മുംബൈ: ടി-20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമൂലമാറ്റത്തിനൊരുങ്ങുന്നു. വിരാട് കോഹ്‌ലിയ്ക്ക് ജോലി ഭാരം കുറയ്ക്കാനായി ടി-20, ഏകദിന മത്സരങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് താരത്തെ മാറ്റിയേക്കും.
ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓപ്പണര്‍ രോഹിത് ശര്‍മയായിരിക്കും ഇന്ത്യന്‍ ടീമിനെ നീലക്കുപ്പായത്തില്‍ നയിക്കുക. ടെസ്റ്റില്‍ മാത്രമായിരിക്കും കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരുക.
ടി-20 ലോകകപ്പിന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളെന്ന് ഇതിനോടകം പേരെടുത്ത് കഴിഞ്ഞ കോഹ്‌ലി കുറച്ച് നാളുകളായി സ്ഥിരതയാര്‍ന്ന പ്രകടനമല്ല കാഴ്ചവെക്കുന്നത്.
പല രാജ്യങ്ങളും ഇതിന് മുന്‍പ് തന്നെ ഇരട്ട ക്യാപ്റ്റന്‍മാരെ പരീക്ഷിച്ച് വിജയിച്ചിട്ടുണ്ട്. ആസ്‌ട്രേലിയയ്ക്കായി മാര്‍ക്ക് ടെയ്‌ലറും സ്റ്റീവ് വോയും ഒരേസമയങ്ങളില്‍ രണ്ട് ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്നിട്ടുണ്ട്.
പിന്നീട് സ്റ്റീവ് വോയും റിക്കി പോണ്ടിംഗും ഓസീസിന്റെ ക്യാപ്റ്റന്‍മാരായി.
ദക്ഷിണാഫ്രിക്കയ്ക്കായി എബി ഡിവില്ലിയേഴ്‌സും ഫാഫ് ഡുപ്ലെസിസും ഒരേസമയം നായകന്‍മാരായിട്ടുണ്ട്. 2007 ല്‍ ഇന്ത്യന്‍ ക്രിക്കറ്റിലും ഇത്തരമൊരു പരീക്ഷണമുണ്ടായിരുന്നു.
അനില്‍ കുംബ്ലെ ടെസ്റ്റ് ക്യാപ്റ്റനായിരുന്നപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയാണ് ടി-20, ഏകദിന ടീമുകളെ നയിച്ചിരുന്നത്. 2015 ല്‍ ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചപ്പോള്‍ കോഹ്‌ലി ക്യാപ്റ്റനായി. 2017 വരെ ധോണി നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചു.
നിലവില്‍ ഇംഗ്ലണ്ട്, ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ക്കും ഇരട്ട ക്യാപ്റ്റന്‍മാരുണ്ട്.