Sports News
രണ്ടക്കം കടക്കാനാകാതെ വീണ്ടും നാണംകെട്ട് 'ക്യാപ്റ്റന്‍ രോഹിത്'
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 06, 01:46 pm
Thursday, 6th February 2025, 7:16 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ ഏകദിനം വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് 47.4 ഓവറില്‍ 248 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിലവില്‍ 18 ഓവര്‍ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.

ഓപ്പണിങ് ഇറങ്ങിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും യശസ്വി ജെയ്‌സ്വാളിനേയും ശ്രേയസ് അയ്യരേയുമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നാലാം ഓവറിലെ മൂന്നാം പന്തില്‍ 15 റണ്‍സ് നേടിയ ജെയ്‌സ്വാളിനെ പുറത്താക്കിയത് ജോഫ്രാ ആര്‍ച്ചറായിരുന്നു. ഫില്‍ സോള്‍ട്ടിന്റെ കയ്യിലാകുകയായിരുന്നു താരം.

എന്നാല്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ശക്തമായി തിരിച്ചുവരുമെന്ന് കരുതിയ ആരാധകര്‍ക്ക് നിരാശ മാത്രമായിരുന്നു ഫലം. സാക്കിബ് മുഹമ്മദ് അഞ്ചാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത്തിനെ വെറും രണ്ട് റണ്‍സിന് പുറത്താക്കുകയായിരുന്നു. ഏഴ് പന്തായിരുന്നു ക്യാപ്റ്റന്‍ നേരിട്ടത്. ഇതോടെ തുടര്‍ പരാജയങ്ങളാണ് രോഹിത് നേരിടേണ്ടി വരുന്നത്.

മോശം ഫോമിന്റെ കുരുക്ക് മുറുകുകയല്ലാതെ മാറ്റങ്ങളൊന്നുമില്ലാതെയാണ് രോഹിത് കളത്തില്‍ തുടരുന്നത്. ന്യൂസിലാന്‍ഡിനെതിരെയുള്ള ഹോം ടെസ്റ്റ് മുതല്‍ രോഹിത് കഷ്ടപ്പെടുകയാണ്, ഇംഗ്ലണ്ടിനെതിരെയും ഇപ്പോള്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നതോടെ രോഹിത്തിനെതിരെ വിമര്‍ശനങ്ങള്‍ വരുമെന്നത് ഉറപ്പാണ്.

2024 മുതല്‍ 2025 വരെയുള്ള ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് മത്സരത്തിലെ കഴിഞ്ഞ 16 ഇന്നിങ്‌സില്‍ നിന്ന് 10.37 ആവറേജില്‍ വെറും 166 റണ്‍സാണ് രോഹിത് നേടിയത്. 6, 5, 23, 8, 2, 52, 0, 8, 18, 11, 3, 6, 10, 3, 9, 2 എന്നിങ്ങനെയാണ് രോഹിത്തിന്റെ കഴിഞ്ഞ 16 ഇന്നിങ്‌സിലെ പ്രകടനം.

ഏറെ കാലത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചാണ് മടങ്ങിയത്. 36 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറും ഉല്‍പ്പെടെ 59 റണ്‍സ് നേടിയാണ് താരം ജേക്കബ് ബേഥലിന്റെ എല്‍.ബി.ഡബ്ല്യൂവില്‍ കുരുങ്ങിയത്. നിലവില്‍ ക്രീസില്‍ തുടരുന്നത് ശുഭ്മന്‍ ഗില്ലും (29), അക്‌സര്‍ പട്ടേലുമാണ് (11).

ഇന്ത്യയ്ക്ക് വേണ്ടി ബൗളിങ്ങില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് രവീന്ദ്ര ജഡേജയും യുവ താരം ഹര്‍ഷിത് റാണയുമാണ്. ഇരുവരും മൂന്ന് വിക്കറ്റ് വീതമാണ് നേടിയത്.

ജഡേജ ഒരു മെയ്ഡന്‍ അടക്കം ഒമ്പത് ഓവര്‍ എറിഞ്ഞ് 26 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. റാണ ഏഴ് ഓവറില്‍ ഒരു മെയ്ഡന്‍ അടക്കം 53 റണ്‍സ് വഴങ്ങിയാണ് വിക്കറ്റ് നേടിയത്. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് ഓരോവിക്കറ്റും നേടാന്‍ സാധിച്ചു. ഇംഗ്ലണ്ടിന് വേണ്ടി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്തത് ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേക്കബ് ബേഥലുമാണ്. അര്‍ധ സെഞ്ച്വറി സ്വന്തമാക്കിയാണ് ഇരുവരും മികവ് പുലര്‍ത്തിയത്.

ബട്‌ലര്‍ 67 പന്തില്‍ നിന്ന് നാല് ഫോര്‍ അടക്കം 52 റണ്‍സ് നേടിയപ്പോള്‍ ജേക്കബ് 54 പന്തില്‍ നിന്ന് ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 51 റണ്‍സും നേടി. ഇരുവര്‍ക്കും പുറമെ മികവ് പുലര്‍ത്തിയത് ഓപ്പണര്‍ ഫില്‍ സോള്‍ട്ടും (26 പന്തില്‍ 43), ബെന്‍ ഡക്കറ്റുമാണ് (29 പന്തില്‍ നിന്ന് 32).

 

Content Highlight: Rohit Sharma Dismissed 2 Runs Against England In ODI