തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഭാര്യ സെയ്ദ. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഭിഭാഷകന്‍ ടി. ഷാജിതിനെ കാണാനായി കോഴിക്കോട് എത്തിയപ്പോള്‍ ആയിരുന്നു സെയ്ദ മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും പ്രോസിക്യൂഷനില്‍ പൂര്‍ണ വിശ്വാസമുണ്ടെന്നും സെയ്ദ പറഞ്ഞു. ‘പ്രോസിക്യൂഷനില്‍ പൂര്‍ണ വിശ്വാസം ഉള്ളത് കൊണ്ടാണ് കര്‍ണാടകയില്‍ നിന്ന് വന്ന് അഡ്വ. ഷാജിതിനെ കണ്ടത്. ഹൈക്കോടതിയില്‍ കേസില്‍ ഹാജരാകുന്നത് ഷാജിത് തന്നെ ആയിരിക്കും,’ സെയ്ദ പറഞ്ഞു.
റിയാസ് മൗലവി വധക്കേസില്‍ പ്രോസിക്യൂഷനും പൊലീസിനും വീഴ്ച സംഭവിച്ചെന്ന് ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് പ്രോസിക്യൂഷനെ പിന്തുണച്ച് റിയാസ് മൗലവിയുടെ ഭാര്യ രംഗത്തെത്തിയ്.
തിങ്കളാഴ്ച തന്നെ കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്ന് സെയ്ദ പറഞ്ഞു. നിലവിലെ പ്രോസിക്യൂഷന്റെ തെളിവുകളും വാദങ്ങളും നിരത്തി തന്നെ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് അവര്‍ പറഞ്ഞത്. വിചാരണ കോടതി വെറുതെവിട്ട പ്രതികള്‍ക്ക് ഹൈക്കോടതിയില്‍ നിന്ന് ശിക്ഷ മേടിച്ച് കൊടുക്കാന്‍ പ്രോസിക്യൂഷന് സാധിക്കുമെന്ന് വിശ്വസിക്കുന്നതായും കുടുംബം പറഞ്ഞു.
കേസില്‍ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു.
അതിനിടെ, കേസില്‍ നാടക്കുന്നത് രാഷ്ട്രീയമാണെന്നും ആരോപണവിധേയനെ സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ ആക്കുകയാണെന്നും ആരോപിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി രംഗത്തെത്തി. പോക്‌സോ കേസ് പ്രതിയില്‍ നിന്ന് പണം വാങ്ങി ഇരയെ വഞ്ചിച്ചതടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന ആളെ പ്രോസിക്യൂട്ടർ ആക്കിയത് വഴി കേസ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഷാജി പറഞ്ഞു.
Content Highlight: Riyaz Maulvi murder case; judgment will be appealed to the High Court; Wife Saida