Advertisement
Football
ചാമ്പ്യന്‍സ് ലീഗ് നേടണമെങ്കില്‍ മെസി ക്ലബ്ബിലെത്തണം: ബാഴ്‌സലോണ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 18, 04:29 pm
Saturday, 18th March 2023, 9:59 pm

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരണമെന്ന് ബാഴ്‌സയുടെ ഡിഫന്‍ഡര്‍ താരം റൊണാള്‍ഡ് അരൗഹോ. മെസിയാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്നും അദ്ദേഹം ക്ലബ്ബിലേക്ക് തിരിച്ചെത്തിയാല്‍ ബാഴ്‌സക്ക് മറ്റൊരു ചാമ്പ്യന്‍സ് ലീഗ് നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫോബേയോട് സംസാരിക്കവെയാണ് അരൗഹോ ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി ബാഴ്‌സലോണയിലേക്ക് തിരികെ വരണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. അദ്ദേഹം ലോകത്തിലെ ഏറ്റവും മികച്ച താരമാണ്. മെസി തിരികെയെത്തിയാല്‍ ബാഴ്‌സക്ക് ഒരു ചാമ്പ്യന്‍സ് ലീഗ് കൂടി നേടാനാകും. ഞങ്ങള്‍ക്കിടയില്‍ നല്ലൊരു സൗഹൃദവുമുണ്ട്.

ഞാന്‍ ആദ്യം ബാഴ്‌സയിലെത്തിയപ്പോള്‍ അദ്ദേഹം എപ്പോഴും ലുച്ചോയുടെ (ലൂയിസ് സുവാരസ്) കൂടെയായിരുന്നു. അവര്‍ ഒരുമിച്ചിരിക്കുമ്പോള്‍ എന്നെയും വിളിക്കുമായിരുന്നു. ലുച്ചോ അത്‌ലെറ്റികോ മാഡ്രിഡിലേക്ക് പോയപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ സ്ഥാനം കവര്‍ന്നെടുക്കുകയും മെസിക്കൊപ്പം ഇരിക്കാനും തുടങ്ങി. മെസി വളരെ നല്ലൊരു വ്യക്തിയാണ്.

എല്ലാവര്‍ക്കുമറിയാം മെസി മികച്ച ഫുട്‌ബോളര്‍ ആണെന്ന്. എന്നാല്‍ അദ്ദേഹം നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ്. അദ്ദേഹം നല്ലൊരു വിജയിയാണ്, കളത്തിനകത്തും പുറത്തും മെസി അത് തെളിയിച്ചിട്ടുണ്ട്. അങ്ങനെയൊരാളുടെ കൂടെ കളിക്കാന്‍ ഞങ്ങള്‍ ഒരിക്കല്‍ കൂടി ആഗ്രഹിക്കുകയാണ്,’ അരൗഹോ പറഞ്ഞു.

അതേസമയം, പാരിസ് ക്ലബ്ബായ പി.എസ്.ജിയില്‍ മെസിയുടെ ഭാവി ഇനിയും അനശ്ചിതത്വത്തിലാണ്. ജൂണ്‍ മാസത്തോടെ ക്ലബ്ബിലെ കരാര്‍ അവസാനിച്ച് ഫ്രീ ഏജന്റ് ആയി മാറുന്ന മെസിയെ സൈന്‍ ചെയ്യാന്‍ ഇന്റര്‍ മിയാമി, അല്‍ ഹിലാല്‍, ബാഴ്‌സലോണ തുടങ്ങി നിരവധി ക്ലബ്ബുകള്‍ക്ക് താല്‍പര്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.

എന്നാല്‍ പി.എസ്.ജി മാനേജ്‌മെന്റിന് താരത്തെ 2024 വരെയെങ്കിലും ക്ലബ്ബില്‍ പിടിച്ചു നിര്‍ത്തണമെന്ന് താല്‍പര്യമുണ്ടെന്ന് നേരത്തെ ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിരുന്നാലും താരം വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.എസ്.ജിയിലെ കരാര്‍ അവസാനിച്ചതിന് ശേഷം മെസിയുടെ ഭാവി എന്തെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍.

Content Highlights: Ronaldo Araujo wants Lionel Messi back to Barcelona