സൗദി പ്രോ ലീഗിൽ മിന്നും ഫോമിൽ കളിക്കുകയാണ് റൊണാൾഡോ. അൽ നസറിനായി ആദ്യ മത്സരങ്ങളിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും പിന്നീട് മികച്ച ഫോമിലേക്കെത്താൻ താരത്തിന് സാധിച്ചിരുന്നു. നിലവിൽ അൽ ആലമിക്കായി ആറ് മത്സരങ്ങളിൽ നിന്നും എട്ട് ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം. ഇതിൽ രണ്ട് ഹാട്രിക്കുകൾ ഉൾപ്പെടെ നേടാനും താരത്തിന് സാധിച്ചു.
എന്നാലിപ്പോൾ റൊണാൾഡോ യുവന്റസിൽ കളിച്ചിരുന്ന കാലത്ത് മുൻ റയൽ പരിശീലകനായ ഫാബിയോ കപ്പേളോ താരത്തിനെതിരെ നടത്തിയിരിക്കുന്ന വിമർശനങ്ങൾ വൈറലായിരിക്കുകയാണ്.
റൊണാൾഡോയുടെ മനോഭാവം ശരിയല്ലെന്നും ഇപ്പോൾ നന്നായി കളിക്കാൻ സാധിക്കാത്തതിനാൽ റൊണാൾഡോയെ ബെസ്റ്റ് എന്നൊന്നും ഇപ്പോൾ പറയാൻ സാധിക്കില്ലെന്നുമാണ് ഫാബിയോ പറഞ്ഞിരുന്നത്.
2019-2020 സീസണിന്റെ തുടക്കത്തിൽ ഇറ്റാലിയൻ ക്ലബ്ബിനായി മികവോടെ കളിക്കാൻ റൊണാൾഡോക്ക് സാധിച്ചിരുന്നില്ല.
മൗറീസിയോ സാറി പരിശീലകനായിരുന്ന സമയത്ത് തന്നെ സബ് ചെയ്ത പരിശീലകനായിരുന്നു സാറിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ബെഞ്ചിലിരിക്കാൻ റൊണാൾഡോ വിസമ്മതിച്ചിരുന്നു.
സ്കൈ സ്പോർട്സ് ഇറ്റാലിയക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോയെ പറ്റിയുള്ള തന്റെ അഭിപ്രായങ്ങൾ ഫാബിയോ കപ്പേളോ തുറന്ന് പറഞ്ഞത്.
“റൊണാൾഡോ ഒരു ചാമ്പ്യൻ തന്നെയാണ്. ആർക്കും അതിൽ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പക്ഷെ മുമ്പ് ഡ്രിബിൾ ചെയ്ത് മുന്നേറിയിരുന്നത് പോലെയൊന്നും കളിക്കാൻ റൊണാൾഡോക്ക് ഇപ്പോൾ കഴിയുന്നില്ല. ഇപ്പോൾ റൊണാൾഡോയെ ബെസ്റ്റ് എന്നൊന്നും പറയാൻ സാധിക്കില്ല. അത് കൊണ്ട് തന്നെ അദ്ദേഹത്തെ സബ് ചെയ്യുന്നതൊക്കെ സാധാരണമാണ്.
കോച്ച് അദ്ദേഹത്തിന്റെ അധികാരം പ്രയോഗിച്ച് റൊണാൾഡോ കാണിക്കുന്ന അനാവശ്യമായ പ്രവണതകളെ നേരിടണം,’ ഫാബിയോ കപ്പേളോ പറഞ്ഞു.
2019-2020 സീസണിൽ 46 മത്സരങ്ങൾ യുവന്റസിനായി കളിച്ച റൊണാൾഡോ 37 ഗോളുകളും ഏഴ് അസിസ്റ്റുകളുമാണ് സ്വന്തമാക്കിയത്.
നിലവിൽ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസർ 18 മത്സരങ്ങളിൽ നിന്നും 13 വിജയങ്ങളോടെ 43 പോയിന്റുമായി ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ്.