Film News
ഡാര്‍ലിങ്‌സില്‍ ആലിയക്കും ഷെഫാലിക്കുമൊപ്പമെത്താന്‍ പാടുപെട്ടു, ഷൂട്ട് ചെയ്യുന്ന രീതി പരിചയമുണ്ടായിരുന്നില്ല: റോഷന്‍ മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Sep 09, 05:39 am
Friday, 9th September 2022, 11:09 am

ആലിയ ഭട്ട് കേന്ദ്രകഥാപാത്രമായി കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്ത സിനിമയാണ് ഡാര്‍ലിങ്‌സ്. ഡൊമസ്റ്റിക് വയലേഷന്റെ ഭീകരത കാണിച്ചുതന്ന ചിത്രത്തില്‍ ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവര്‍ക്കൊപ്പം റോഷന്‍ മാത്യുവും ഒരു പ്രധാന കഥാപാത്രമായി വന്നിരുന്നു.

മലയാളത്തില്‍ നിന്നും ഹിന്ദിയിലേക്ക് എത്തുമ്പോള്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് സംസാരിക്കുകയാണ് ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ മാത്യു.

‘ഡാര്‍ലിങ്‌സ് തികച്ചും വ്യത്യസ്തമായ എക്‌സ്പീരിയന്‍സായിരുന്നു. അങ്ങനെയൊരു സ്ട്രക്ച്ചറിലുള്ള ലാര്‍ജ് സ്‌കെയിലില്‍ വര്‍ക്ക് ചെയ്യുന്നത് എനിക്ക് അത്ര പരിചയമില്ല. അവര്‍ ഒരു സീന്‍ പ്ലാന്‍ ചെയ്യുന്നതും എക്‌സിക്യൂട്ട് ചെയ്യുന്നതുമൊക്കെ വ്യത്യസ്തമായ രീതിയിലാണ്. മലയാളത്തില്‍ കുറച്ചുകൂടി ഓര്‍ഗാനിക്കാണ്, ഹിന്ദിയില്‍ കുറച്ച് കൂടി ഓര്‍ഗനൈസ്ഡാണ്.

അവര്‍ക്ക് എല്ലാം കറക്റ്റ് അറിയാം. ഇത്ര സമയത്തിനുള്ളില്‍ ഷോട്ടുകള്‍ വിളിക്കും. ആ ഷോട്ടില്‍ ആവശ്യമുള്ള ആള്‍ക്കാരെ മാത്രം കൊണ്ടുവരും. ഭയങ്കര റെസ്ട്രിക്റ്റഡായി ഫീല്‍ ചെയ്തു. ഈ റെസ്ട്രിക്ക്ഷന്‍സില്‍ നിന്നുകൊണ്ട് എങ്ങനെ പെര്‍ഫോം ചെയ്യുമെന്നായിരുന്നു എന്റെ ടെന്‍ഷന്‍. അങ്ങനെ ഞാന്‍ ആലിയയേയും വിജയ്‌യേയും ഷെഫാലിയേയും നിരീക്ഷിക്കാന്‍ തുടങ്ങി. ഇതേ പരിപാടി ചെയ്യുമ്പോള്‍ അവര്‍ക്ക് റെസ്ട്രിക്ക്ഷന്‍ ഫീല്‍ ചെയ്യുന്നതായേ എനിക്ക് തോന്നിയില്ല,’ റോഷന്‍ പറഞ്ഞു.

‘മലയാളത്തില്‍ ചെയ്യുമ്പോള്‍ ലിബറേറ്റഡ് ആണ് ഷൂട്ട് എക്‌സ്പീരിയന്‍സ്. കപ്പേളയില്‍ ലോഡ്ജിലെ മുറിയില്‍ കയറിയതിന് ശേഷമുള്ള രംഗങ്ങള്‍ ബ്ലോക്ക് ചെയ്തത് ഞാനും അന്നയും ചേര്‍ന്നാണ്. മുസ്തഫ സംവിധായകനായി അവിടെ ഉണ്ടെങ്കിലും അവിടുന്ന് എങ്ങോട്ടേക്ക് നടക്കണം എങ്ങനെ ചെയ്യണമെന്ന് മൂവ്‌മെന്റ്‌സ് ഒന്നും പറഞ്ഞുതന്നിട്ടില്ല. രംഗം ചെയ്യുമ്പോഴാണ് ഈ സമയത്ത് എന്താണ് ചെയ്യേണ്ടതെന്ന് നമ്മള്‍ ഫിഗര്‍ ഔട്ട് ചെയ്യുന്നത്. അതിനെ അടിസ്ഥാനമാക്കിയാണ് ഷൂട്ട് നടക്കുന്നത്.

മൂത്തോനും അങ്ങനെ തന്നെയായിരുന്നു. രാജീവ് സാര്‍ ഷൂട്ട് ചെയ്യുന്നത് നമ്മള്‍ അറിയുക പോലുമില്ല. പക്ഷേ ഡാര്‍ലിങ്‌സില്‍ അഭിനയിക്കുമ്പോള്‍ അവര്‍ പറയും, അവിടുന്ന് കയറി വന്ന് ഇവിടെ നിന്ന് ഈ സാധനങ്ങള്‍ വെച്ച് ഇവിടെ നോക്കി സംസാരിക്കണം എന്നൊക്കെ. അതിലേക്ക് എത്താന്‍ കുറച്ച് സമയമെടുക്കും. മറ്റ് മൂന്ന് പേര്‍ക്കും നല്ല ഫ്‌ളോ ഉണ്ട്. അതാണ് അവരെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഏത് ആക്റ്ററിനെ നിരീക്ഷിക്കാന്‍ തുടങ്ങിയാലും അവര്‍ ചെയ്യുന്നത് പെട്ടെന്ന് മനസിലാക്കിയെടുക്കാന്‍ പറ്റില്ല. ഇത് പോസിബിളാണ് എന്ന് ആത്മവിശ്വാസം നല്‍കും,’ റോഷന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Roshan Mathew talks about the challenges faced while acting in darlings