ചെറിയ പ്രായത്തില്‍ തന്നെ കല്യാണം കഴിച്ചതുകൊണ്ടാണ് താന്‍ ഹീറോ ആകാതിരുന്നതെന്ന് നടന്‍ റിയാസ് ഖാന്‍. ഹീറോ ആകണമെന്ന് ആഗ്രഹിച്ചാണ് സിനിമയിലെത്തിയതെന്നും എന്നാല്‍ തന്റെ ചില തീരുമാനങ്ങള്‍ തെറ്റിപ്പോയെന്നും റിയാസ് ഖാന്‍ പറഞ്ഞു. യു2 മീഡിയ ഹബ്ബിനോടായിരുന്നു റിയാസിന്റെ പ്രതികരണം.
‘ഹീറോ ആകണമെന്ന ആഗ്രഹത്തിലാണ് സിനിമയില്‍ വന്നത്. ആദ്യത്തെ രണ്ട് സിനിമകളില്‍ ഹീറോ ആയി അഭിനയിച്ചു. ജീവിതത്തില്‍ എടുത്ത ചില തെറ്റായ തീരുമാനങ്ങള്‍ മൂലമാവാം ഹീറോയാവാതെ പോയത്. ആ ചെറിയ പ്രായത്തില്‍ ഞാന്‍ കല്യാണം കഴിക്കാന്‍ പാടില്ലായിരുന്നു. കല്യാണത്തിന് ശേഷം എന്റെ വൈഫിനെ നോക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു. ഏത് റോള്‍ ചെയ്യണം, എങ്ങനെ പൈസ ഉണ്ടാക്കണം, എന്നെ വിശ്വസിച്ച് വന്ന ഒരു പെണ്‍കുട്ടിയെ ഞാനിനി എങ്ങനെ നോക്കണം എന്ന ചിന്തയായിരുന്നു. പൈസയൊന്നുമില്ലാതെ കുറെ നാള്‍ വീട്ടിലിരുന്നിട്ടുണ്ട്.
പിന്നെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടിയായി. എന്നെയും അവനേയും കണ്ടാല്‍ സഹോദരന്മാരാണോ എന്നാണ് ചോദിക്കുക. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി. 27 വയസിലോ 30 വയസിലോ കല്യാണം കഴിച്ചിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ ഹീറോ ആയിപ്പോയേനേ.
എന്നാല്‍ എനിക്ക് കുറ്റബോധമൊന്നുമില്ല. സന്തോഷത്തോടെയാണ് കല്യാണം കഴിച്ചത്. കല്യാണം കഴിഞ്ഞ് സിനിമയിലെത്തി ഹീറോ ആയവരും ഉണ്ടാകാം. എന്നാല്‍ അവര്‍ക്ക് ബാക്കപ്പ് ഉണ്ടായിരിക്കും. എനിക്ക് അതില്ലായിരുന്നു. കല്യാണത്തിന് ശേഷമാണ് ദുല്‍ഖര്‍ സിനിമയില്‍ വരുന്നത്. അതൊക്കെ സാഹചര്യങ്ങളെ അനുസരിച്ച് ഇരിക്കും.
അന്ന് കല്യാണം കഴിച്ചില്ലായിരുന്നില്ലെങ്കില്‍ ഇപ്പോഴത്തെ എന്റെ വൈഫിനെ ചിലപ്പോള്‍ കിട്ടില്ലായിരിക്കാം. എനിക്ക് ഉമ തന്നെയായിരുന്നു പ്രയോറിറ്റി. ഞാന്‍ വില്ലനായി വന്ന സിനിമകളെല്ലാം ഹിറ്റായി. വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് ഞാന്‍ ചോദിക്കുന്ന പൈസ കിട്ടുന്നുണ്ട്. വില്ലന്‍ കഥാപാത്രങ്ങളില്‍ എനിക്ക് മാര്‍ക്കറ്റ് ഉണ്ടായി. പാത മാറി. പിന്നെ അത് മാറ്റാന്‍ വലിയ പാടാണ്. എനിക്ക് കുഴപ്പമൊന്നുമില്ല. ഞാന്‍ ഹാപ്പിയാണ്,’ റിയാസ് ഖാന്‍ പറഞ്ഞു.
Content Highlight: riyaz khan talks about his career changes