മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകളുടെ അതികായന്‍; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു
World News
മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകളുടെ അതികായന്‍; മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 9:35 am

ലണ്ടന്‍: സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ സധൈര്യം ചോദ്യം ചെയ്ത് മാധ്യമ പ്രവര്‍ത്തന രംഗത്ത് നിര്‍ണായക സ്വാധീനമായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ ഇന്‍ഡിപെന്‍ഡന്റിന്റെ മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റുമായിരുന്ന റോബര്‍ട്ട് ഫിസ്‌ക് അന്തരിച്ചു. 74 വയസായിരുന്നു. വെള്ളിയാഴ്ചയാണ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലെത്തിക്കുന്നത്.

1989ലാണ് അദ്ദേഹം ദ ടൈംസില്‍ നിന്ന് ഇന്‍ഡിപെന്‍ഡന്റിലേക്ക് എത്തുന്നത്. ബ്രിട്ടനിലെ ഏറ്റവും പ്രശസ്തനായ വിദേശ കറസ്‌പോണ്ടന്റായിരുന്നു റോബര്‍ട്ട് ഫിസ്‌ക്.

അദ്ദേഹത്തിന്റെ മിഡില്‍ ഈസ്റ്റ് റിപ്പോര്‍ട്ടുകള്‍ക്ക് നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. സണ്‍ഡേ എക്‌സ്പ്രസിലൂടെയാണ് ഫിസ്‌ക് മാധ്യമപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്.

1972ല്‍ ബെയ്‌റൂട്ടിലേക്ക് മാറിയതിന് പിന്നാലെയാണ് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടുന്ന മിഡില്‍ ഈസ്റ്റ് കറസ്‌പോണ്ടന്റായി റോബര്‍ട്ട് ഫിസ്‌ക് മാറുന്നത്.

ലെബനനിലെ സിവില്‍ വാര്‍, ഇറാനിയന്‍ വിപ്ലവം. ഇറാന്‍-ഇറാഖ് യുദ്ധം, അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് അധിനിവേശം തുടങ്ങിയ ലോക ചരിത്രത്തിലെ നിര്‍ണായക സംഭവവികാസങ്ങളുടെ വ്യത്യസ്ത ഭാഷ്യം ലോകമറിയുന്നത് ഫിസ്‌കിന്റെ റിപ്പോര്‍ട്ടുകളിലൂടെയായിരുന്നു.

കുവൈത്തില്‍ സദ്ദാം ഹുസൈന്‍ നടത്തിയ അധിനിവേശത്തെക്കുറിച്ചും, സിറിയയിലെ യുദ്ധത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടുകള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

അല്‍-ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദനുമായി മൂന്ന് തവണ ഫിസ്‌ക് അഭിമുഖം നടത്തിയിരുന്നു. അറബിക് ഭാഷയില്‍ പ്രാവീണ്യമുള്ള ചുരുക്കം ചില പാശ്ചാത്യ മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു ഫിസ്‌ക്.

അമേരിക്കയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയില്‍ ഫിസ്‌കിന് നേരിടേണ്ടി വന്ന വിവാദങ്ങളും ചെറുതല്ലായിരുന്നു. ലോകത്തെ നടുക്കിയ സെപ്തംബര്‍ 11ലെ ഭീകരാക്രമണത്തില്‍ എന്താണ് അക്രമികളെ ഇതിന് പ്രേരിപ്പിച്ചതെന്ന ചോദ്യമുയര്‍ത്തി ഫിസ്‌ക് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് വലിയ വിവാദങ്ങള്‍ക്കായിരുന്നു വഴിവെച്ചത്. ലെബനന്‍, മിഡില്‍ ഈസ്റ്റ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവ പശ്ചാത്തലമാക്കി പുസ്തകങ്ങളും അദ്ദേഹമെഴുതിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Robert Fisk, veteran British foreign correspondent, dies aged 74