'മ്യാന്‍മറിലെ സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമാണ്; അന്താരാഷ്ട്ര സമൂഹം ജനാധിപത്യത്തിന് വേണ്ടി ഇടപെടണം'; പട്ടാള അട്ടിമറിക്കെതിരെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍
ധാക്കാ: മ്യാന്‍മറിലെ പട്ടാള അട്ടിമറിയെ വിമര്‍ശിച്ച് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍. മ്യാന്‍മറില്‍ വീണ്ടും പട്ടാളഭരണമെന്ന് കേള്‍ക്കുന്നത് ജന്മനാട്ടിലേക്കുള്ള മടക്കയാത്രയെന്ന സ്വപ്‌നം വീണ്ടും പേടിപ്പെടുത്തുന്നത് ആക്കുന്നുവെന്ന് ബംഗ്ലാദേശില്‍ താമസിക്കുന്ന റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ പറഞ്ഞുയ അസോസിയേറ്റ് പ്രസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
2017ല്‍ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകളാണ് മ്യാന്‍മറില്‍ നിന്ന് അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്.
ബംഗ്ലാദേശില്‍ നിന്ന് ഇവരെ മ്യാന്‍മറിലേക്ക് തിരികെയത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും കൂടുതല്‍ ആക്രമണങ്ങള്‍ ഭയന്ന് തിരികെ മടങ്ങില്ലെന്ന് റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ പറയുകയായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വില കൊടുക്കാത്തതും പൗരത്വം പോലും നല്‍കില്ലെന്നും പറയുന്ന സ്ഥലത്തേക്ക് എങ്ങിനെ തിരികെ മടങ്ങുമെന്നാണ് അവര്‍ ചോദിച്ചിരുന്നത്.
ഇപ്പോള്‍ മ്യാന്‍മര്‍ പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് എന്നത് തങ്ങളെ കൂടുതല്‍ ഭയത്തിലാഴ്ത്തുന്നു എന്നും അവര്‍ പറഞ്ഞു.
”പട്ടാളക്കാര്‍ ഞങ്ങളെ കൊല്ലുകയും ഞങ്ങളുടെ അമ്മമാരെയും സഹോദരിമാരെയും ബലാത്സംഗം ചെയ്യുകയും ചെയ്തു. ഞങ്ങളുടെ വീടുകള്‍ കത്തിച്ചു കളഞ്ഞു. എങ്ങിനെയാണ് അവരുടെ കീഴില്‍ ഞങ്ങള്‍ക്ക് കഴിയാനാകുക,” റോഹിങ്ക്യന്‍ യൂത്ത് അസോസിയേഷന്‍ നേതാവ് കിന്‍ മാങ് പറഞ്ഞു.
മ്യാന്‍മറിലേക്ക് തിരികെ മടങ്ങുക എന്നത് അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ലെന്നും മ്യാന്‍മറിലെ രാഷ്ട്രീയ സാഹചര്യം അത്രത്തോളം സങ്കീര്‍ണമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പട്ടാളം ഭരണം ഏറ്റെടുത്ത് ശരിയായ നടപടിയല്ലെന്നും കിന്‍ മാങ് കൂട്ടിച്ചേര്‍ത്തു.
” ഞങ്ങള്‍ പട്ടാള അട്ടിമറിയെ പൂര്‍ണമായും എതിര്‍ക്കുന്നു. ഞങ്ങള്‍ ജനാധിപത്യത്തെ സ്‌നേഹിക്കുന്നവരും, മനുഷ്യാവകാശത്തിന് വില കല്‍പ്പിക്കുന്നവരുമാണ്. അതുകൊണ്ട് തന്നെ ഇതെല്ലാം ഞങ്ങളുടെ രാജ്യത്തിന് നഷ്ടമാകുന്നതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്,” മാങ് പറഞ്ഞു.
ഞങ്ങളും മ്യാന്‍മറിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മ്യാന്‍മറിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് എന്താണോ തോന്നുന്നത് അതുതന്നെയാണ് ഞങ്ങള്‍ക്കും ഇപ്പോള്‍ തോന്നുന്നത്. അന്താരാഷ്ട്ര സമൂഹം ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മ്യാന്‍മറില്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് ആരോപിച്ചാണ് പട്ടാളം അട്ടിമറി നടത്തിയത്. ആങ് സാങ് സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ തടവിലാണ്. നൂറോളം പാര്‍ലമെന്ററി അംഗങ്ങളെ തുറന്ന ജയിലില്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.
സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.