India
ഉദ്ദവിന്റെ അനുമതി തേടി ഗവര്‍ണര്‍ വിമാനത്തിലിരുന്നത് മണിക്കൂറുകള്‍; ഒടുവില്‍ തിരിച്ചിറങ്ങി; സ്വകാര്യ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വിമാനം അനുവദിക്കില്ലെന്ന് ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 11, 10:44 am
Thursday, 11th February 2021, 4:14 pm

മുംബൈ: സംസ്ഥാന സര്‍ക്കാറിന്റെ വിമാനം ഉപയോഗിക്കാന്‍ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരി വിമാനത്തില്‍ നിന്നും തിരിച്ചിറങ്ങി.

മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അനുമതി ലഭിക്കാതെ വന്നതോടെ ഒടുവില്‍ മറ്റൊരു വിമാനത്തില്‍ ഉത്തരാഖണ്ഡിലേക്ക് പോകുകയായിരുന്നു ഗവര്‍ണര്‍. ഇന്ന് രാവിലെയായിരുന്നു സംഭവം.

പ്രത്യേക വിമാനത്തിനുള്ള അനുമതി അവസാന നിമിഷം വരെ ലഭിക്കാതായതോടെയാണ് കൊമേഴ്ഷ്യല്‍ ഫ്‌ളൈറ്റില്‍ ഗവര്‍ണര്‍ ഡറാഡൂണിലേക്ക് പോയത്.

ഗവര്‍ണര്‍ രാവിലെ 10 ന് സ്വന്തം സംസ്ഥാനമായ ഉത്തരാഖണ്ഡിലേക്ക് സര്‍ക്കാരിന്റെ വിമാനത്തില്‍ പോകുമെന്നായിരുന്നു അറിയിച്ചത്. ഇതനുസരിച്ച് സര്‍ക്കാര്‍ വിമാനം നേരത്തെ ബുക്ക് ചെയ്തിരുന്നുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ അവസാന നിമിഷം വരെ അനുമതി ലഭിച്ചില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തത്.

‘സാധാരണ ഗവര്‍ണര്‍മാര്‍ അനുമതി ലഭിക്കുന്നതിനായി കാത്തിരിക്കാറില്ല. എന്നാല്‍ അദ്ദേഹം വിമാനത്തില്‍ ഇരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അനുമതി ലഭിച്ചില്ല’ എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്.

ഇതോടെ ഗവര്‍ണറുടെ ഓഫീസ് പിന്നീട് ഒരു സ്വകാര്യ വിമാനത്തില്‍ സീറ്റ് ബുക്ക് ചെയ്യുകയും ഉച്ചയ്ക്ക് 12.15 ഓടെ ഡെറാഡൂണിലേക്ക് പുറപ്പെടുകയുമായിരുന്നു.

അതേസമയം ശിവസേനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പ്രത്യേകം വിമാനം ഉപയോഗിക്കാന്‍ ഗവര്‍ണര്‍ക്ക് അനുമതി നല്‍കിയില്ലെന്നും ഇത് ചില അജണ്ടകളുടെ ഭാഗമാണെന്നും ബി.ജെ.പി ആരോപിച്ചു. ഗവര്‍ണറെ അപമാനിച്ച മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മാപ്പ് പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ചില കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ മഹാരാഷ്ട്ര നിയമസഭാ സമിതിയിയിലേക്കും നിയമസഭയിലെ ഉപരിസഭയിലേക്കും 12 നോമിനികളെ തെരഞ്ഞെടുക്കുന്ന പ്രക്രിയ നടക്കുകയാണ്. ഇതില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പേരുകള്‍ ഗവര്‍ണര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

സംസ്ഥാന സര്‍ക്കാര്‍ മനപൂര്‍വ്വം അനുമതി നിഷേധിച്ചിട്ടുണ്ടെങ്കില്‍ അത് സംസ്ഥാനത്തിന് തന്നെ നാണക്കേടാണെന്നും മനപൂര്‍വമല്ല ഇതെങ്കില്‍ വീഴ്ചയുണ്ടായ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും മഹാരാഷ്ട്ര മുന്‍ മന്ത്രിയും ബി.ജെ.പി മുതിര്‍ന്ന നേതാവുമായ സുധീര്‍ മുങ്കന്തിവാര്‍ പറഞ്ഞു.

അതേസമയം ബി.ജെ.പിയുടെ ആരോപണം തള്ളി ശിവസേന രംഗത്തെത്തി. മനപൂര്‍വം അനുമതി നല്‍കാതിരുന്നിട്ടില്ലെന്നും ഇതില്‍ പ്രതികാര രാഷ്ട്രീയം ഒന്നുമില്ലെന്നും മുതിര്‍ന്ന ശിവസേന നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്ത് പറഞ്ഞു.

സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ അദ്ദേഹം അംഗീകരിച്ചില്ല എന്നതുകൊണ്ട് അദ്ദേഹത്തിന് യാത്രാനുമതി നിഷേധിക്കേണ്ട കാര്യമുണ്ടോ, ഞങ്ങള്‍ അത് ചെയ്യില്ല, റാവത്ത് പറഞ്ഞു.

അതേസമയം വ്യക്തിപരമായ ആവശ്യത്തിനായാണ് ഗവര്‍ണര്‍ വിമാനം ആവശ്യപ്പെട്ടതെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ അല്ലാത്ത പക്ഷം സര്‍ക്കാര്‍ വിമാനം ആര്‍ക്കും അനുവദിക്കാറില്ലെന്നും ശിവസേന നേതാവായ പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

‘ഇതിനെക്കുറിച്ച് ഒരു ചര്‍ച്ചയുടെ ആവശ്യം പോലുമില്ല. പ്രധാനമന്ത്രിയടക്കം ഈ വി.വി.ഐ.പി സംസ്‌കാരം ഒഴിവാക്കണം. സര്‍ക്കാര്‍ വിമാനങ്ങള്‍ക്ക് എവിടെയും പോകാം, പക്ഷേ അത് ഔദ്യോഗിക ആവശ്യമായിരിക്കണം. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് പോലും വിമാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയില്ല’, ചതുര്‍വേദി പറഞ്ഞു.

മുംബൈയില്‍നിന്ന് ഡെറാഡൂണിലേക്ക് ദിവസവും 4 വിമാനങ്ങളാണുള്ളത്. രണ്ടെണ്ണം രാവിലെ എട്ടിനു മുന്‍പു പുറപ്പെടും. പിന്നെ 12.15നുള്ള സ്‌പൈസ്‌ജെറ്റ് വിമാനവും 3.45നുള്ള ഇന്‍ഡിഗോ വിമാനവുമാണ് ഉള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Row After Maharashtra Governor Refused State Plane, Waits 2 Hours