എടുത്തത് 12 പന്തില്‍ 3 റണ്‍സാണെങ്കിലും തൂക്കിയത് ഗംഭീര റെക്കോഡ്; രോഹിത്തിനൊപ്പം മറികടന്നത് ഇതിഹാസങ്ങളെ
Sports News
എടുത്തത് 12 പന്തില്‍ 3 റണ്‍സാണെങ്കിലും തൂക്കിയത് ഗംഭീര റെക്കോഡ്; രോഹിത്തിനൊപ്പം മറികടന്നത് ഇതിഹാസങ്ങളെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th September 2023, 8:05 am

 

 

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 41 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. പാകിസ്ഥാനെതിരായ ബാറ്റിങ് ഡോമിനേഷന്‍ പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ലെങ്കിലും ടീം എന്ന നിലയിലെ കൂട്ടായ പ്രവര്‍ത്തനം ഇന്ത്യക്ക് തുണയായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആഞ്ഞടിച്ചു. പാകിസ്ഥാനെതിരായ ഇന്നിങ്‌സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലായിരുന്നു ഹിറ്റ്മാന്‍ ബാറ്റ് വീശിയത്. ശുഭ്മന്‍ ഗില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും 25 പന്തില്‍ 19 റണ്‍സുമായി മടങ്ങി.

വണ്‍ ഡൗണായി വിരാട് കോഹ്‌ലി ആണ് ക്രീസിലെത്തിയത്. തന്റെ ഭാഗ്യ ഗ്രൗണ്ടിലെ കഴിഞ്ഞ നാല് മത്സരത്തിലും സെഞ്ച്വറി തികച്ച വിരാട് ആ നേട്ടം വീണ്ടും ആവര്‍ത്തിക്കുമെന്ന് കരുതിയെങ്കിലും ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വരികയായിരുന്നു. 12 പന്തില്‍ മൂന്ന് റണ്‍സുമായി കോഹ്‌ലി തിരികെ നടന്നു.

ആകെ മൂന്ന് റണ്‍സ് മാത്രമാണ് വിരാട് നേടിയതെങ്കിലും ഇതിനോടകം തന്നെ ഒരു പടുകൂറ്റന്‍ റെക്കോഡ് രോഹിത് ശര്‍മക്കൊപ്പം ചേര്‍ന്ന് സ്വന്തമാക്കാന്‍ വിരാടിന് സാധിച്ചിരുന്നു. ഏകദിനത്തില്‍ 5,000 റണ്‍സ് പിന്നിടുന്ന കൂട്ടുകെട്ട് എന്ന റെക്കോഡാണ് രോഹിത്തും കോഹ്‌ലിയും ചേര്‍ന്ന് നേടിയത്. ഏറ്റവും വേഗത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കിയ പെയറും ഇതുതന്നെ.

ഏകദിനത്തിന്റെ ചരിത്രത്തില്‍ ഈ നേട്ടം കൈപ്പിടിയിലൊതുക്കിയ എട്ടാമത് മാത്രം താരങ്ങളാണ് വിരാടും രോഹിത്തും.

86ാം മത്സരത്തില്‍ നിന്നുമാണ് ഇരുവരും 5,000 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്. 18 സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുകളും 15 അര്‍ധ സെഞ്ച്വറി പാര്‍ട്ണര്‍ഷിപ്പുകളുമടക്കം 62.44 എന്ന ആവറേജിലാണ് ഇരുവരും ചേര്‍ന്ന് 4,998 റണ്‍സ് നേടിയത്.

97 ഇന്നിങ്‌സില്‍ നിന്നും 5,000 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ഗോര്‍ഡന്‍ ഗ്രീനിഡ്ജിന്റെയും ഡെസ്മണ്ട് ഹെയ്ന്‍സിന്റെയും റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

 

മാത്യു ഹെയ്ഡന്‍ – ആദം ഗില്‍ക്രിസ്റ്റ് (104 ഇന്നിങ്സ്), കുമാര്‍ സംഗക്കാര – തിലകരത്നെ ദില്‍ഷന്‍ (105 ഇന്നിങ്സ്) എന്നിവരാണ് ഈ പട്ടികയിലെ മൂന്നും നാലും സ്ഥാനക്കാര്‍.

 

 

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ നിലവില്‍ എട്ടാം സ്ഥാനത്താണ് വിരാടും രോഹിത്തും. ഇന്ത്യന്‍ ഇതിഹാസങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. 8,227 റണ്‍സാണ് ഇരുവരുടെയും പേരിലുള്ളത്.

അതേസമയം, മത്സരത്തില്‍ അര്‍ധ സെഞ്ച്വറി തികച്ച രോഹിത്തിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ 213 റണ്‍സ് നേടി. 39 റണ്‍സടിച്ച കെ.എല്‍. രാഹുലും 33 റണ്‍സ് നേടിയ ഇഷാന്‍ കിഷനും സ്‌കോറിങ്ങില്‍ തങ്ങളുടേതായ സംഭാവനകളും നല്‍കി.

ശ്രീലങ്കക്കായി ദുനിത് വെല്ലാലഗെ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ചരിത് അസലങ്ക നാല് വിക്കറ്റും നേടി. മഹീഷ് തീക്ഷണയാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്. ഓപ്പണര്‍മാര്‍ ഒറ്റയക്കത്തിന് കൂടാരം കയറിയപ്പോള്‍ ലങ്കന്‍ ക്യാമ്പ് മൂകമായി. പിന്നെയും വിക്കറ്റുകള്‍ വീണുതുടങ്ങിയതോടെ ആരാധകര്‍ തോല്‍വി മുമ്പില്‍ കണ്ടു.

എന്നാല്‍ മിഡില്‍ ഓര്‍ഡറില്‍ ധനഞ്ജയ ഡി സില്‍വയും ദുനിത് വെല്ലാലഗെയും ചെറുത്ത് നില്‍പിന് ശ്രമിച്ചെങ്കിലും വിജയത്തിന് അതൊന്നും മതിയാകുമായിരുന്നില്ല. ഒടുവില്‍ 42ാം ഓവറിലെ മൂന്നാം പന്തില്‍ ലങ്ക 172ന് ഓള്‍ ഔട്ടായി.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുംറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഹര്‍ദിക് പാണ്ഡ്യയും മുഹമ്മദ് സിറാജുമാണ് ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഈ വിജയത്തിന് പിന്നാലെ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍ – ലങ്ക മത്സരത്തില്‍ വിജയിക്കുന്നവരാകും ഇന്ത്യയെ കലാശപ്പോരാട്ടത്തില്‍ നേരിടുക.

 

 

Content highlight: Rohit Sharma and Virat Kohli completes 5,000 runs partnership