എന്തുകൊണ്ട് ഗില്ലിനെയും സൂര്യകുമാറിനെയും കൊണ്ട് വരെ പന്തെറിയിച്ചു? തന്ത്രം വ്യക്തമാക്കി രോഹിത്
icc world cup
എന്തുകൊണ്ട് ഗില്ലിനെയും സൂര്യകുമാറിനെയും കൊണ്ട് വരെ പന്തെറിയിച്ചു? തന്ത്രം വ്യക്തമാക്കി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th November 2023, 9:13 am

2023 ലോകകപ്പില്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകനും മറക്കില്ല. ബാറ്റര്‍മാരും ബൗളര്‍മാരും ഒരുപോലെ തിളങ്ങിയ മത്സരത്തില്‍ 160 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.

മത്സരത്തില്‍ ഒമ്പത് താരങ്ങളാണ് ഇന്ത്യക്കായി പന്തെറിഞ്ഞത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും ഉള്‍പ്പെടെയുള്ളവര്‍ മത്സരത്തില്‍ പന്തെറിഞ്ഞു. പന്തെറിയുക മാത്രമല്ല ഇവര്‍ വിക്കറ്റ് നേടുകയും ചെയ്തിരുന്നു.

വിരാട് മൂന്ന് ഓവറില്‍ 13 റണ്‍സ് വഴങ്ങിയ ഡച്ച് ക്യാപ്റ്റന്‍ സ്‌കോട് എഡ്വാര്‍ഡ്സിനെ പുറത്താക്കിയപ്പോള്‍ 0.5 ഓവറില്‍ ഏഴ് റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് രോഹിത് ശര്‍മ സ്വന്തമാക്കിയത്. ഇന്ത്യന്‍ വംശജനും ഡച്ച് നിരയില്‍ മികച്ച ബാറ്റിങ് കാഴ്ചവെക്കുകയും ചെയ്ത തേജ നിദാമാനുരുവിനെയാണ് രോഹിത് പുറത്താക്കിയത്.

 

 

സൂര്യകുമാര്‍ യാദവും ശുഭ്മന്‍ ഗില്ലും പന്തെറിഞ്ഞെങ്കിലും വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല. ഗില്‍ രണ്ട് ഓവറില്‍ 11 റണ്‍സ് വഴങ്ങിയപ്പോള്‍ രണ്ട് ഓവറില്‍ 17 റണ്‍സാണ് സ്‌കൈ വിട്ടുകൊടുത്തത്.

ശ്രേയസ് അയ്യരും വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പന്തെറിയാന്‍ ബാക്കിയുണ്ടായിരുന്നത്.

എന്തുകൊണ്ട് എല്ലാ താരങ്ങളെയും കൊണ്ട് പന്തെറിയിപ്പിച്ചു എന്ന് പറയുകയാണ് നായകന്‍ രോഹിത് ശര്‍മ. മത്സരശേഷമുള്ള അഭിമുഖത്തിലായിരുന്നു രോഹിത് ടീമിന്റെ തന്ത്രം വ്യക്തമാക്കിയത്.

ഈ മത്സരം തങ്ങളെ സംബന്ധിച്ച് വ്യത്യസ്തമായതെന്തെങ്കിലും പരീക്ഷിക്കാനുള്ള അവസരമായിരുന്നുവെന്നും തങ്ങളുടെ എല്ലാ ബൗളര്‍മാരും പന്തെറിയാന്‍ സജ്ജരാണെന്ന് ഉറപ്പാക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തത് എന്നുമായിരുന്നു രോഹിത് പറഞ്ഞു.

‘ഇത്തരമൊരു സാഹചര്യം നേരിടേണ്ടി വന്നാല്‍ എല്ലാ താരങ്ങളും പന്തെറിയാന്‍ തയ്യാറാകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യക്ക് അഞ്ച് സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുണ്ട്. എങ്കിലും ജോലിഭാരം കുറയ്ക്കുന്നതിനായി ഞങ്ങള്‍ ഓവര്‍ പങ്കുവെക്കുകയായിരുന്നു. ഞങ്ങള്‍ക്ക് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാന്‍ അവസരമുള്ള മത്സരമായിരുന്നു ഇത്. ഇത് പൂര്‍ണ ഫലം കണ്ടതില്‍ ഏറെ സന്തോഷം,’ രോഹിത് പറഞ്ഞു.

ഇന്ത്യയുടെ സ്ഥിരം ബൗളിങ് ഓപ്ഷനുകളും മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ പതിവുപോലെ ബൗളിങ് അറ്റാക്കിനെ മുമ്പില്‍ നിന്നും നയിച്ചു. ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ പന്തെറിഞ്ഞ ബൂം ബൂം 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒരു മെയ്ഡന്‍ അടക്കം ആറ് ഓവര്‍ പന്തെറിഞ്ഞ് 29 റണ്‍സിന് രണ്ട് വിക്കറ്റാണ് സിറാജ് നേടിയത്.

ഈ മത്സരത്തില്‍ കുല്‍ദീപ് യാദവ് മാത്രമാണ് തന്റെ ക്വാട്ട എറിഞ്ഞ് പൂര്‍ത്തിയാക്കിയത്. ഒരു മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് ഓവറില്‍ 41 റണ്‍സിന് രണ്ട് വിക്കറ്റാണ് യാദവ് നേടിയത്.

ഒമ്പത് ഓവറില്‍ 49 റണ്‍സിന് രണ്ട് വിക്കറ്റായിരുന്നു ജഡേജയുടെ സമ്പാദ്യം.

വിരാടും രോഹിത് ശര്‍മയും വിക്കറ്റ് വീഴ്ത്തിയ മത്സരത്തില്‍ ഇന്ത്യയുടെ ട്രംപ് കാര്‍ഡായ ഷമിക്ക് വിക്കറ്റ് നേടാന്‍ സാധിച്ചില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ആറ് ഓവറില്‍ 41 റണ്‍സാണ് ഷമി വഴങ്ങിയത്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിലെ രണ്ട് വിക്കറ്റ് നേട്ടത്തിന് പിന്നാലെ ഈ ലോകകപ്പില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരമാകാനും ബുംറക്ക് സാധിച്ചു. ഒമ്പത് മത്സരത്തില്‍ നിന്നും 17 വിക്കറ്റാണ് ബുംറ നേടിയത്.

അതേസമയം, സെമി ഫൈനല്‍ മത്സരങ്ങള്‍ക്കുള്ള മുന്നൊരുക്കത്തിലാണ് ടീം ഇന്ത്യ. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെയാണ് ഇന്ത്യക്ക് നേരിടാനുള്ളത്. നവംബര്‍ 15ന് നടക്കുന്ന മത്സരത്തിന് മുംബെ വാംഖഡെ സ്റ്റേഡിയമാണ് വേദിയാകുന്നത്.

 

Content highlight: Rohit Sharma says why he used Virat, Gill, Suryakumar and himself as bowlers against Netherlands