2023ലെ ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രവചിച്ച് റൊണാള്‍ഡോ നസാരിയോ
football news
2023ലെ ബാലണ്‍ ഡി ഓര്‍ ജേതാവിനെ പ്രവചിച്ച് റൊണാള്‍ഡോ നസാരിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th June 2023, 3:46 pm

2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവ് ആരായിരിക്കുമെന്ന ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. ലോകകപ്പ് ജേതാവായ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും ചാമ്പ്യന്‍സ് ലീഗ് ജേതാവ് നോര്‍വയുടെ യുവ താരമായ
എര്‍ലിങ് ഹാലണ്ടുമാണ് ഇത്തവണത്തെ ബാലണ്‍ ഡി ഓറിന് ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന താരങ്ങള്‍.

എന്നാല്‍ 2023ലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാര ജേതാവിനെ നേരത്തെ തന്നെ തെരഞ്ഞെടുക്കുകയാണ് ബ്രസീല്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോ. ഈ വര്‍ത്തെ
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലയണല്‍ മെസിക്ക് ലഭിക്കുമെന്നാണ് റൊണാള്‍ഡോ നസാരിയോ പ്രവചിക്കുന്നത്.

 

2022 ഫിഫ ലോകകപ്പ് വിജയം അര്‍ജന്റൈന്‍ താരത്തെ അവാര്‍ഡിന് അര്‍ഹനാക്കുന്നുണ്ടെന്ന് മുന്‍ റയല്‍ മാഡ്രിഡ് ഫോര്‍വേഡ് വിശ്വസിക്കുന്നു. വിവിധ സോഴ്‌സുകളെ ഉദ്ധരിച്ച് സ്‌പോര്‍ട് കീഡയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ നേടാന്‍ മെസി അര്‍ഹനാണ്. അവനത് നേടുമെന്ന് ഞാന്‍ കരുതുന്നു. ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് നേടുന്നതിന്റെ ഭാഗമാകുക എന്നത് വലിയ കാര്യമാണ്,’ റൊണാള്‍ഡോ നസാരിയോ പറഞ്ഞു.

 

എന്നാല്‍ ഇത്തവണത്തെ ബാലണ്‍ ഡി ഓര്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് മെസിയുടെ പ്രതികരണം. ബാലണ്‍ ഡി ഓര്‍ നേടുക എന്നത് അത്ര വലിയ ആഗ്രഹമുള്ള കാര്യമല്ലെന്നും തനിക്ക് ഏറ്റവും പ്രധാനപ്പെട്ട സമ്മാനമായ ലോകകപ്പ് കഴിഞ്ഞ വര്‍ഷം ലഭിച്ചെന്നുമാണ് കഴിഞ്ഞ ദിവസം മെസി പ്രതികരിച്ചിരുന്നു.

ഫുട്ബോള്‍ രംഗത്തെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ബഹുമതിയിലൊന്നാണ് ബാലണ്‍ ഡി ഓര്‍. 1956 മുതല്‍ ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ വര്‍ഷം തോറും ഈ പുരസ്‌കാരം നല്‍കിവരുന്നുണ്ട്. ഏഴ് തവണ ലയണല്‍ മെസി ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ളതും മെസിയാണ്.

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ചാമ്പ്യന്മാരായതിന് പിന്നാലെയാണ് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓറിനും സാധ്യത കല്‍പ്പിക്കുന്ന താരമായി മെസി മാറിയത്.