ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്കാണ് കളമൊരുങ്ങുന്നത്. നേരത്തെ നടന്ന ടി-20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ഈ വര്‍ഷം തന്നെ ഐ.സി.സി ഏകദിന ലോകകപ്പും വരുന്നതിനാല്‍ ഇന്ത്യയെ സംബന്ധിച്ച് ഓരോ ഏകദിന മത്സരങ്ങളും നിര്‍ണായകമായിരിക്കും.
മൂന്ന് മത്സരങ്ങളാണ് ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലുണ്ടാവുക. നേരത്തെ സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താതെയാണ് ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതെങ്കില്‍ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍ എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചിരിക്കുന്നത്.
രോഹിത് ശര്‍മ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആര് രോഹിത്തിന്റെ ഓപ്പണിങ് പാര്‍ട്ണറാകും, ആര് ടീമിന് പുറത്തിരിക്കേണ്ടി വരും എന്ന ചര്‍ച്ചകളും സജീവമായിരുന്നു. ഇപ്പോള്‍ സൂപ്പര്‍ താരം ശുഭ്മന്‍ ഗില്ലിനെ നിലനിര്‍ത്താനുള്ള തീരുമാനമാണ് കോച്ചും ക്യാപ്റ്റനും മാനേജ്‌മെന്റും ചേര്‍ന്ന് കൈക്കൊണ്ടത്.
ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷനെ മാറ്റിക്കൊണ്ടാണ് രോഹിത് ശര്‍മ-ശുഭ്മന്‍ ഗില്‍ ദ്വയം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക. സമീപ കാലത്ത് ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടിച്ച ഇഷാന്‍ കിഷനെ ഒഴിവാക്കി എന്നതാണ് ഏറ്റവും രസകരമായ കാര്യം.
ഏറ്റവും വേഗത്തില്‍ ഇരട്ട സെഞ്ച്വറി നേടുക, തന്റെ ആദ്യ സെഞ്ച്വറി തന്നെ ഡബിള്‍ സെഞ്ച്വറിയാക്കി മാറ്റുക തുടങ്ങിയ റെക്കോഡുകളെയെല്ലാം മറന്നുകൊണ്ടാണ് രോഹിത്-ഗില്‍ കോംബോ ‘മാജിക്കി’നൊരുങ്ങുന്നത്.
മുന്‍ കാലങ്ങളില്‍ ഗില്‍ നന്നായി കളിച്ചിരുന്നുവെന്നും അദ്ദേഹം സ്ഥിരതയുള്ള താരമാണ് എന്നുമാണ് സെലക്ഷനെ ന്യായീകരിച്ചുകൊണ്ട് രോഹിത് പറഞ്ഞത്.
‘ഗില്ലും കിഷനും ടീമിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചവരാണ്. മുന്‍ കാലങ്ങളില്‍ ടീമിനായി സ്‌കോര്‍ ചെയ്തതുകൊണ്ട് ഗില്ലിനെ പരിഗണിക്കുന്നതാണ് ശരി എന്നാണ് എനിക്ക് തോന്നുന്നത്.
ഞാന്‍ ഇഷാനെ മറക്കുന്നില്ല, അവനും ഇന്ത്യക്കായി മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചവനാണ്. ഇഷാന്‍ ഇരട്ട സെഞ്ച്വറി നേടി, അത് വളരെ വലിയ ഒരു നേട്ടമാണ്. പക്ഷേ, മുന്‍ കാലങ്ങളില്‍ റണ്‍സ് നേടിയവരെ പരിഗണിക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം,’ രോഹിത് ശര്‍മ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.