Advertisement
Sports News
ഏത് ഇന്ത്യക്കാരനുണ്ടെടാ ഈ റെക്കോഡ്; ഒരേയൊരു പേര്, രോഹിത് ഗുരുനാഥ് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 10, 08:53 am
Friday, 10th February 2023, 2:23 pm

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ലീഡ് നേടിയിരിക്കുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അണ്‍ബീറ്റബിള്‍ ഹണ്‍ഡ്രഡിന്റെ കരുത്തിലാണ് ഇന്ത്യ ഓസീസ് ഉയര്‍ത്തിയ സ്‌കോര്‍ മറികടന്ന് ലീഡ് നേടിയിരിക്കുന്നത്.

തന്റെ കാലം കഴിഞ്ഞെന്ന് വിധിയെഴുതിയ വിമര്‍ശകര്‍ക്ക് മുമ്പില്‍ വിന്റേജ് രോഹിത് ശര്‍മയായിക്കൊണ്ടാണ് ഇന്ത്യന്‍ നായകന്‍ തരംഗമാകുന്നത്.

ഓസീസിനെതിരായ മത്സരത്തില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഒരു തകര്‍പ്പന്‍ റെക്കോഡും രോഹിത് ശര്‍മയെ തേടിയെത്തിയിരിക്കുകയാണ്. ഇന്നോളം ഒരു ഇന്ത്യക്കാരനും നേടാന്‍ സാധിക്കാത്ത മൈല്‍ സ്‌റ്റോണാണ് രോഹിത് ശര്‍മ താണ്ടിയത്.

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്റ്റന്റെ റോളില്‍ സെഞ്ച്വറിയടിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്. നേരത്തെ ക്യാപ്റ്റന്റെ കുപ്പായത്തില്‍ ഏകദിന, ടി-20 സെഞ്ച്വറിയടിച്ച രോഹിത് ഇപ്പോള്‍ ലോങ്ങര്‍ ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയിരിക്കുകയാണ്.

 

ടെസ്റ്റില്‍ ഇത് രോഹിത് ശര്‍മയുടെ ഒമ്പതാം സെഞ്ച്വറിയാണ്. ഏകദിനത്തില്‍ നിന്ന് ഇതിനോടകം 30 സെഞ്ച്വറി നേടി രോഹിത് ടി-20യില്‍ നാല് സെഞ്ച്വറിയും സ്വന്തമാക്കിയിട്ടുണ്ട്.

രണ്ടാം ദിവസത്തെ രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 226 റണ്‍സിന് അഞ്ച് എന്ന നിലയിലാണ്. 207 പന്തില്‍ നിന്നും 118 റണ്‍സ് നേടിയ രോഹിത് ശര്‍മയും 82 പന്തില്‍ നിന്നും 34 റണ്‍സ് നേടിയ ജഡേജയുമാണ് ഇന്ത്യക്കായി ക്രീസില്‍.

ഓസീസിനായി 25 ഓവര്‍ പന്തെറിഞ്ഞ് 59 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ടോഡ് മര്‍ഫിയാണ് ബൗളിങ്ങില്‍ തിളങ്ങിയത്. നഥാന്‍ ലിയോണാണ് ശേഷിക്കുന്ന വിക്കറ്റ് സ്വന്തമാക്കിയത്.

 

Content highlight: Rohit Sharma becomes first Indian to score in all formats as captain