അഭിമുഖത്തിനിടയില്‍ നടി രശ്മിക മന്ദാനയെ ട്രോളി റിഷഭ് ഷെട്ടി. രശ്മികയുടെ പേര് പറയാതെ അവരെ ഇഷ്ടമല്ല എന്നാണ് റിഷഭ് പറഞ്ഞത്. ഗള്‍ട്ടി ഡോട്ട്‌കോമിന് നല്‍കിയ അഭിമുഖത്തില്‍ രശ്മിക മന്ദാന, കീര്‍ത്തി സുരേഷ്, സായ് പല്ലവി, സാമന്ത എന്നിവരില്‍ ആര്‍ക്കൊപ്പമാണ് ഇനി അഭിനയിക്കാന്‍ താല്‍പര്യം എന്നാണ് അവതാരകന്‍ ചോദിച്ചത്.
‘സ്‌ക്രിപ്റ്റ് പൂര്‍ത്തിയായതിന് ശേഷമാണ് ആരാണ് അഭിനയിക്കുന്നത് എന്ന് ഞാന്‍ തീരുമാനിക്കുന്നത്. പുതുമുഖങ്ങള്‍ക്കാണ് എപ്പോഴും മുന്‍ഗണന കൊടുക്കാറുള്ളത്. കാരണം അവര്‍ക്ക് മുന്നില്‍ വേറെ തടസങ്ങളൊന്നും കാണില്ല. നിങ്ങള്‍ പറഞ്ഞതില്‍ ഈ ടൈപ്പ് നടിയെ ( കൈ കൊണ്ട് ഇന്‍വെര്‍ട്ടഡ് കോമ ആക്ഷന്‍ കാണിക്കുന്നു) എനിക്ക് ഇഷ്ടമല്ല. സായ് പല്ലവിയുടെയും സാമന്തയുടെയും അഭിനയം ഇഷ്ടമാണ്. നിലവില്‍ ഉള്ളതില്‍ മികച്ച നടിമാരാണ് അവര്‍,’ റിഷഭ് പറഞ്ഞു.
സാമന്തക്ക് മയോസൈറ്റിസ് സ്ഥിരീകരിച്ചതിനെ പറ്റിയും റിഷഭ് പ്രതികരിച്ചു. ‘അവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ദൈവാനുഗ്രഹത്താല്‍ ഏറ്റവും നല്ലത് സംഭവിക്കട്ടെ. പ്രേക്ഷകര്‍ അവരെ ഇഷ്ടപ്പെടുന്നുണ്ട്. അവര്‍ തിരിച്ചുവരട്ടെ,’ റിഷഭ് കൂട്ടിച്ചേര്‍ത്തു.
റിഷഭ് ഷെട്ടി സംവിധാനം ചെയ്ത കിറുക്ക് പാര്‍ട്ടിയിലൂടെയാണ് രശ്മിക അഭിനയജീവിതം ആരംഭിക്കുന്നത്. രാക്ഷിത് ഷെട്ടിയുടെ പരംവാഹന്‍ പ്രൊഡക്ഷന്‍ ഹൗസാണ് ചിത്രം നിര്‍മിച്ചത്. അടുത്തിടെ ചിത്രത്തെ പറ്റിയുള്ള രശ്മികയുടെ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു.
കേര്‍ലി ടെയ്ല്‍സിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയം തന്റെ ഫസ്റ്റ് ചോയ്‌സായിരുന്നില്ല എന്നാണ് രശ്മിക പറഞ്ഞത്. ‘പഠിക്കുന്ന സമയത്ത് ദേശീയ തലത്തില്‍ വരെ ഒരു മത്സരത്തിന് പോയി. അതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയില്‍ എന്റെ പേരും ഫോട്ടോയും വന്നു. പിന്നാലെ ഈ പ്രൊഡക്ഷന്‍ ഹൗസ്( കൈ കൊണ്ടുള്ള ആക്ഷന്‍ കാണിക്കുന്നു) എന്നെ സിനിമയിലേക്ക് വിളിച്ചു. അതൊരു പ്രാങ്ക് കോളാണെന്നാണ് ഞാന്‍ വിചാരിച്ചത്,’ രശ്മിക പറഞ്ഞു. രശ്മികയുടെ ആക്ഷന് അതേ നാണയത്തില്‍ തന്നെ റിഷഭ് മറുപടി നല്‍കിയെന്നാണ് കമന്റുകളില്‍ മുഴുവന്‍ കാണുന്നത്.
കാന്താരയാണ് ഒടുവില്‍ തിയേറ്ററുകളിലെത്തിയ റിഷഭ് ചിത്രം. താരം തന്നെ സംവിധാനം ചെയ്ത് അഭിനയിച്ച ചിത്രം ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. തൈക്കുടം ബ്രിഡ്ജിന്റെ നവരസം പാട്ട് കോപ്പിയടി വിവാദത്തിന്റെ പേരിലും കാന്താര വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കോടതി ഉത്തരവിനെ തുടര്‍ന്ന് കോപ്പിയടി ചൂണ്ടിക്കാട്ടപ്പെട്ട് പാട്ട് സിനിമയില്‍ നിന്നും നീക്കിയിരുന്നു.
Content Highlight: rishabh shetty trolls rashmika mandana in an interview