Advertisement
Sports News
ഇന്നെങ്കിലും ഫോമിലെത്തിയാല്‍ സച്ചിന്‍ വീഴും; രണ്ടാം സ്ഥാനത്തിനായി വാശിയേറിയ പോരാട്ടത്തിനൊരുങ്ങി രോഹിത്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 09, 05:17 am
Sunday, 9th February 2025, 10:47 am

 

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം വിജയിച്ച ഇന്ത്യ നിലവില്‍ 1-0ന് മുമ്പിലാണ്.

ഞായറാഴ്ച ഒഡീഷയിലെ ബരാബതി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാനായാല്‍ ടി-20 പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യയുടെ പേരില്‍ കുറിക്കപ്പെടും.

കഴിഞ്ഞ കുറച്ചുകാലമായി മോശം ഫോമില്‍ പെട്ടുഴലുന്ന ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തിരിച്ചുവരവിന് കൂടിയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലും രഞ്ജിയിലും ആരാധകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച രോഹിത് ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിലും നിരാശനാക്കി.

ഒരിക്കല്‍ക്കൂടി ഒറ്റയക്കത്തിനാണ് രോഹിത് പുറത്തായത്. ഏഴ് പന്ത് നേരിട്ട താരം വെറും രണ്ട് റണ്‍സ് മാത്രമാണ് സ്വന്തമാക്കിയത്. സാഖിബ് മഹ്‌മൂദിന്റെ പന്തില്‍ ലിയാം ലിവിങ്സ്റ്റണ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രോഹിത് തിരിച്ചുവരുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, ഈ മത്സരത്തില്‍ തിളങ്ങിയാല്‍ ഒരു മികച്ച റെക്കോഡും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ ഓപ്പണര്‍ എന്ന നേട്ടത്തിലേക്കാണ് രോഹിത് നടന്നടുക്കുന്നത്. ഇംഗ്ലണ്ടിനെതിരെ അര്‍ധ സെഞ്ച്വറി നേടിയാല്‍ രോഹിത്തിന് ഈ റെക്കോഡിലെത്താന്‍ സാധിക്കും.

ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ 342 മത്സരത്തില്‍ നിന്നും 15,285 റണ്‍സാണ് രോഹിത് നേടിയത്. 15,335 റണ്‍സുമായി ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ രണ്ടാമന്‍. 346 മത്സരത്തില്‍ നിന്നാണ് സച്ചിന്‍ സ്‌കോര്‍ ചെയ്തത്.

ഇരുവരും തമ്മില്‍ 50 റണ്‍സിന്റെ മാത്രം വ്യത്യാസമാണുള്ളത്. രണ്ടാം മത്സരത്തില്‍ രോഹിത് അര്‍ധ സെഞ്ച്വറി നേടിയാല്‍ സച്ചിനൊപ്പം രണ്ടാം സ്ഥാനം പങ്കിടാനും മറ്റൊരു റണ്‍സ് കൂടി സ്വന്തമാക്കാനായാല്‍ സച്ചിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും രോഹിത് ശര്‍മക്കാകും.

വെടിക്കെട്ട് വീരന്‍ വിരേന്ദര്‍ സേവാഗാണ് പട്ടികയില്‍ ഒന്നാമന്‍. 332 മത്സരത്തില്‍ നിന്നും 16,119 റണ്‍സാണ് വീരു സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിന്റെ ബൗളിങ് തന്ത്രങ്ങളില്‍ വീഴാതെ ബാറ്റ് വീശാനായാല്‍ രോഹിത് ഈ മത്സരത്തില്‍ തന്നെ സച്ചിനെയും ഫോമിലേക്ക് മടങ്ങിയെത്തിയാല്‍ അധികം വൈകാതെ സേവാഗിനെയും മറികടക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

India Squad

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത്, കെ.എല്‍. രാഹുല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി.

England Squad

ബെന്‍ ഡക്കറ്റ്, ഹാരി ബ്രൂക്ക്, ജോ റൂട്ട്, ജേകബ് ബേഥല്‍, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ലിവിങ്സ്റ്റണ്‍, ജെയ്മി സ്മിത് (വിക്കറ്റ് കീപ്പര്‍), ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ആദില്‍ റഷീദ്, ബ്രൈഡന്‍ കാര്‍സ്, ഗസ് ആറ്റ്കിന്‍സണ്‍, ജോഫ്രാ ആര്‍ച്ചര്‍, മാര്‍ക് വുഡ്, സാഖിബ് മഹ്‌മൂദ്.

 

Content highlight: Rohit Sharma need 50 runs to become 2nd leading run getter for India as opener