'എനിക്ക് ഗുഡ്‌ബൈ പറയാന്‍ ഇതിലും മികച്ച ഒരു സമയമില്ല'; പടിയിറങ്ങി ഇന്ത്യന്‍ ഇതിഹാസങ്ങള്‍!
Sports News
'എനിക്ക് ഗുഡ്‌ബൈ പറയാന്‍ ഇതിലും മികച്ച ഒരു സമയമില്ല'; പടിയിറങ്ങി ഇന്ത്യന്‍ ഇതിഹാസങ്ങള്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th June 2024, 8:37 am

ഇന്നലെ ബാര്‍ബര്‍ഡോസില്‍ നടന്ന ടി-20 ലോകകപ്പില്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. പ്രോട്ടിയാസിനെ 7 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് ജേതാക്കള്‍ ആയത്.

ബാര്‍ബഡോസില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്.

വിജയലക്ഷം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്കയ്ക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു ലോകകപ്പായിരുന്നു ഇതെന്ന് ഒരു സംശയവുമില്ലാതെ പറയാം.

മത്സരം കയ്യില്‍ നിന്ന് നഷ്ടപ്പെട്ട് ഇന്ത്യയെ ഇന്ത്യയുടെ പവര്‍ ബൗളിങ് കളിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. ടീമിലെ ഓരോരുത്തരും നിര്‍ണായകമായ പങ്കാണ് വഹിച്ചത്. എന്നാല്‍ മത്സര ശേഷം ഏറെ വിഷമിക്കുന്ന വാര്‍ത്തകളായിരുന്നു ഇന്ത്യന്‍ ആരാധകര്‍ കേള്‍ക്കേണ്ടിവന്നത്.

മോഡേണ്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. എതിരാളികളുടെ അന്തകനായി അവതരിക്കുന്ന രോഹിത് ശര്‍മ ബാറ്ററായും മികച്ച ലീഡര്‍ എന്ന നിലയിലും ലോകം അറിയുന്ന മികച്ച താരമാണ്. 2024 ടി-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടം അണിയിച്ചു കൊണ്ട് വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഇന്ത്യയുടെ വിജയത്തിന് ശേഷം വിരാട് കോഹ്‌ലി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അപ്രതീക്ഷിതമായി ആരാധകരെ ഞെട്ടിച്ചുകൊണ്ട് രോഹിത്തും ഫോര്‍മാറ്റിന്റെ പടിയിറങ്ങുകയാണ്.

‘ഇത് എന്റെ അവസാന മത്സരമായിരുന്നു, ഈ ഫോര്‍മാറ്റിനോട് വിട പറയാന്‍ ഇതിലും മികച്ച ഒരു സമയമുണ്ടാകില്ല. ഇവിടെ ഓരോ നിമിഷവും ഞാന്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. ഈ ഫോര്‍മാറ്റില്‍ ആണ് ഞാന്‍ എന്റെ ഇന്ത്യന്‍ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. ഇതാണ് ഞാന്‍ ആഗ്രഹിച്ചത്, ഒരു ലോകകപ്പ് വേണമെന്ന്. ഇത് വളരെ മോശം വാക്കുകള്‍ ആയിരിക്കാം, അതില്‍ പ്രയാസമുണ്ട്. ഞാന്‍ ഈ നിമിഷത്തില്‍ ഏറെ വൈകാരികമാണ്. ഒടുവില്‍ ഞങ്ങള്‍ ആ കടമ്പ കടന്നതില്‍ സന്തോഷമുണ്ട്,’രോഹിത് ശര്‍മ മത്സര ശേഷമുള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു.

ടി-20 ഫോര്‍മാറ്റില്‍ 159 മത്സരങ്ങളില്‍ നിന്ന് 4231 റണ്‍സ് നേടി ടോപ്പ് സ്‌കോറര്‍ ആയിട്ടാണ് രോഹിത് കളം വിടുന്നത്. കൂടാതെ ടി-20 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി (5) നേടുന്ന ഏകതാരവും രോഹിത് തന്നെ. 2007ല്‍ ഒരു കളിക്കാരന്‍ എന്ന നിലയിലും ഇപ്പോള്‍ 2024 ല്‍ ഒരു ക്യാപ്റ്റന്‍ എന്ന നിലയിലും രോഹിത് ഇന്ത്യക്കുവേണ്ടി രണ്ട് ഐ.സി.സി കിരീടങ്ങളില്‍ മുത്തമിട്ടിരിക്കുകയാണ്.

അവസാന ലോകകപ്പില്‍ മിന്നും പ്രകടനം കാഴ്ചവച്ച കിങ് കോഹ്‌ലി തന്റെ വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു രോഹിത്തും പ്രഖ്യാപനം നടത്തിയത്. ഇന്ത്യന്‍ ക്രിക്കറ്റിലെ ടി-20 ഫോര്‍മാറ്റില്‍ രോ കോ കോമ്പിനേഷന്‍ ഇനി ഉണ്ടാകില്ല എന്നത് ആരാധകര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്. എന്നാല്‍ പുതു തലമുറയെ മുന്നില്‍ എത്തിക്കുന്നതിന് കഴിവുള്ള പ്രതിഭകളെ കണ്ടെത്തുന്നതിന് ഈ വഴി തെരഞ്ഞെടുക്കാതെ വയ്യ.

എം.എസ്. ധോണിയുടെ നേതൃത്വത്തില്‍ 2007 ലാണ് ഇന്ത്യ അവസാനമായി ലോകകപ്പ് കിരീടം ചൂടിയത്. ശേഷം വര്‍ഷങ്ങളോളം ടി-20 ലോകകപ്പ് ഇന്ത്യക്ക് ഒരു കിട്ടാക്കനിയായിരുന്നു. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെ വമ്പന്‍ കുതിപ്പാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നടത്തിയത്.

 

Content Highlight: Rohit Sharma And Virat Kohli Retire In International T20 Format