട്ടിച്ചേർത്തു.

 

Content Highlight: Row over ‘love jihad’ tableau in Bihar