തിരുവനന്തപുരം: ശില്‍പശാലയില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് ആസ്വാദന കുറിപ്പെഴുതാന്‍ നല്‍കിയ ഹ്രസ്വചിത്രം വിവാദമായതോടെ പുതിയ ചിത്രം നല്‍കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. ഫ്രഞ്ച് സംവിധായകനായ ആല്‍ബര്‍ട്ട് ലമോറിസിന്റെ ദി റെഡ് ബലൂണിലെ ദൃശ്യങ്ങളാണ് പുതുതായി നല്‍കിയിരിക്കുന്നത്.
അതിന് മുമ്പ് ലോകപ്രശസ്ത സംവിധായകന്‍ ‘മാര്‍ട്ടിന്‍ സ്‌കോര്‍സെസെ’യുടെ ‘ദി ബിഗ് ഷേവ്’ എന്ന ഷോര്‍ട്ട് ഫിലിമിലെ ഭാഗങ്ങളാണ് ആസ്വാദനക്കുറിപ്പ് എഴുതാനായി അക്കാദമിവിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിലെ ദൃശ്യങ്ങള്‍ കുട്ടികളെ ഭീതിപ്പെടുത്തുന്നതാണെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടതോടെ സംഭവം വിവാദമായി. ഇതിന്റെ പശ്ചാത്തലത്തിലാണ് മറ്റൊരു ചിത്രം നല്‍കിയത്.
വീഡിയോ മാറ്റി നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ദി ഷേവ് എന്ന ചിത്രം ഒരു ക്ലാസിക് സിനിമയാണെങ്കില്‍ക്കൂടി ഇന്നത്തെ സാഹചര്യത്തില്‍ അതിന്റെ ഭാഗങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുന്നതില്‍ യോജിപ്പില്ലെന്ന് സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ വ്യക്തമാക്കിയിരുന്നു.
അക്കാദമിയിലെ വിദഗ്ധ സമിതിയാണ് ചിത്രം സെലക്ട് ചെയ്തതെന്നും വിവാദമായപ്പോഴാണ് വിവരമറിഞ്ഞതെന്നും പ്രേം കുമാര്‍ പറഞ്ഞു.
2025 മെയ് രണ്ട് മുതല്‍ അഞ്ച് വരെ നടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ശില്‍പശാലയിലേക്കാണ് ചലച്ചിത്ര അക്കാദമി ആസ്വാദനക്കുറിപ്പുകള്‍ ക്ഷണിച്ചത്. ശിശുക്ഷേമ സമിതിയുമായി ചേര്‍ന്നാണ് ചലച്ചിത്ര അക്കാദമി ശില്‍പശാല നടത്തുക.
എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലുള്ള 8, 9, 10 ക്ലാസുകളിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് അക്കാദമി ശില്‍പശാല നടത്തുന്നത്.
മികച്ച ആസ്വാദനക്കുറിപ്പുകള്‍ എഴുതിയ 70 വിദ്യാര്‍ത്ഥികള്‍ക്കാണ് ശില്‍പശാലയില്‍ പങ്കെടുക്കാന്‍ കഴിയുക.
Content Highlight: Kerala Chalachitra Academy gave children a new film to write a review of