ഐ.പി.എല്‍ 2025ല്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയം ചോദിച്ചുവാങ്ങിയ മത്സരത്തില്‍ ആരാധകര്‍ക്ക് ആശ്വസിക്കാനുണ്ടായിരുന്നത് ജെയ്‌സ്വാളിന്റെയും യുവരക്തം വൈഭവ് സൂര്യവംശിയുടെയും പ്രകടനം മാത്രമാണ്. ജെയ്‌സ്വാള്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ 170.00 സ്‌ട്രൈക്ക് റേറ്റില്‍ 34 റണ്‍സ് നേടിയാണ് വൈഭവ് സൂര്യവംശി അരങ്ങേറ്റം കളറാക്കിയത്.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഐതിഹാസിക നേട്ടത്തോടെ കളത്തിലിറങ്ങിയ സൂര്യവംശി നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് വരവറിയിച്ചത്.
Halla Bol from Ball One! 🔥💗 pic.twitter.com/iH5r2yR1x9
— Rajasthan Royals (@rajasthanroyals) April 19, 2025
ഷര്‍ദുല്‍ താക്കൂറിനെ ഡീപ് എക്‌സ്ട്രാ കവറിന് മുകളിലൂടെ പറത്തിയാണ് സൂര്യവംശി സിക്‌സര്‍ നേടിയത്. രണ്ടാം ഓവറില്‍ ആവേശ് ഖാനെതിരെയും സിക്‌സറടിച്ച് തന്റെ ആദ്യ സിക്‌സര്‍ വെറുമൊരു ലക്കി ഷോട്ട് ആയിരുന്നില്ല എന്നും വൈഭവ് തെളിയിച്ചു.
ലോര്‍ഡ് താക്കൂറിനെതിരായ ഫസ്റ്റ് ബോള്‍ സിക്‌സറിന് പിന്നാലെ ഒരു ചരിത്ര നേട്ടവും താരം സ്വന്തമാക്കിയിരുന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ പന്തില്‍ സിക്‌സറടിക്കുന്ന താരങ്ങളുടെ ലിസ്റ്റിലേക്കാണ് സൂര്യംവശി കാലെടുത്ത് വെച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് ഇന്ത്യന്‍ താരവും പത്താം താരവുമാണ് സൂര്യവംശി.
റോയല്‍ ചലഞ്ചേഴ്‌സ് താരം അനികേത് ചൗധരി, മുംബൈ ഇന്ത്യന്‍ താരം സിദ്ധേഷ് ലാഡ്, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സമീര്‍ റീസ്വി എന്നിവരാണ് ഈ നേട്ടത്തിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബെന്‍ കട്ടിങ്ങിനെതിരെയായിരുന്നു അനികേത് ചൗധരിയുടെ സിക്‌സര്‍ പിറവിയെടുത്തത്. സിദ്ധേഷ് ലാഡ് പഞ്ചാബിന്റെ അങ്കിത് രാജ്പൂത്തിനെതിരെയും റിസ്വി ഗുജറാത്ത് ടൈറ്റന്‍സിന്റെ റാഷിദ് ഖാനെതിരെയുമാണ് നേരിട്ട ആദ്യ പന്തില്‍ സിക്‌സര്‍ സ്വന്തമാക്കിയത്.
ആറ് വിദേശ താരങ്ങളും ഈ തകര്‍പ്പന്‍ റെക്കോഡിന്റെ ഭാഗമാണ്. റോബ് ക്വീനി (രാജസ്ഥാന്‍ റോയല്‍സ്), കെവോണ്‍ കൂപ്പര്‍ (രാജസ്ഥാന്‍ റോയല്‍സ്), ആന്ദ്രേ റസല്‍ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), ജാവോണ്‍ സീര്‍ലെസ് (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്), കാര്‍ലോസ് ബ്രാത്വെയ്റ്റ് (ദല്‍ഹി ഡെയര്‍ഡെവിള്‍സ് / ദല്‍ഹി ക്യാപ്പിറ്റല്‍സ്), മഹീഷ് തീക്ഷണ (ചെന്നൈ സൂപ്പര്‍ കിങ്‌സ്) എന്നിവരാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.
അതേലമയം, ലഖ്‌നൗ സൂപ്പര്‍ കിങ്‌സിനോട് ചോദിച്ചുവാങ്ങിയ പരാജയത്തിന് പിന്നാലെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ്. എട്ട് മത്സരത്തില്‍ നിന്നും രണ്ട് ജയത്തോടെ നാല് പോയിന്റാണ് മുന്‍ ചാമ്പ്യന്‍മാര്‍ക്കുള്ളത്.
ഏപ്രില്‍ 24നാണ് രാജസ്ഥാന്റെ അടുത്ത മത്സരം. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയമാണ് വേദി. സീസണില്‍ നേരത്തെ രാജസ്ഥാന്റെ ഗ്രൗണ്ടില്‍ ഇരുവരുമേറ്റുമുട്ടിയപ്പോള്‍ ആര്‍.സി.ബിയാണ് വിജയം സ്വന്തമാക്കിയത്.
Content Highlight: IPL 2025: Vaibhav Suryavanshi becomes the 4th Indian batter to hit a six on very first ball in IPL